Thursday, August 6, 2026
Homeഅമേരിക്കനഴ്‌സുമാരുടെ പോരാട്ടം വിജയത്തിലേക്ക്; അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ജാസ്മിന്‍ ഷാ

നഴ്‌സുമാരുടെ പോരാട്ടം വിജയത്തിലേക്ക്; അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ജാസ്മിന്‍ ഷാ

ആഷാ മാത്യു

തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ 141 ദിവസമായി നടന്നുവന്ന നഴ്‌സുമാരുടെ സമരം ഒടുവില്‍ ഒത്തുതീര്‍പ്പിലെത്തി. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളില്‍ ധാരണയായതോടെയാണ് സമരം പിന്‍വലിച്ചത്. സമരവിജയത്തിന് പിന്നില്‍ കേരളത്തിന് പുറത്തുനിന്നും, പ്രത്യേകിച്ച് അമേരിക്കയിലെ മലയാളി സമൂഹത്തില്‍ നിന്നുമുണ്ടായ ശക്തമായ പിന്തുണ നിര്‍ണായകമായിരുന്നുവെന്ന് യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ പറഞ്ഞു. സമരം അവസാനിച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചത്.

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ നേതാവ് ഫിലിപ്പോസ് ഫിലിപ്പ് ഉള്‍പ്പെടെ നിരവധി പ്രവാസി മലയാളികളും വിവിധ സംഘടനകളും സമരത്തിന് ശക്തമായ പിന്തുണ നല്‍കിയതായി ജാസ്മിന്‍ ഷാ പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ ഈ ഐക്യദാര്‍ഢ്യം സമരത്തിലുണ്ടായിരുന്ന നഴ്‌സുമാര്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേകിച്ച് പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സിംഗ് അസോസിയേഷന്റെ (PIANO) സ്ഥാപക പ്രസിഡന്റായ ബ്രിജിറ്റ് വിന്‍സെന്റ് നല്‍കിയ നിസ്വാര്‍ഥ പിന്തുണ അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു. ‘സമരത്തിന്റെ ഓരോ നിര്‍ണായക ഘട്ടത്തിലും ഞങ്ങളോടൊപ്പം ഉറച്ചുനിന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്,’ എന്ന് ജാസ്മിന്‍ ഷാ പറഞ്ഞു.

തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള ആശുപത്രി മാനേജ്മെന്റും തൃശ്ശൂര്‍ എ.സി.പി രാജേഷും യുഎന്‍എ പ്രതിനിധികളും പങ്കെടുത്ത ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ യാതൊരു പ്രതികാര നടപടിയും സ്വീകരിക്കില്ലെന്ന് മാനേജ്മെന്റ് ധാരണാപത്രത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ നഴ്‌സുമാരെയും ഈ മാസം 30-നകം ഘട്ടംഘട്ടമായി അവര്‍ മുമ്പ് ജോലി ചെയ്തിരുന്ന സമാന വിഭാഗങ്ങളിലേക്ക് തിരിച്ചെടുക്കും. ശമ്പളവര്‍ധനവ് ഉള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങളില്‍ തൊഴില്‍വകുപ്പിന്റെ മധ്യസ്ഥതയില്‍ മാനേജ്മെന്റും യൂണിയനും തമ്മില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തി പരിഹാരത്തിലെത്താനും ഇരുകക്ഷികളും ധാരണയായി.

സമരകാലത്ത് തൃശ്ശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിലപാടും അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചതും വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അമേരിക്കയിലെ മലയാളികളില്‍ വലിയൊരു വിഭാഗം നഴ്‌സുമാരാണെന്നും അവരുടെ അധ്വാനവും സംഭാവനകളും അമേരിക്കയിലെ നിരവധി ദേവാലയങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രവാസി മലയാളികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ബിഷപ്പിന്റെ സമീപനത്തില്‍ മാറ്റം ഉണ്ടായതായി തനിക്ക് അനുഭവപ്പെട്ടുവെന്ന് ജാസ്മിന്‍ ഷാ പറഞ്ഞു. ‘ഒരുപക്ഷേ അമേരിക്കയില്‍ മലയാളി നഴ്സുമാരുടെ പങ്കാളിത്തം കൊണ്ടുകൂടി പണിതുയര്‍ത്തിയ ദേവാലയങ്ങളും സഭയ്ക്കായി അവര്‍ നല്‍കുന്ന വിലമതിക്കാനാകാത്ത സംഭാവനകളും നേരില്‍ കണ്ടത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തിയിരിക്കാം എന്നാണെന്റെ വ്യക്തിപരമായ തോന്നല്‍,’ എന്നും ജാസ്മിന്‍ ഷാ പ്രതികരിച്ചു.

കേരളത്തിലും വിദേശത്തുമുള്ള നഴ്‌സുമാരുടെ ഐക്യവും പ്രവാസി മലയാളികളുടെ പിന്തുണയും ഈ സമരവിജയത്തിന് വലിയ കരുത്തായിരുന്നുവെന്ന് ജാസ്മിന്‍ ഷാ വിലയിരുത്തി. ‘ഇത് ശമ്പളവര്‍ധനവിനുവേണ്ടി മാത്രമുള്ള സമരമായിരുന്നില്ല. നഴ്‌സിംഗ് സമൂഹത്തിന്റെ ആത്മാഭിമാനത്തിനും തൊഴില്‍മാന്യതയ്ക്കും വേണ്ടിയുള്ള കൂട്ടായ പോരാട്ടമായിരുന്നു,’ എന്നും ജാസ്മിന്‍ ഷാ പറഞ്ഞു. സമരത്തിന്റെ വിജയത്തില്‍ പങ്കാളികളായ എല്ലാ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അദ്ദേഹം ഒരിക്കല്‍ക്കൂടി നന്ദി രേഖപ്പെടുത്തി.

വാർത്ത: ആഷാ മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