തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിൽ ബി.ജെ.പിയുടെ സീൽ പതിച്ചത് ദേശീയ തലത്തിൽ വിവാദമായതോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്ക് കൂട്ടത്തോടെ നോട്ടീസ് അയച്ച് കേരള പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശപ്രകാരമാണെന്ന് നടപടിയെന്നാണ് പൊലീസ് പറയുന്നത്.
ഔദ്യോഗിക വിശദീകരണം വന്നിട്ടും തുടരുന്ന ഇത്തരം പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നാണ് കമ്മീഷന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനെക്കൊണ്ട് നോട്ടീസ് അയപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.
പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പോടെയാണ് നോട്ടീസ്. 270 എക്സ് (ട്വിറ്റർ) ഹാൻഡിലുകൾക്കും 200 ഫെയ്സ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും പൊലീസ് നോട്ടീസ് നൽകി.
തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്തു, യുപിയിലെ മാധ്യമപ്രവർത്തകൻ പീയുഷ് റായ് എന്നിവർക്കും സമാനമായ നോട്ടീസ് ലഭിച്ചിരുന്നു. പൊലീസിന്റെ നോട്ടീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മഹുവാ മൊയ്ത നടപടിയെ രൂക്ഷമായി പരിഹസിച്ചു. തൻ്റെ പോസ്റ്റ് സാമുദായിക ഐക്യം തകർക്കുമെന്ന നോട്ടീസിലെ പരാമർശത്തെയാണ് അവർ പ്രധാനമായും വിമർശിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് കമ്മീഷൻ നൽകിയ കത്തിൽ ബി.ജെ.പിയുടെ സീൽ വന്നത് വൻ വിവാദത്തിനിടയാക്കിയിരുന്നു.സംഭവത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കമീഷൻ. അഡീഷനൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും സ്പെഷൽ സെക്രട്ടറിയുമായ പി.ബി. നൂഹിനാണ് അന്വേഷ ചുമതല.
വീഴ്ചയുണ്ടെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ കമീഷന് ഒന്നും ഒളിക്കാനില്ല. സംഭവം ഗുരുതര വീഴ്ചയായാണ് കമീഷൻ കാണുന്നത്. പിഴവ് കണ്ട ഉടൻതന്നെ തിരുത്തി പരിഷ്കരിച്ച സർക്കുലർ എല്ലാവർക്കും ലഭ്യമാക്കി. ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്. റിപ്പോർട്ട് ലഭിച്ചാലുടൻ കൂടുതൽ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ളവർ മത്സരിക്കുന്നതിനുള്ള മാർഗനിർദേശം ആവശ്യപ്പെട്ട് ബി.ജെ.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നൽകിയിരുന്നു. ഇതിനൊപ്പം തെരഞ്ഞെടുപ്പ് കമീഷന്റെ 2019ലെ കത്തിന്റെ പകർപ്പും അവർ വെച്ചിരുന്നു. ഇതിൽ ബി.ജെ.പി സീൽ പതിപ്പിച്ചിരുന്നു. ഇതാണ് കമീഷന്റെ പുതിയ അറിയിപ്പിന് പകരം തെറ്റായി രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചത്. കത്ത് സി.പി.എം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തോടെയാണ് വിവാദമായത്. തുടർന്നാണ് സെക്രട്ടേറിയേറ്റിൽനിന്ന് ഡപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
ക്രിമിനൽ പശ്ചാത്തലമുള്ളവർ മത്സരിക്കുന്നതിനുള്ള മാർഗനിർദേശം ആവശ്യപ്പെട്ട് ബി.ജെ.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നൽകിയിരുന്നു. ഇതിനൊപ്പം തെരഞ്ഞെടുപ്പ് കമീഷന്റെ 2019ലെ കത്തിന്റെ പകർപ്പും അവർ വെച്ചിരുന്നു. ഇതിൽ ബി.ജെ.പി സീൽ പതിപ്പിച്ചിരുന്നു. ഇതാണ് കമീഷന്റെ പുതിയ അറിയിപ്പിന് പകരം തെറ്റായി രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചത്. കത്ത് സി.പി.എം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. തുടർന്നാണ് സെക്രട്ടേറിയേറ്റിൽനിന്ന് ഡപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.



