Friday, May 15, 2026
Homeഅമേരിക്കശുഭചിന്ത - (137) - പ്രകാശഗോപുരങ്ങൾ - (113) ഏകാഗ്രതയുടെ പ്രാധാന്യം ✍ പി. എം.എൻ.നമ്പൂതിരി.

ശുഭചിന്ത – (137) – പ്രകാശഗോപുരങ്ങൾ – (113) ഏകാഗ്രതയുടെ പ്രാധാന്യം ✍ പി. എം.എൻ.നമ്പൂതിരി.

(ദൃഢതയും സത്യവുമുള്ള മനസ്സ് മനുഷ്യനെ ബഹുദൂരം മുന്നോട്ടു കൊണ്ടു പോകുന്നു.- അജ്ഞാതനാമാവ്)

അരോ ഒരാൾ ഒരിക്കൻ ലോയ്ഡ് ജോർജിനോട് ചോദിച്ചു: “എന്താണ് താങ്കളുടെ മഹത്ത്വത്തിൻ്റെ രഹസ്യം എന്ന് “അതിന് ലോയഡ് കൊടുത്ത മുപടി: “ഞാൻ മുടി ചീകുമ്പോൾ മുടി ചീകുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്നു” എന്നായിരുന്നു.

ഈ വിധത്തിലുള്ള തീക്ഷ്ണത വിജയത്തിനു വളരെ അത്യാവശ്യമാണ്. ഏകാഗ്രതയ്ക്കുള്ള കഴിവ് അടുക്കും ചിട്ടയുമുള്ള ഒരു മനസ്സിൻ്റെ മുദ്രയാണ്. പൊതുവേ കാണപ്പെടുന്ന ഞെട്ടിക്കുന്നതരത്തിലുള്ള ഏകാഗ്രതയില്ലായ്മയാണ് ഇന്ത്യൻ ഭരണകൂടത്തെ അലട്ടുന്ന പ്രധാന പ്രശ്നം. ഇങ്ങനെയുള്ള “പുൽച്ചാടി മനസ്സ്” കഴിവില്ലായ്മയ്ക്കും സമയനഷ്ടത്തിനും കാരണമാകുന്നു.

ഇന്ത്യയിൽ കണ്ടുവരുന്ന ഒരു പ്രധാന കീഴ്വഴക്കം ഉയർന്ന പല ഉദ്യോഗസ്ഥരും ഓഫീസിലെ സഹപ്രവർത്തകരുടെയും കീഴ്ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽതന്നെ സന്ദർശകരുമായി ചർച്ചകൾ നടത്തുന്ന രീതിയുണ്ട്. സന്ദർശകരുടെ പദവിയോ, ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിൻ്റെ ഗൗരമോ, രഹസ്യ സ്വഭാവമോ പരിഗണിക്കാതെ ഈ ഉദ്യോഗസ്ഥരുടെ മുറിയിൽ നിരന്തരമായ ആൾപ്പെരുമാറ്റം ഉണ്ടാകുന്നു. മന്ത്രിമാരും തത്തുല്യമായ പദവിയിലുള്ളവരും അധിപ്രധാനമായ ചർച്ച നടത്തുമ്പോഴും അകമ്പടിക്കാരാലും ആശ്രിതരാലും പരിസേവിതരായി അവിടെ ഉണ്ടാകുന്നു.

ജനങ്ങളോട് കൂട്ടായും പരസ്യമായും സംസാരിക്കുന്നതിന് ഇന്ത്യയിലെ ഭരണാധികാരികൾക്ക് സഹജമായിത്തനെ ഒരു വാസന ഉണ്ടെന്നു തോന്നുന്നു. പ്രജകൾക്ക് ദർശനം നൽകുകയും ദർബാറുകൾ നടത്തുകയും ചെയ്തിരുന്ന പഴയ പതിവിൻ്റെ സ്വാധീനഫലമാകാം ഇത്.

പരസ്യയോഗങ്ങളുടെ ഉത്പത്തികൊണ്ട് എങ്ങനെയായാലും ഒരു കാര്യം വ്യക്തമാണ്; അവകൊണ്ട് ഫലം ലഭിക്കില്ലെന്നു മാത്രമല്ല അത് സമയനഷ്ടം ഉണ്ടാക്കുന്നതും ബന്ധപ്പെട്ട ആളുകൾക്ക് അപമാനകരവുമായ ഒരു കാര്യവുമാണ്. അപരിചിതരുടെ സാന്നിദ്ധ്യം കൂടാതെ സ്വകാര്യമായി ഉദ്യോഗസ്ഥരോട് സംസാരിക്കുവാൻ ഔദ്യോഗിക സന്ദർശകർക്ക് അവസരം നൽകാനാവാത്തപ്പോൾ സന്ദർശകരെ സ്വീകരിക്കാതിരിക്കുന്നതാണ് ഉത്തമം.സർക്കാർ ഓഫീസിലായാലും സ്വകാര്യസ്ഥാപനങ്ങളിലായാലും, സ്വകാര്യത മറ്റു ജോലിക്കാരാലോ പുറത്തുനിന്നുള്ളവരാലോ നിരന്തരമായി ലംഘിക്കപ്പെടരുത്. കഴിവുള്ള സെക്രട്ടറിമാരുടെ സഹായത്താൽ സന്ദർശകരെ നിയന്ത്രിക്കാൻ എളുപ്പത്തിൽ സാധിക്കണം. ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെ മുറി ഒരു പൊതുമുറിയായി മാറാനുള്ള കാരണം ശരിയായ( സന്ദർശക) ക്രമീകരണത്തിൻ്റെ അഭാവം മാത്രമാണ്.

മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും കുറച്ചൊക്കെ ശ്രദ്ധയോടെ തന്നെ ഒരേ സമയം പലരോടും സംസാരിക്കുവാൻ സാധിക്കുമായിരിക്കും. എന്നാൽ ഇത്തരമൊരു അഭ്യാസം ഉദ്യോഗസ്ഥർക്ക് കഴിവിനതീതമാണ്. ചില ചെറുകിട സ്ഥാപനങ്ങളിൽ പ്രധാന ഉദ്യോഗസ്ഥൻ്റെ മുറി അയാളുടെ ജോലിക്കാരും അല്ലാത്തവരുമായ സുഹൃത്തുക്കൾ കൈയടക്കി ഒരു ക്ലാസ്സ്മുറിപോലെ ആക്കിത്തീർക്കുന്നത് കാണാറുണ്ട്. ഇത്തരമൊരു അന്തരീക്ഷത്തിൽ ഗൗരവമായ ജോലികൾ എത്രമാത്രം അവിടെ നടക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

അതിപ്രധാന സമ്മേളനങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ ചിലപ്പോൾ ബന്ധുമിത്രാദികൾ, ഒട്ടുംതന്നെ അടിയന്തരമല്ലാത്ത കാര്യങ്ങൾ സംസാരിക്കാനായി ടെലിഫോണിൽ വിളിക്കാറുണ്ട്. എന്നാൽ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഇതിനപവാദമാണ്. അത്തരം കാര്യങ്ങളോട് നമ്മൾ മനുഷികമായ സമീപനംതന്നെ കൈക്കൊള്ളണം. ഉത്തരവാദിത്വമുള്ള സ്ഥാനങ്ങൾ വഹിക്കുന്ന ഉദ്യോഗസ്ഥർ പ്രവർത്തി സമയങ്ങളിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്ദർശനവും ഫോൺ വിളികളും നിരുത്സാഹപ്പെടുത്തണം. തന്നെയുമല്ല ഫോൺ വിളികൾ പലപ്പോഴും ചില വിഷമതകൾക്കും കാരണമായിത്തീരാറുണ്ട്.

ഒരിക്കൽ ഒരു സ്വകാര്യസ്ഥാപനത്തിലെ മാനേജർ ഫോൺബെല്ലടിച്ചപ്പോൾ തന്നെ അസിസ്റ്റൻ്റിനോട് ഫോൺ എടുക്കാൻ ആവശ്യപെട്ടു. ഫോൺ എടുത്ത ഉടനെതന്നെ അയാൾ റിസീവർ മാനേജർക്കു കൊടുത്തുകൊണ്ടു പറഞ്ഞു: ” ക്ഷമിക്കണം സർ, ഇത് സാറിൻ്റെ ഭാര്യയാണ്. അതെങ്ങനെ മനസ്സിലായി എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു “ഞാൻ ഹലോ എന്ന് പറഞ്ഞ ഉടനെ അങ്ങേ തലയ്ക്കൽനിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു “അത് നീ തന്നെയാണോ മന്താ? എന്ന് ചോദിച്ചു.

അതുകൊണ്ട് ഒരുകാര്യം ശ്രദ്ധിക്കുക. ജീവിതവിജയത്തിനും കാര്യക്ഷമതയ്ക്കും ഏറ്റവും അത്യാവശ്യമായ ഘടകമാണ് ഏകാഗ്രത. പഠനത്തിലും ജോലിയിലും വേഗത്തിലും കൃത്യതയോടെയും കാര്യങ്ങൾ ചെയ്തു തീർക്കുവാൻ ഏകാഗ്രത സഹായിക്കുന്നു. ഓർമ്മശക്തി വർദ്ധിപ്പിക്കാനും, മനസ്സിനെ ശാന്തമാക്കാനും, ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉന്നത വിജയം കൈവരിക്കാൻ ഏകാഗ്രത അത്യന്താപേക്ഷിതമാണ്.

ചുരുക്കം പറയുകയാണെങ്കിൽ, പഠനം, ജോലി, യോഗ, ധ്യാനം തുടങ്ങി എല്ലാ മേഖലകളിലും ഉന്നതനിലയിൽ എത്തുന്നതിന് ഏകാഗ്രത അവിഭാജ്യമാണ്.

പി. എം.എൻ.നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com