മലയാളി അസ്സോസിയേഷൻ ഓഫ് ടാമ്പായുടെ പ്രവർത്തനോദ്ഘാടനം വൈവിധ്യമാർന്ന വർണ്ണശബളമായ കലാപരിപാടികൾ കൊണ്ടും, വമ്പിച്ച ജനപങ്കാളിത്വവും കൊണ്ടും മാറ്റിന്റെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതിചേർത്തു.
ഫെബ്രുവരി 28-നു ശനിയാഴ്ച വൈകുന്നേരം ആറുമണിയോടു കൂടിയാണ് ടാമ്പാ ക്നാനായ കമ്മ്യൂണിറ്റി സെൻ്ററിൽ ആഘോഷ പരിപാടികൾക്കു തുടക്കമായത്.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്ന സാംസ്കാരിക സാമുദായിക, ഫൊക്കാന-ഫോമ പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായി.
മുൻ പ്രസിഡന്റ്റ് ശ്രീ. ജോൺ കല്ലോലിക്കൽ തൻ്റെ ആമുഖ പ്രസംഗത്തിനുശേഷം, പുതുതായി സ്ഥാനമേൽക്കുന്ന ഭാരവാഹികളെ സ്റ്റേജിലേക്കു ക്ഷണിച്ചു.
വിശിഷ്ടാതിഥികളായി എത്തിയ ഡോ.സൗമ്യ വിശ്വനാഥ്, ശ്രീ.ഗിരീഷ് നാരായണൻ എന്നിവരോടൊപ്പം, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശ്രീ. ബിജോയ് ജോസഫും കമ്മറ്റിയംഗങ്ങളും വേദിയിലെത്തി.

മുൻ പ്രസിഡന്റ് ശ്രീമതി സുനിതാ ഫ്ളൗവർഹിൽ ചൊല്ലിക്കൊടുത്ത, സത്യപ്രതിജ്ഞ വാചകം ഏറ്റു ചൊല്ലി, പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം ഭദ്രദീപം തെളിയിച്ചതിനുശേഷം, പ്രസിഡൻ്റ് ബിജോയ് ജോസഫ്, തന്നിൽ വിശ്വാസമർപ്പിച്ച് ഏൽപിച്ച ചുമതലകൾ, കാര്യക്ഷമമായി, ആത്മാർത്ഥതയോടു കൂടി പ്രാവർത്തികമാക്കുമെന്ന് ഉറപ്പു നൽകി. ‘മാറ്റി’ ന്റെ പ്രവർത്തനങ്ങൾ, കമ്മറ്റിയംഗങ്ങളുടേയും, പൊതുജനങ്ങളുടേയും സഹകരണത്തോടെ കൂടുതൽ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. കൂടുതൽ യുവജന പങ്കാളിത്വം, കൂടുതൽ വനിതാ പ്രാതിനിധ്യം, ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾക്ക് പ്രഥമ പരിഗണന നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
പ്രധാന അതിഥിയായി എത്തിയ ബേബികെയർ മെഡിക്കൽ ഫിസിഷ്യൻ ഡോ.സൗമ്യ വിശ്വനാഥ് പാരമ്പര്യമായി കേരളത്തോടു തനിക്കുള്ള കുടുംബബന്ധം സദസ്യരുമായി പങ്കുവെച്ചു. മെഡിക്കൽ സേവനരംഗത്ത് ടാമ്പാ മലയാളികൾ ചെയ്യുന്ന മഹത്തായ സേവനങ്ങളെ അവർ പ്രശംസിച്ചു.

വിശിഷ്ടാതിഥിയായ എത്തിയ ശ്രീ. ഗിരീഷ് നാരായണൻ്റെ ഫ്യൂഷൻ സംഗീതം ഏവരും ആസ്വദിച്ചു. തുടർന്നു മൂന്നുമണിക്കൂറുകളോളം ഇടവേളകളില്ലാതെ അരങ്ങേറിയ കണ്ണഞ്ചിപ്പിച്ച കലാപ്രകടനങ്ങൾ കാണികളെ വിസ്മയഭരിതരാക്കി. ജിനിത ചാലയിൽ, ജോമോൻ തെക്കത്തോട്ടിൽ എന്നിവർ എം.സി.മാരായി പരിപാടികൾ നിയന്ത്രിച്ചു.
ഇൻഡ്യൻ വിഭവങ്ങളടങ്ങിയ ഡിന്നറോടു കൂടി പരിപാടികൾ സമാപിച്ചു.



