🔹നഴ്സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് ഹൈക്കോടതി മീഡിയേഷന് സെന്ററില്‍ അഡ്വ. പി.എം. മുഹമ്മദ് ഷിറാസിന്റെ മധ്യസ്ഥയില്‍ നടന്ന ചർച്ചയിലും തീരുമാനമായില്ല. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യത്തില്‍ നഴ്സുമാരുടെ സംഘടനാപ്രതിനിധികള്‍ ഉറച്ചുനിന്നു.അതേസമയം, മിനിമം വേതനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുംവരെ കാത്തിരിക്കണമെന്നതടക്കം ആവശ്യങ്ങളാണ് ആശുപത്രി മാനേജ്മെന്റുകള്‍ ഉന്നയിച്ചത്.
ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്കു തയാറാകാതെവന്നതോടെ സംഘടനാതലത്തില്‍ തീരുമാനമെടുത്ത് നിലപാട് അറിയിക്കാന്‍ മീഡിയേറ്റര്‍ കക്ഷികള്‍ക്കു നിര്‍ദേശം നല്കി.ചര്‍ച്ച തിങ്കളാഴ്ച വീണ്ടും തുടരാന്‍ തീരുമാനിച്ചാണ് ഇന്നലെ ചര്‍ച്ച അവസാനിപ്പിച്ചത്.
🔹രാജ്യത്ത് പാചകവാതക (എൽപിജി) പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങളുടെ ഭക്ഷണശീലങ്ങളിൽ വൻ മാറ്റം. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് വിഭവങ്ങൾക്കും ഫ്രോസൺ ലഘുഭക്ഷണങ്ങൾക്കും വിപണിയിൽ ആവശ്യക്കാരേറി.കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയിൽ 20 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. ഇൻസ്റ്റന്റ് നൂഡിൽസ്, ബിരിയാണി കിറ്റുകൾ, തായ് കറി പേസ്റ്റുകൾ എന്നിവ ചില്ലറ വിൽപനശാലകളിൽനിന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും വൻതോതിൽ വിറ്റഴിയുന്നു.
പാചകവാതകം ഗാർഹിക വിതരണത്തിനു മുൻഗണന നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും സിലിണ്ടറുകൾ ലഭിക്കാൻ നേരിടുന്ന കാലതാമസം വീട്ടമ്മമാരെ ഇൻസ്റ്റന്റ് ഭക്ഷണങ്ങളിലേക്കു തിരിയാൻ പ്രേരിപ്പിക്കുന്നു.
ഇൻസ്റ്റന്റ് ഭക്ഷണവിഭാഗത്തിൽ മാത്രം 10 മുതൽ 12 ശതമാനം വരെ വളർച്ചയുണ്ടായതായി പ്രമുഖ റീട്ടെയിൽ വ്യാപാരികൾ വ്യക്തമാക്കുന്നു. ജോലി ചെയ്യുന്ന പ്രഫഷണലുകൾക്കിടയിൽ പ്രോട്ടീൻ ഓട്സ്, മില്ലറ്റ് മ്യൂസ്ലി തുടങ്ങിയ പോഷകാഹാരങ്ങൾക്കും സ്വീകാര്യത വർധിച്ചു.
പാചകവാതകത്തിനു പകരമായി ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ, ഇലക്ട്രിക് കുക്കറുകൾ എന്നിവ വാങ്ങുന്നവരുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടമുണ്ട്. ഇൻഡക്ഷൻ അടുപ്പുകളുടെ ദൈനംദിന വിൽപന മൂന്നിരട്ടിയായാണ് വർധിച്ചത്. പല പ്രമുഖ ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഇത്തരം ഉപകരണങ്ങളുടെ സ്റ്റോക്ക് തീർന്ന അവസ്ഥയാണ്.
പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്കിടയിൽ റെഡി-ടു-ഈറ്റ് സംസ്കാരം കൂടുതൽ വ്യാപകമാകുമെന്നും ഇതു വിപണിയിൽ ദീർഘകാല മാറ്റങ്ങൾക്കു വഴിവയ്ക്കുമെന്നും ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.
