നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്‍ക്കത്തയില്‍ അർദ്ധരാത്രിയിലും നാടകീയ രംഗങ്ങള്‍ തുടരുന്നു. ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് ബംഗാളില്‍ പുതിയ വിവാദമുയർന്നത്. ടിഎംസി പ്രവർത്തകർ ഭവാനിപുർ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ സംഘടിച്ചതോടെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നു.
സൗത്ത് കൊല്‍ക്കത്തയിലെ സഖാവത്ത് മെമ്മോറിയല്‍ സ്കൂളിലെ സ്ട്രോങ് റൂമിലാണ് മമത എത്തിയത്. സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ മാറ്റാൻ ബിജെപി പദ്ധതിയിടുന്നതായി മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു. സ്ട്രോങ് റൂമുകള്‍ക്ക് കാവലിരിക്കാൻ പ്രവർത്തകർക്ക് നിർദേശം നല്കിയ മമത, ആവശ്യമെങ്കില്‍ താൻ നേരിട്ട് കാവലിരിക്കുമെന്നും വോട്ടെണ്ണല്‍ ഹാളിലേക്ക് നേരിട്ട് പോകുമെന്നും വ്യക്തമാക്കി.
അതിനിടെ മമത ബാനർജിയുടെ മണ്ഡലത്തില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ വാഹനം തടഞ്ഞ് ബിജെപി പ്രതിഷേധം. മമത ബാനർജി വാഹനത്തില്‍ എന്തോ കടത്തുന്നു എന്നും, പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി വണ്ടി തടഞ്ഞത്. ഭവനിപ്പൂരിലെ കൗണ്ടിംഗ് സെന്ററില്‍ മമത എത്തി എന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ മണ്ഡലത്തില്‍ ബിജെപി വലിയ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മമത എന്തും ചെയ്യാൻ മടിക്കില്ലെന്നും, വോട്ടെണ്ണല്‍ വരെ എല്ലാ സ്ട്രോങ്ങ് റൂമുകള്‍ക്കും കാവല്‍ നില്‍ക്കാൻബിജെപി നേതാക്കള്‍ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
പോസ്റ്റല്‍ ബാലറ്റുകള്‍ വേർതിരിക്കുന്ന നടപടിയാണ് കൊല്‍ക്കത്തയിലെ സ്ട്രോംഗ് റൂമില്‍ നടന്നതെന്നും ഇത് എല്ലാവരെയും നേരത്തെ അറിയിച്ചതാണ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൊല്‍ക്കത്തയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അർദ്ധരാത്രി വാർത്താ സമ്മേളനം വിളിച്ചാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഇവിഎം സൂക്ഷിച്ച സ്ട്രോംഗ് റൂമുകള്‍ ഒന്നും തുറന്നിട്ടില്ല. മമത ബാനർജി കൊല്‍ക്കത്ത നോർത്തിലെ 7 മണ്ഡലങ്ങളിലെ ഇവിഎം സൂക്ഷിച്ച സ്ഥലത്ത് പോകാൻ പാടില്ല. അവർ അവിടെ സ്ഥാനാർഥി അല്ല. ആര് ചട്ടം ലംഘിച്ചാലും കടുത്ത നടപടി ഉണ്ടാകും എന്നും ബംഗാള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ അഗർവാള്‍ വ്യക്തമാക്കി.



