തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സംസ്ഥാനത്ത് ഇത്തവണ ജനവിധി തേടുന്നത് 985 സ്ഥാനാര്‍ഥികളാണ്. 269 സ്ഥാനാര്‍ഥികളുടെ പത്രികകളാണ് തള്ളിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇക്കുറി ആകെ ലഭിച്ചത് 2,125 നാമനിര്‍ദേശ പത്രികകളായിരുന്നു. അതില്‍ 1,757 പത്രികകള്‍ സ്വീകരിക്കുകയും 357 പത്രികകള്‍ തള്ളുകയും ഇതുവരെ 11 എണ്ണം പിന്‍വലിക്കുകയും ചെയ്തു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ നാളെ വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലം കോഴിക്കോട് കൊടുവള്ളിയാണ്. ഇവിടെ 17 സ്ഥാനാര്‍ഥികളാണ് നിലവില്‍ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലമാണ് തൊട്ടുപിന്നില്‍. ഇവിടെ 16 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങള്‍ തൃശൂര്‍ നാട്ടികയും വയനാട് മാനന്തവാടിയുമാണ്. മൂന്ന് സ്ഥാനാര്‍ഥികളാണ് ഈ രണ്ട് മണ്ഡലങ്ങളിലും മല്‍സരിക്കുന്നത്.
തിരുവനന്തപുരത്ത് 115 സ്ഥാനാര്‍ഥികള്‍, കൊല്ലത്ത് 68, പത്തനംതിട്ടയില്‍ 25, ആലപ്പുഴയില്‍ 53, കോട്ടയത്ത് 62, ഇടുക്കിയില്‍ 32, എറണാകുളത്ത് 93, തൃശൂരില്‍ 83, പാലക്കാട് 83, മലപ്പുറത്ത് 112, കോഴിക്കോട് 112, വയനാട് 22, കണ്ണൂരില്‍ 88, കാസര്‍കോട് 37 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള സ്ഥാനാര്‍ഥികളുടെ കണക്കുകള്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 957 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികളാണ് ഇത്തവണ അധികം മല്‍സരിക്കുന്നത്.