🔹പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം.കാസർകോട് മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷാ ക്രമക്കേട് നടന്നത്.
പ്ലസ് ടു വിദ്യാർത്ഥിക്ക് പകരം 20വയസ്സുകാര
നായ മുഹമ്മദ് മുക്താറാണ് പരീക്ഷ എഴുതാൻ എത്തിയത്.പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം പിടിക്കപ്പെട്ടത്. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ മുഹമ്മദ് മുക്താർ, യഥാർത്ഥ വിദ്യാർത്ഥി എന്നിവർക്കെതിരെ പോലീസ് നിയമനടപടികൾ ആരംഭിച്ചു. ഇതേ സ്കൂളിൽ തന്നെ എസ്എസ്എൽസി പരീക്ഷയ്ക്കിടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധ്യാപികയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ ഫോൺ കണ്ടെത്തിയത്. പരീക്ഷാ ഹാളുകളിൽ കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
🔹തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീടുകളില്‍ വോട്ട് ചെയ്യാന്‍ (ഹോം വോട്ടിംഗ്) സൗകര്യം.85 വയസോ അതില്‍ കൂടുതലോ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്ക്കും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവര്‍ക്കുമാണ് ഈ സേവനം ലഭ്യമാവുക. ഇതിനു പുറമെ, ജോലി കാരണം പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിയാത്ത അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ട്. അവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവര്‍ വരണാധികാരി നിശ്ചയിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററില്‍ (പിവിസി) എത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
ഹോം വോട്ടിംഗിനും പോസ്റ്റല്‍ വോട്ടിംഗിനുമുള്ള അപേക്ഷകള്‍ ഫോറം 12ഡി-യില്‍ 21നകം ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. അപേക്ഷയുടെ മാതൃക ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (https://kozhikode.nic.in/en/postal-ballot-form-12d/) ലഭ്യമാണ്.
ഹോം വോട്ടിംഗിനുള്ള അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖാന്തരം നല്‍കാം. നിലവില്‍ വോട്ടര്‍ പട്ടികയില്‍ മുതിര്‍ന്നവര്‍ അഥവാ ഭിന്നശേഷിക്കാര്‍ എന്ന് രേഖപ്പെടുത്തിയവര്‍ക്കാണ് ഹോം വോട്ടിംഗ് സൗകര്യം ലഭിക്കുക.അര്‍ഹരായ ഭിന്നശേഷിക്കാര്‍ അപേക്ഷയോടൊപ്പം ഭിന്നശേഷിത്വം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണം. മുതിര്‍ന്നവര്‍ക്ക് 12 ഡി ഫോറത്തിലുള്ള അപേക്ഷ മാത്രം മതിയാകും.
പോലീസ്, ഫയര്‍ ഫോഴ്സ്, ജയില്‍, എക്സൈസ്, ഫോറസ്റ്റ്, മില്‍മ, വാട്ടര്‍ അഥോറിറ്റി, ട്രഷറി, ആരോഗ്യ വകുപ്പ്, കെഎസ്ആര്‍ടിസി, കെഎസ്ഇബി, കൊച്ചി മെട്രോ, ഓള് ഇന്ത്യ റേഡിയോ, ദൂരദർശൻ, റെയിൽവേ, പോസ്റ്റൽ വകുപ്പ്, ബിഎസ്എൻഎൽ, തെരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ചുമതലപ്പെടുത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവരും വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലായതിനാല്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യാന്‍ കഴിയാത്തവരുമായ വോട്ടര്‍മാരെയാണ് അവശ്യ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവര്‍ നിശ്ചിത ഫോറത്തിലെ അപേക്ഷയ്ക്കൊപ്പം ബന്ധപ്പെട്ട സ്ഥാപനം/വകുപ്പ് നിയമിച്ച നോഡല്‍ ഓഫീസറുടെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം.
