🔹സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം ഇന്ന് മുതൽ തുടങ്ങും. 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും.ശമ്പള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് അനിശ്ചിതകാല ഒപി ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡോക്ടർമാർ. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാസങ്ങളായി സമരരംഗത്തുള്ള ഡോക്ടർമാരുമായി ചർച്ച നടത്തിയ സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കുന്നതെന്ന് കെജിഎംസിടിഎ അറിയിച്ചു.
🔹ജലാശയങ്ങളിലെ മുങ്ങിമരണമൊഴിവാക്കാൻ പ്രായഭേദമെന്യേ നീന്തൽ അഭ്യസിക്കണമെന്ന സന്ദേശമുയർത്തി വേമ്പനാട്ടുകായലിൽ നീന്തിക്കയറി പുതുചരിത്രം രചിച്ച് 184പേർ. ഇന്നലെ രാവിലെ ചേർത്തല വടക്കുംകര അമ്പലക്കടവിൽനിന്നു വൈക്കം കായലോര ബീച്ച് വരെയാണ് എറണാകുളം ജില്ലയുടെ പലഭാഗങ്ങളിൽ നിന്നുള്ള 184 പേർ ഒരുമിച്ച് നീന്തിയത്.ഇതിൽ ആറുവയസുകാരനായ മുഹമ്മദ് നിസാൻ , എട്ട് വയസുകാരി ഐസമറിയയുമടക്കം പത്ത് വയസിൽ താഴെയുള്ള 34 കുട്ടികളും പെൺകുട്ടികളും വനിതകളുമായി 49 പേരുമുണ്ടായിരുന്നു. 184 പേർ ആവേശകരമായി വൈക്കം തീരത്തേക്ക് നീന്തിക്കയറുമ്പോൾ വൻ ജനാവലി കരഘോഷം മുഴക്കി ആവേശത്തിര തീർത്തു.മുഹമ്മദ് നിസാനും ഐസ മറിയവും ഒരു വർഷമായി നീന്തൽ അഭ്യസിച്ചു വരികയാണ്. എഫ്എസിടിയിൽ നിന്നും 12 വർഷം മുമ്പ് വിരമിച്ച എഴുപതുകാരനായ സ്റ്റാൻലി ജോസഫായിരുന്നു നീന്തിയവരിൽ പ്രായത്തിൽ മുതിർന്നയാൾ. മൂന്നു വർഷമായി സ്റ്റാൻലി ജോസഫ് നീന്തൽ അഭ്യസിക്കുന്നു. ഇന്നലെ രാവിലെ 7.45ന് അരൂർ എംഎൽഎ ദലീമ നീന്തൽ ഫ്ലാഗ്ഓഫ് ചെയ്തു. 9.45ന് വൈക്കം കായലോര ബീച്ചിലെത്തിയ നീന്തൽ താരങ്ങളെ വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ വരവേറ്റു.കേരളത്തിൽ വർധിച്ചുവരുന്ന മുങ്ങിമരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് 17 വർഷമായി പെരിയാറിൽ സൗജന്യമായി നീന്തൽ അഭ്യസിപ്പിച്ചുവരുന്നതെന്ന് പരിശീലകൻ സജി വാളശേരി പറഞ്ഞു. ഒരേസമയം നിരവധി പേർക്ക് പരിശീലനം നേടാനാകുന്ന രീതിയിലാണ് പരിശീലനകേന്ദ്രം ക്രമീകരിച്ചിരിക്കുന്നത്. എല്ലാത്തരം നീന്തൽ പരിശീലനങ്ങളും സൗജന്യമായാണ് നടത്തുന്നതെന്ന് സജി വാളശേരിപറഞ്ഞു.
🔹ആറു ലക്ഷം രക്ഷിതാക്കൾക്ക് ആർട്ടിഫിഷൽ ഇന്റലിജൻസ് പരിശീലനം നല്കുന്ന ‘സർവം എഐ മയം’ പദ്ധതിക്ക് തുടക്കമായി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളിലെ കുട്ടികളുടെ നേതൃത്വത്തിലാണു പരിശീലനം. ജൂണ്‍ 30 വരെയാണ് പരിശീലനം. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മൊഡ്യൂൾ എഐയുടെ ഗുണങ്ങൾക്കും ദോഷങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നു. മനുഷ്യ ബുദ്ധിക്കു സമാനമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് ലളിതമായ വിശദീകരണത്തോടെയാണു പരിശീലനം ആരംഭിക്കുക.സ്മാർട്ട് ഫോണുകളിലെ എഐ സേവനങ്ങൾ ഉപയോഗിച്ച് പക്ഷികളെയും ചെടികളെയും തിരിച്ചറിയുന്നതിനും, മറ്റു ഭാഷയിലെ ബോർഡുകൾ തത്സമയം മലയാളത്തിലേക്കു വിവർത്തനം ചെയ്യുന്നതിനും രക്ഷിതാക്കളെ പ്രാപ്തരാക്കും. എഐ ടൂളുകളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രവൃത്തികൾ പരിശീലനത്തിൽ പരിചയപ്പെടുത്തും.
