ഷാർജ : തെന്നിന്ത്യൻ സംഗീതലോകത്തിന്റെ വാനമ്പാടിയും ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ ഇതിഹാസഗായികയുമായ എസ് ജാനകി അമ്മയുടെ വിയോഗം സംഗീതാസ്വാദകർക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ അനുശോചന യോഗത്തിൽ രേഖപ്പെടുത്തി.
1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകിയമ്മ, എട്ട് പതിറ്റാണ്ടോളം നീണ്ട സംഗീതയാത്രയിലൂടെ കോടിക്കണക്കിന് ജന ഹൃദയങ്ങളെ കീഴടക്കി. ഇന്ന് 88 വയസ്സിൽ മൈസൂരുവിൽ അവർ വിടപറഞ്ഞപ്പോൾ ഇന്ത്യൻ സംഗീതചരിത്രത്തിലെ ഒരു യുഗത്തിന്റെ അസ്തമയമാണ് സംഭവിച്ചിരിക്കുന്നത് എന്ന് അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. വികാരത്തിന്റെ എല്ലാ തലങ്ങളും ശബ്ദത്തിലൂടെ അതുല്യമായി പകർന്നുനൽകാൻ കഴിഞ്ഞ അപൂർവ ഗായികയായിരുന്നു ജാനകിയമ്മ. അതുകൊണ്ടുതന്നെ അവർ “തെന്നിന്ത്യയുടെ വാനമ്പാടി” എന്ന വിശേഷണത്തിന് അർഹയായി. മലയാളികൾക്ക് ജാനകിയമ്മ ഒരു ഗായിക മാത്രമായിരുന്നില്ല തലമുറകളെ പ്രണയിപ്പിക്കുകയും കരയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത ഒരു ആത്മസാന്നിധ്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ബഹുമതികൾ ജാനകിയമ്മയെ തേടി എത്തിയിട്ടുണ്ട്. എന്നാൽ എല്ലാ പുരസ്കാരങ്ങളെക്കാളും വലുതായിരുന്നു ജനഹൃദയങ്ങളിൽ അവർ നേടിയ സ്ഥാനം. ഇന്ന് ആ കുയിൽ നാദം നിലച്ചിരിക്കുന്നു. എന്നാൽ എക്കാലത്തും ഓരോ സംഗീതാസ്വാദകൻ്റേയും മനസ്സിൽ ആ നാദം നിറഞ്ഞുനിൽക്കുകയും, അമ്മ പാടി വച്ച അനശ്വര ഗാനങ്ങൾ ഹൃദയത്തിൽ അലയടിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും എന്നും പറഞ്ഞു കൊണ്ട് അമ്മയുടെ വിയോഗത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ അന്ത്യാഞ്ജലികൾ അർപ്പിച്ചു.
രവി കൊമ്മേരി, റിപ്പോർട്ടർ,
മലയാളി മനസ്സ് USA ന്യൂസ്, യുഎഇ.