🔹വേളാങ്കണ്ണി തീർഥാടകർക്കും തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ആശ്വാസമായി എറണാകുളം- വേളാങ്കണ്ണി പുതിയ എക്സ്പ്രസ് ട്രെയിൻ ഇന്ന് ആരംഭിക്കും.പുതിയ റൂട്ടിലും സമയക്രമത്തിലും ഓടുന്ന ഈ ട്രെയിൻ തെക്കൻ കേരളത്തിൽനിന്ന് തഞ്ചാവൂരിലേക്കുള്ള ആദ്യ സർവീസ് കൂടിയാണ്. നിലവിൽ ശനി, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്തുനിന്ന് വേളാങ്കണ്ണിക്ക് സർവീസുണ്ടെങ്കിലും പുതിയ ട്രെയിൻ വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.
ബുധൻ രാത്രി 11.50-ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ വ്യാഴം പുലർച്ചെ മൂന്നിന് കൊല്ലത്തെത്തും. തുടർന്ന് കുണ്ടറ (3.28), കൊട്ടാരക്കര (3.38), പുനലൂർ (4.20), തെന്മല (5.18), ചെങ്കോട്ട (7.05), തെങ്കാശി (7.28) എന്നിവിടങ്ങൾ കടന്ന് രാവിലെ 11ന് മധുരയിലെത്തും. ഉച്ചയ്ക്ക് 1.35ന് തിരുച്ചിറപ്പള്ളിയിലും 2.33ന് തഞ്ചാവൂരിലുമെത്തുന്ന ട്രെയിൻ വൈകുന്നേരം 5.35നാണ് വേളാങ്കണ്ണിയിൽ യാത്ര അവസാനിപ്പിക്കുക.
മടക്കയാത്ര വ്യാഴം രാത്രി 7.45ന് വേളാങ്കണ്ണിയിൽനിന്ന് ആരംഭിക്കും. രാത്രി 10.08ന് തഞ്ചാവൂരിലും 11.25ന് തിരുച്ചിറപ്പള്ളിയിലുമെത്തുന്ന ട്രെയിൻ വെള്ളി പുലർച്ചെ 1.20ന് മധുരയിലെത്തും. രാവിലെ 4.30ന് ചെങ്കോട്ടയും 6.45ന് പുനലൂരും പിന്നിട്ട് 8.10ന് കൊല്ലത്തെത്തിച്ചേരും. ഉച്ചയ്ക്ക് 11.55ന് ട്രെയിൻ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
🔹വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതികളായ രണ്ട് യുവതികളെ പുൽപ്പള്ളി പോലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി.
മുള്ളൻകൊല്ലി മാടൽ പള്ളിക്കാപ്പറന്പിൽ ബീന (37), തൃശൂർ ചാലക്കുടി ചുറക്കുന്നേൽ ശ്രീമോൾ (37) എന്നിവരാണ് അറസ്റ്റിലായത്.കാനഡ, സ്വിറ്റ്സർലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ ഉദ്യോഗാർഥികളിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പരാതി.പുൽപ്പള്ളി, ഇരുളം സ്വദേശികളകടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ട്. നിലവിൽ ഏഴ് പേരിൽനിന്നായി 28 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് പരാതി. പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നേതൃത്വത്തിൽ എസ്ഐ പി. ജിതിൻകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മനു ജോസഫ്, വർഗീസ്, ജെയ്സ് മേരി, സിവിൽ പോലീസ് ഓഫീസർമാരായ ആതിര, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
🔹വീട്ടിൽ തനിച്ചായിരുന്നു 64 കാരിയോട് ലൈംഗിക അതിക്രമം കാട്ടിയ അയൽവാസി അറസ്റ്റിൽ.കൊല്ലം മയ്യനാട് വലിയവിള നഗർ 111 ൽ രാജേഷ് ഭവനിൽ 55 കാരനായ പാറ രാജു എന്ന രാജു ആണ് അറസ്റ്റിലായത്.വയോധികയുടെ നിലവിളി കേട്ട് മകന്റെ ഭാര്യ ഓടി എത്തിയതോടെ രാജു രക്ഷപ്പെടുകയായിരുന്നു.ഇരവിപുരം എസ്എച്ച് ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.
