ആർദ്രമായ ഓർമ്മകൾക്ക് ചിങ്ങമെന്ന വാക്കിനോളം മൃദുത്വമുണ്ട്.
കർക്കിടക്കരിമേഘങ്ങൾതല്ലിപ്പെയ്തൊഴിഞ്ഞിട്ടും കലി തീരാതെ തിരിഞ്ഞു നോക്കി തിരിച്ചു വന്ന് ആർത്തലച്ച് പെയ്തൊഴിയുന്ന നാളുകൾ കഴിഞ്ഞു പോയി.
ചിങ്ങപ്പുലരി പ്രതീക്ഷയാണ്. കാർഷിക സംസ്കാര സമൃദ്ധിയുടെ തുടക്കം. പുതുമയുടെ തെളിച്ചമേകുന്ന പൊൻ വെളിച്ചം തൂകിയത് പരന്നൊഴുകുന്നു.
പെയ്യാത്ത മേഘങ്ങൾ താഴോട്ടു നോക്കാതെ വഴക്കവസാനിപ്പിച്ച് മുഖം കറുപ്പിച്ച് ചിതറിപ്പിരിയുമ്പോൾ ചാറ്റൽ മഴ വെയിൽ കംബളത്തെ ഭേദിച്ച് ഭൂമിയെ തൊടാൻ നോക്കും.
പൂത്തുമ്പിക്കൊപ്പം പൂങ്കാറ്റിൽ പൂക്കളും തുള്ളിയാടുന്നു.
ഓണച്ചൊല്ലുകളും , കളികളും ഓണപ്പാട്ടുകളുമിന്നെത്താത്ത നാടുണ്ടോ!
അയൽവക്കകളിയരങ്ങുകളൊഴിഞ്ഞ് മലയാളികൾ ആഗോള തലത്തിലാണിന്ന് ആഘോഷം കൊണ്ടാടുന്നത്.
ഓണക്കാലമണയുമ്പോൾ പ്രകൃതി മനോഹരിയായി സ്വയമൊരുങ്ങുന്നു.
കർക്കടക്കരിഞണ്ട് ഇറുക്കിയതിന്റെ വേദനയേറ്റ മുറിപ്പാടുകളെ മണ്ണും മറക്കും.
മറഞ്ഞിരുന്ന പൂക്കൾ പുറത്തേയ്ക്കെത്തി നോക്കും. ഓണമായതറിഞ്ഞില്ലേ എന്നു വിളിച്ചു പറയുന്ന പോലെ .
എവിടെയും സ്വർണ്ണവർണ്ണാങ്കിത ശോഭ . പാടത്തെ കതിരുകൾ മുതൽ എമ്പാടും പച്ചയും മഞ്ഞയും തമ്മിലൊരു ഏറ്റുമുട്ടൽ.
ആർക്കാണു ഭംഗി. ? രണ്ടാളും ചേർന്നു നിന്നാലെ സൗന്ദര്യമുള്ളു എന്ന് ചിങ്ങക്കാറ്റിലൂടെ ഭൂമിയമ്മയുടെ മറുപടി.
കരിപ്പച്ച നിറമുള്ള രണ്ടിലകൾക്കിടയിൽ പലവർണ്ണപ്പൂക്കൾ വിടർന്നു നിൽക്കും.
പല വേരുകൾ ഒരു ഭൂമിയിൽ നിന്നൂറ്റുന്ന ദുഗ്ധമെങ്ങനെ
ബഹുവർണ്ണമേകും നിരവദ്യ മലരുകളായി പകിട്ടേകി വാടിയിൽ
വിരിഞ്ഞു നിൽപ്പൂ ?
എന്ന സംശയം കവിതയായി. എന്റെ വരികളിലെ ചോദ്യം
പ്രകൃതിയോടുമാത്രമാണ്. ഉത്തരം കിട്ടിയില്ലിതേവരെ
ഓഫറുകളുടെ ഓണക്കാലനാളുകൾ പരസ്യങ്ങളായി മാധ്യമങ്ങളിൽ നിറയുമ്പോൾ ചുറ്റുപാടുമുള്ള സസ്യസമൃദ്ധിയും , പൂന്തിരക്കാലവും, ഓണനിലാവുമായി വഞ്ചിരൂപനായി മാനത്തമ്പിളി ഓടിയണയുന്നതുമൊക്കെ നോക്കിക്കണ്ട് പ്രകൃതിയാസ്വാദനത്തിന് അൽപ്പം സമയം നമ്മൾ കണ്ടത്തേണ്ടതുണ്ട്.
