വികാര വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുന്ന ഒരുതരം ഭാഷയാണ് നൃത്തം. മുദ്രകളിലൂടെ അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ, മുഖാഭിനയത്തിലൂടെ ആളുകളിലേക്ക് ആസ്വാദന കലകളെയെത്തിക്കുന്ന ഒരുതരം വികാര ഭാഷ. അതുകൊണ്ട് തന്നെയാവണം നൃത്തം സാര്‍വദേശീയമായി ആസ്വദിക്കപ്പെടുന്നതും.
ദേശ-വര്‍ണ്ണ-സംസ്കാരത്തിനുപരിയായി മനുഷ്യ മനസില്‍ സാഹോദര്യത്തിന്‍റേയും സമാധാനത്തിന്‍റെയും തിരി തെളിക്കാന്‍ അതിര്‍വരമ്പുകളില്ലാത്ത അംഗഭാഷയായ നൃത്തത്തിനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന വിശ്വാസമാണ് അന്താരാഷ്ട്ര നൃത്ത ദിനത്തിന് പിന്നിൽ. നൃത്തത്തിലെ എക്കാലത്തെയും മികച്ച പരിഷ്കര്‍ത്താവായ ജിന്‍ ജോര്‍ജ് നോവറിന്‍റെ ജന്മദിനമാണ് ഏപ്രില്‍ 29. അത് കൊണ്ട് തന്നെയാണ് ഈ ദിനത്തിൽ ലോക നൃത്ത ദിനം ആഘോഷിക്കുന്നതും.