🔹നെടുമങ്ങാട് തട്ടുകടക്കാരനെ ആക്രമിച്ച് പണം കവർന്ന മൂന്നംഗ സംഘം പിടിയിലായി. വിതുര സ്വദേശികളായ വിജയ്, ഗോകുൽ ഗോപി, തൊളിക്കോട് സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. വിതുര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ
ഉൾപ്പെട്ടവരാണ് പ്രതികൾ. കഴിഞ്ഞ നാലിന് രാത്രി പഴകുറ്റിയിലെ ശിവാസ് ഫാസ്റ്റ് ഫുഡ് സെന്ററിലായിരുന്നു പ്രതികൾ ആക്രമണം നടത്തിയത്.കാറിലെത്തിയ പ്രതികൾ കടയുടമ ശിവയോട് പണം ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. പണം നൽകാൻ വിസമ്മതിച്ചതോടെ ശിവയെയും ജീവനക്കാരനെയും പ്രതികൾ വളകൊണ്ട് ഇടിച്ചു വീഴ്ത്തി. മേശയിലിരുന്ന അയ്യായിരം രൂപയുമായാണ് സംഘം കടന്നുകളഞ്ഞത്. തൊളിക്കോട് ഭാഗത്തുനിന്ന് പ്രതികളെ പിടികൂടിയ നെടുമങ്ങാട് ഇൻസ്പെക്ടറും സംഘവും ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
🔹 ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു മറിഞ്ഞ് മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്കു ദാരുണാന്ത്യം.സംസ്ഥാന ഹൈവേയിൽ കുറുവങ്ങാട് ഇലട്രിക് സ്കൂട്ടർ ആദ്യം പോസ്റ്റിൽ ഇടിച്ചു നിയന്ത്രണം വിട്ടു. തുടർന്നു മതിലിലിടിച്ചാണ് മൂന്നു യുവാക്കൾ തത്ക്ഷണം മരിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടോടെ കുറുവങ്ങാട് അക്വഡറ്റിനു സമീപമായിരുന്നു അപകടം.മൂന്നു പേരും മലബാർ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ്. അപകടം നടന്ന ഉടൻതന്നെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
🔹 മരുന്നുകുപ്പികളിലും മറ്റുമുള്ളതുപോലെ മുട്ടകളിലും കാലാവധി രേഖപ്പെടുത്തണമെന്ന ഉത്തരവുമായി യുപി സർക്കാർ.ഏപ്രിൽ ഒന്നു മുതൽ വിൽക്കുന്ന എല്ലാ മുട്ടകളിലും ഉത്പാദന തീയതിയും അവ ഉപയോഗിക്കേണ്ട അവസാന തീയതിയും രേഖപ്പെടുത്തണമെന്നാണ് സർക്കാർ ഉത്തരവ്. ഉപഭോക്താക്കൾക്ക് മുട്ടയുടെ ഗുണനിലവാരവും പഴക്കവും ഉറപ്പുവരുത്തുന്നതിനാണ് പുതിയ നിർദേശം.
മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഈ വിവരം അറിയിച്ചത്. സാധാരണ ഊഷ്മാവിൽ (30 ഡിഗ്രി സെൽഷസ്) സൂക്ഷിക്കുന്ന മുട്ടകൾ രണ്ടാഴ്ചയ്ക്കുള്ളിലും, ഫ്രിഡ്ജിൽ (2 മുതൽ 8 ഡിഗ്രി വരെ) സൂക്ഷിക്കുന്നവ അഞ്ച് ആഴ്ചയ്ക്കുള്ളിലും ഉപയോഗിച്ചിരിക്കണമെന്നു നിർദേശത്തിലുണ്ട്.
സാധാരണ താപനിലയിൽ സൂക്ഷിക്കുന്ന മുട്ടകളിൽ പിങ്ക് നിറത്തിലുള്ള മഷിയും, കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിക്കുന്നവയിൽ നീല നിറത്തിലുള്ള മഷിയും ഉപയോഗിച്ചാണ് അറിയിപ്പു നൽകേണ്ടത്.