ഓർമയിലെ ഓണനന്മകൾ പറയുമ്പോൾ കേട്ടിരിക്കാനാളില്ലെങ്കിലും ആഘോഷങ്ങൾക്കൊരു കുറവും വരുത്താൻ പുതുതലമുറയും തയ്യാറല്ല.
ജോലിയിടങ്ങളിലും പഠനസ്ഥലങ്ങളിലും ഓണാഘോഷത്തിമിർപ്പ് ചിങ്ങമൊന്നിനു തന്നെ തുടങ്ങും. റീലുകളുടെ ലോകത്ത് നമ്മളും അതു കണ്ടാസ്വദിക്കും.
ഞങ്ങൾ ഗൾഫിൽ ആയിരുന്ന കാലത്ത് ചിങ്ങമാസം തുടങ്ങിയാൽ ഓരോ വാരാന്ത്യത്തിലും ഓരോ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഓണമാഘോഷിക്കുന്നത് അവസാനിപ്പിക്കുന്നത് ഏകദേശം വൃശ്ചിക മാസമാകുമ്പോഴാണ് .
എന്നാലും തിരുവോണത്തിന് ഗൃഹാതുരതയോടെ വീട്ടിൽ തന്നെ ഒത്തു ചേരും.
ഇപ്പോഴും മലയാളികൾ ഉള്ളിടത്തെല്ലാം ഓണാഘോഷം ചിങ്ങത്തിരഭേദിച്ചപ്പുറം കടക്കും.
ശ്രാവണനിലാവൊഴുകി പരക്കുന്ന ഓണത്തിന്റെ നന്മയും സമൃദ്ധിയും പായസഗന്ധം പോലെ അന്തരീക്ഷമാകെ കീഴടക്കാൻ പോകുന്ന നാളുകൾ വരവായി.
ഓണത്തപ്പനും ഓണപ്പൂക്കളവും ഓടിയണയുന്നു. നന്മ നിറഞ്ഞ മലയാള വർഷത്തെയും മാസത്തെയും ആഹ്ലാദത്തോടെയെതിരേൽക്കാം.
പ്രകൃതി അണിഞ്ഞൊരുങ്ങി. മിഥുനക്കാറ്റിലുലഞ്ഞ് കർക്കടകപ്പെയ്ത്തിൽ തളർന്ന ഭൂമിയെ ചിങ്ങ പൊൻ വെയിൽ തൊട്ടു തലോടുന്നു .
നന്മകളുടെ വസന്തങ്ങൾ വിടരട്ടെ.
“കാണം വിറ്റും ഓണം ഉണ്ണുന്ന” മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടെ ഓണക്കാല ആശംസകൾ .




ഓണാശംസകൾ🏵️🌹😊
എല്ലാ മലയാളികൾക്കും സമ്പൽ സമൃദ്ധിയുടെ ഓണാശംസകൾ….. ഓണ ഓർമ്മകളിലേക്ക് വായനക്കാരേ കൂട്ടി കൊണ്ടുപോയ റോമി ബെന്നിക്ക് അഭിനന്ദനങ്ങൾ❤️❤️❤️
ഓണനിലാക്കോടിയുടുത്തെത്തുന്ന ശ്രാവണപ്പുലരിയെ വരവേൽക്കാൻ
അക്ഷരപ്പൂക്കൾ കൊണ്ട് അർച്ചന നടത്തുന്ന
എഴുത്തുകാരിയ്ക്ക് ഭാവുകങ്ങൾ.❤️❤️
പൂവേപൊലി…..പൂവേ… നല്ലെഴുത്ത്..🥰
ഓണക്കാലം എത്തുമ്പോൾ സ്വയം അണിഞ്ഞൊരുങ്ങുന്ന പ്രകൃതിയേയും ഓഫറുകളാൽ നിറയുന്ന മാധ്യമങ്ങളേയും വളരെ മനോഹരമായി വർണ്ണിച്ചിരിക്കുന്ന റോമിക്കും കുടുംബത്തിനും ഓണത്തിൻ്റെ എല്ലാവിധ ആശംസകളും നേരുന്നു.