ഈ ഉത്തരവു നടപ്പാക്കുന്പോൾ മുട്ടയ്ക്കു വില വർധിക്കില്ലെന്നും ഒരു മുട്ടയ്ക്ക് പരമാവധി 6 പൈസ മാത്രമേ സ്റ്റാമ്പിംഗ് ചെലവ് വരികയുള്ളൂ എന്നും പൗൾട്രി ഫാം ഉടമകൾ പറയുന്നു.
🔹റീല്‍ വീഡിയോ ഷൂട്ട് ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ യുവതിയുടെ ശ്രമം. ബംഗളൂരുവിലാണ് സംഭവം.പിതാവിനെ കൊറിയര്‍ അയയ്ക്കാന്‍ യുവതിക്കൊപ്പം ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയിരുന്നു. വലിയ പാക്കേജ് ശ്രദ്ധയിൽപ്പെട്ട കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാർ എന്താണ് കൊറിയര്‍ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ യുവതി മറുപടി നൽകിയില്ല.ഇതോടെ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കിൽ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റീൽ വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു.
റംസാൻ, ഉഗാദി ആഘോഷസമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാൻ മാർഗമില്ലെന്നും കൊറിയര്‍ അയക്കുക മാത്രമാണ് വഴിയെന്നും കാണിക്കാനുള്ള റീലെടുക്കാൻ വേണ്ടിയാണ് പിതാവിനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.
എന്നാൽ പിടിക്കപ്പെട്ടിട്ടും കുടുംബം കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്സൽ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നാലെ യുവതിയെയും കുടുംബത്തെയും സ്റ്റേഷനിലെത്തിക്കുകയും ചെയ്ത പ്രവൃത്തി മോശമാണെന്ന് കാണിച്ചുള്ള മാപ്പ് അപേക്ഷ റീൽ പോലീസ് പോസ്റ്റ് ചെയ്യിപ്പിക്കുകയുമായിരുന്നു. കർശന മുന്നറിയിപ്പ് നൽകി പിന്നീട് പോലീസ് ഇവരെ വിട്ടയച്ചു.
🔹ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തിയ ശേഷം ഭക്ഷണാവശിഷ്ടങ്ങൾ നദിയിൽ വളിച്ചെറിഞ്ഞ 14 പേരെ അറസ്റ്റ് ചെയ്തു. ബോട്ടിൽവച്ചു ബിരിയാണി കഴിച്ചെന്നും എല്ലും മറ്റ് അവശിഷ്ടങ്ങളും ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞെന്ന് ആരോപിച്ചാണ് അറസ്റ്റ്. വാരാണസിയിലെ ബിജെപി യുവമോർച്ച നേതാവ് രജത് ജയ്സ്വാളിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.ഇഫ്താർ വിരുന്നിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഗംഗയിൽ മാലിന്യം നിക്ഷേപിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ജയ്സ്വാൾ ആരോപിച്ചു. യുവാക്കൾക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.ആരാധനാലയം മലിനമാക്കൽ, മതവികാരം വ്രണപ്പെടുത്തൽ, ഗ്രൂപ്പുകൾക്കിടയിൽ ശത്രുത പ്രോത്സാഹിപ്പിക്കൽ, പൊതുശല്യം തുടങ്ങിയ വകുപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. ജല മലിനീകരണം നിയന്ത്രണ നിയമവും കേസിൽ ചുമത്തിയിട്ടുണ്ട്. പ്രചരിച്ച വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി.
🔹തെലിങ്കാനയിലെ സനത്നഗറിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി. ജി. രേണുക (38) യെയാണ് ഭർത്താവ് നരേഷ് (40) കൊലപ്പെടുത്തിയത്.ഫത്തേനഗറിലെ ഒരു ഫ്ലാറ്റിൽ വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്നു നരേഷ്. ഇതേ ഫ്ലാറ്റിൽ തന്നെയാണ് ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം ഇയാൾ താമസിച്ചിരുന്നത്.
കഴിഞ്ഞ നാല് ദിവസമായി രേണുക അജ്ഞാതരായ ആളുകളുമായി ഫോണിൽ സംസാരിക്കുന്നതായി സംശയിച്ച് ദന്പതികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ചെവ്വാഴ്ച രാവിലെയും ഇതേ വിഷയത്തെ ചൊല്ലി ഇരുവരും വഴക്കുണ്ടാവുകയും കോപാകുലനായ നരേഷ് കത്തി ഉപയോഗിച്ച് രേണുകയുടെ കഴുത്തറക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. നരേഷിനെതിരെ കേസെടുത്ത പോലീസ് ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
🔹തെലിങ്കാനയിലെ നർസിംഗിയിൽ നാല് വയസുകാരിയെ നിർമാണ തൊഴിലാളി പീഡപ്പിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിൽ നിന്ന് ഹൈദരാബാദിലേയ്ക്ക് ജോലിക്കായി എത്തിയ ദന്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു നിർമാണ തൊഴിലാളിലെ പോലീസ് അറസ്റ്റ് ചെയ്തു.
മിഠായി നൽകാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ച ശേഷം കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
കുട്ടിയെ കാണാതയതിനെ തുടർന്ന് മാതാപിതാക്കൾ നിർമാണ കന്പനി മാനേജരെ അറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ, ഒരു ആൺകുട്ടി പെൺകുട്ടിയെ പ്രതിക്കൊപ്പം കണ്ടതായി മൊഴി നൽകി.
തുടർന്ന് നടത്തിയ പോലീസ് പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ കൊലപാതകത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
🔹മഹാരാഷ്ട്രയിലെ അഹല്യാനഗറിൽ ആറാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം. സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന പെൺകുട്ടിയെ അജ്ഞാതനായ ഒരാൾ വന്നു മുഖത്ത് ആസിഡ് ഒഴിച്ച ശേക്ഷം ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ അടുത്തുള്ള ആശുപ്രതിയിൽ എത്തിച്ചു.സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് കുട്ടിയുടേത്. കുറച്ച് മാസം മുമ്പ് പിതാവ് മരിച്ചതിനെത്തുടർന്ന് അമ്മയാണ് കുട്ടിയെ വളർത്തുന്നത്. അമ്മ കൂലിപ്പണിക്കു പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.
പ്രതിയെ തിരിച്ചറിയുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ ഉടൻ പിടികൂടുമെന്നു പോലീസ് പറഞ്ഞു.
🔹തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കാറിനുള്ളിൽ നാല് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിസയൻവിളയിലെ വിജനമായ സ്ഥലത്ത് ഒരു കാർ കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കാറിനുള്ളിൽ തിരിച്ചറിയാൻ കഴിയാത്ത വിധം പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.മരിച്ചവർ ആരെല്ലാമാണെന്നും ഏത് സ്വദേശികളാണെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു. മരിച്ചവർ ഒരേ കുടുംബത്തിൽപ്പെട്ടവരാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്.
🔹പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി മെഡിക്കല്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടർ അറസ്റ്റിൽ. നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലെ ഡോക്ടർ ഓം പ്രകാശ്(44) ആണ് അറസ്റ്റിലായത്. ഊട്ടി വനിതാ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.സര്‍വകലാശാലാ അധികൃതരുമായുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് മാര്‍ക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 22 വയസുകാരിയായ വിദ്യാർഥിനിയെ ഇയാൾ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സിവകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നല്കി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.തുടർന്ന് വിദ്യാർഥിനി ഊട്ടിയിലെ എഡബ്ല്യുപിഎസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. സമാനമായ രീതിയില്‍ ഇയാള്‍ മറ്റ് വിദ്യാർഥിനികളെയും കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
🔹ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ട് വയസുകാരിയുമായി പിതാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു. സ്വകാര്യ സ്കൂൾ ഉടമയായ രാഹുൽ വിജയ്രാൻ (35) ആണ് മകൾ വാമിക (രണ്ട്) യുമായി ഫ്ലാറ്റിന്റെ 23 ആം നിലയിൽ നിന്നും ചാടിയത്.ഡൽഹിയിലെ നങ്ലോയ് സ്വദേശിയായ രാഹുൽ രണ്ട് മാസമായി റെസിഡൻഷ്യൽ സൊസൈറ്റിയിലെ ടവർ ഒമ്പതിലാണ് താമസിച്ചിരുന്നുവെങ്കിലും ടവർ അഞ്ചിൽ നിന്നാണ് ചാടിയത്.രാഹുലിന്റെ ഭാര്യ നീതു ദാഹിയ വീട്ടിൽ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ രാഹുൽ വാമികയെ സൊസൈറ്റി പാർക്കിൽ കളിക്കാൻ കൊണ്ടുപോയി. പിന്നീട് അദ്ദേഹം കുഞ്ഞുമായി ടവർ അഞ്ചിന്റെ 23 ആം നിലയിലേക്ക് പോവുകയും അവിടെനിന്ന് ചാടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോവിഡ് ബാധയെത്തുടർന്ന് രാഹുലിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുവെന്നും മറ്റേ കണ്ണിന് കാഴ്ചപരിമിതി ഉണ്ടായിരുന്നുവെന്നും രാഹുലിന്റെ സഹോദരൻ അമിത് പറഞ്ഞു. ഇതേതുടർന്ന് അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് അമിത് പോലീസിനോട് പറഞ്ഞു.
ആത്മഹത്യ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മേൽ നടപടികൾ സ്വീകരിക്കാൻ കുടുംബം എതിർത്തതായും പോലീസ് പറഞ്ഞു. 2014 ൽ ആയിരുന്നു രാഹുലിന്റെയും നീതുവിന്റെയും വിവാഹം കഴിഞ്ഞത്. ഇരുവർക്കും 11 വയസുള്ള മറ്റൊരു മകൾ കൂടിയുണ്ട്.
🔹റീൽ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ വെടിവച്ചു യുവാവ് മരിച്ചു. പവൻ എന്ന യുവാവാണ് മരിച്ചത്. ഡൽഹിയിലെ ദല്ലുപുരയിലാണ് സംഭവം.പവൻ, തോക്ക് ലോക്ക് ചെയ്തു എന്ന് കരുതി നെഞ്ചോട് ചേർത്ത് പിടിക്കുകയായിരുന്നു. എന്നാൽ ലോക്ക് ആവാതിരുന്ന തോക്കിൽ നിന്ന് വെടിയുണ്ട പവന്റെ നെഞ്ചിലേക്ക് തുളച്ചുകയറി.പവന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തിയത്.
പവനോട് വെടി വയ്ക്കരുതെന്ന് സുഹൃത്ത് പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. എന്നാൽ ചിരിച്ചുകൊണ്ട് തോക്ക് നെഞ്ചിനോട് ചേർത്ത് പിടിച്ച പവൻ നിമിഷങ്ങൾക്കുള്ളിൽ വെടിയേറ്റു. പവന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള തോക്കാണ് ഉപയോഗിച്ചത്.
അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തോക്കിൽ ലോക്ക് വീഴാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
🔹മധ്യപ്രദേശിലെ ശിവപുരിയിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി എൽപിജി സിലിണ്ടർ ഉൾപ്പടെയുള്ള വസ്തുക്കൾ മോഷ്ടിച്ച് കള്ളൻ. വാർഡ് നമ്പർ 10 ലെ കൃഷ്ണപുരം കോളനിയിലെ നീതു രജാവത്തിന്റെ വസതിയിലാണ് നടന്നത്.സ്ഥലത്ത് ഇല്ലാതിരുന്ന രജാവത് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. ഗ്യാസ് സിലിണ്ടറിനൊപ്പം സ്വർണം, വെള്ളി, പണം, പ്രധാന രേഖകൾ എന്നിവയും നഷ്ടപ്പെട്ടു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ചു കയറിയയാൾ ഗ്യാസ് സിലിണ്ടർ തോളിൽ ചുമന്ന് വീട്ടിൽ നിന്നും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോട്വാലി പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🔹ഈ മാസം ആരംഭിക്കുന്ന ഐപിഎൽ 2026 സീസണിന് മുന്നോടിയായി മുൻതാരങ്ങൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി ഒരു ഒത്തുചേരൽ നടത്താനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്സ്. മുൻ കളിക്കാരായ സുരേഷ് റെയിന, മുത്തയ്യ മുരളീധരൻ , ബ്രാവോ , ഹെയ്ഡൻ എന്നിവർ അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന പരിപാടി ഞായറാഴ്ച ചെപ്പാക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ആണ് നടക്കുക. മുൻ താരങ്ങളെ കൂടാതെ നിലവിലെ ടീമംഗങ്ങൾ അടക്കമുള്ളവർ പരിപാടിയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. അതേസമയം മറ്റ് തിരക്കുകൾ കാരണം രവിചന്ദ്രൻ അശ്വിൻ പരിപാടിയിൽ പങ്കെടുക്കാൻ ഉള്ള സാധ്യത കുറവാണ്.വൈകുന്നേരം നാലുമണിക്ക് തുടങ്ങുന്ന പരിപാടിയിൽ സംഗീത സംവിധായകൻ എ ആർ റഹ്മാൻ നേതൃത്വം നൽകുന്ന സംഗീത വിരുന്നടക്കമുള്ള വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം വലിയ അഴിച്ചുപണികൾ നടത്തിയാണ് ചെന്നൈ ടീം ഐപിഎല്ലിന് എത്തുന്നത്. മലയാളി താരവും കഴിഞ്ഞ ടി 20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റുമായ സഞ്ജു സാംസൺ ഉൾപ്പടെയുള്ള ഒരു കൂട്ടം പുതിയ മുഖങ്ങളുമായെത്തുന്ന ടീം മാർച്ച് 30 ന് നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും.
🔹സിനിമാപ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനുമായി ആരാധകർ ആവേശത്തോടെ കാത്തിരിക്കാൻ ഒരുപാട് കാരണമുണ്ട്. അതിലൊന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരേ ഫ്രെമിൽ കാണാൻ സാധിക്കും എന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ, ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ എന്നിവ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. പേട്രിയറ്റ് ഡബ്ബിംഗ് എന്ന് പറഞ്ഞാണ് താരം തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പം വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവർ ഉൾപ്പെടെയാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2026 ഏപ്രിൽ 23 നു ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും.
💦 ഗുരുജിയുടെ വാക്കുകൾ
നാം എത്ര നിസ്സാരരാണെന്ന്, അസ്വതന്ത്രരാണെന്ന്, നിസ്സഹായരാണെന്ന് നമ്മെ നിരന്തരം അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് കോപം. പെട്ടെന്നുണ്ടാകുന്ന ആ കൈവിട്ടു പോകലിൽ തകരുന്നത് നമ്മുടെ കോപത്തിന് വിധേയമാകുന്നവർ മാത്രമല്ല. നമ്മൾ കൂടിയാണ്. ശരീരം മുഴുവൻ വിഷം നിറയുന്നതു പോലെ. വലിഞ്ഞു മുറുകി കലുഷമാകുന്ന നാഡീഞരമ്പുകൾ. വികൃതമാകുന്ന മുഖം. തനിക്ക് തന്നോടു തന്നെ വെറുപ്പ് തോന്നുന്ന അനുഭവം. എല്ലാ കൊടുങ്കാറ്റുമടങ്ങി ശാന്തമാകുമ്പോൾ നിയന്ത്രണം വിട്ടു പോയ മനസ്സിനെ പ്രതിയുള്ള പശ്ചാതാപം. ന്യായീകരണം. ഉറക്കമില്ലായ്മ…
പ്രശാന്തമായ അന്തരീക്ഷത്തെ അപ്പാടെ കലുഷമാക്കാൻ നമ്മുടെ ആ ഒരൊറ്റ പൊട്ടിത്തെറി മതി. കൂടെയുള്ളവരെല്ലാം ശിഥിലമാകും. കുഞ്ഞുങ്ങൾ പേടിച്ച് തളരും. ചുറ്റും വിഷം ചീറ്റുന്നതു പോലെയാണ് കോപം പ്രവർത്തിക്കുക. നാം അത്രമാത്രം സ്നേഹിക്കുന്ന എത്ര മനുഷ്യരെയാണ് ആ വിഷം വിഷമിപ്പിച്ചിട്ടുള്ളത്. വിഷമിപ്പിക്കുന്നത്.




🙏🙏