എഐ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ, വ്യാജ ചിത്രങ്ങൾ, ശബ്ദങ്ങൾ എന്നിവ തിരിച്ചറിയാനുള്ള മാർഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ വ്യാജവാർത്താ പ്രചാരണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും, ഇന്റർനെറ്റ് മര്യാദകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും രക്ഷിതാക്കൾക്ക് അവബോധം നൽകും. കൈറ്റ് വികസിപ്പിച്ച ‘സമഗ്ര പ്ലസ് ലേണിംഗ് റൂം’ പോലുള്ള എഐ അധിഷ്ഠിത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ പരിചയപ്പെടുത്തും.
🔹ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുമായി സഹകരിച്ച് ആയിരം രോഗികള്‍ക്ക് അഞ്ച് വര്‍ഷത്തിനിടയില്‍ സൗജന്യ ഡയലിസിസ് നല്കാന് ചെത്തിപ്പുഴ ഐസക് ആൻഡ് റോസ് ഫൗണ്ടേഷന് ആശുപത്രി മാനേജ്മെന്റുമായി ധാരണയിലെത്തി.
ഈ ആവശ്യത്തിലേക്കായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്ക് അന്തര്‍ദ്ദേശീയ നിലവാരമുള്ള രണ്ട് ഡയാലിസിസ് മെഷിനുകള്‍ സംഭാവനയായി നല്കി. 2011 മുതല്‍ വിദ്യാഭ്യാസ കാര്‍ഷിക ബോധവത്കരണ പരിപാടികളില്‍ ഈ ഫൗണ്ടേഷന് സജീവമാണ്. ഫൗണ്ടേഷന്റെ ആരോഗ്യരംഗത്തേക്കുള്ള ആദ്യ ചുവടുവയ്പാണ് ഈ സംരംഭം. ഓരോ വര്‍ഷവും ഇരുനൂറുപേര്ക്കു വീതം അഞ്ചുവര്‍ഷം കൊണ്ട് 1000 പേര്‍ക്ക് ഡയാലിസിസ് നല്കാണ് പദ്ധതി.
🔹കുമരകം റോഡിൽ ചൂളപ്പടിയിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ രണ്ട് വാഹനാപകടങ്ങൾ. ആദ്യം കാർ താഴ്ചയിലേക്ക് മറിഞ്ഞും 10 മിനിറ്റുകൾക്കുശേഷം ബൈക്കുകൾ കൂട്ടിയിടിച്ചുമായിരുന്നു അപകടം. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പോയ കാർ നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞതായിരുന്നു ആദ്യ അപകടം.കാർ ഡ്രൈവർ എറണാകുളം സ്വദേശി ലിനോ പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകട സമയത്ത് എതിർദിശയിൽനിന്നു വാഹനങ്ങൾ ഒന്നും വരാതിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. കാറിടിച്ച് 11 കെവി ലൈനിലെ പോസ്റ്റ് ഒടിഞ്ഞതോടെ കുമരകത്തിന്റെ വടക്കൻ പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി വിതരണം താറുമാറായി.കാറപകടം നടന്നതിനു പിന്നാലെ അമിത വേഗത്തിൽ എത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്ക് യാത്രികനായ ആര്യട് സ്വദേശി ജിതിന് (33) ഗുരുതമായി പരിക്കേറ്റു. ഇയാളെ കുമരകം പോലീസെത്തി പോലീസ് ജീപ്പിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ചേർത്തല പള്ളിപ്പുറത്തുനിന്നു കോട്ടയം പനച്ചിക്കാടിന് ബൈക്കിൽ കൊച്ചുകുട്ടിയുമായി പോയ ദമ്പതികളുടെ ബൈക്കിലായിരുന്നു അമിതവേഗത്തിൽ വന്ന ബൈക്കിടിച്ചത്. ദന്പതികളും കുട്ടിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
🔹റോഡിന്റെ വഴിമുടക്കിയായി തൊണ്ടി മുതലുകൾ. ഇവ അപകടം വിളിച്ചു വരുത്തുന്നുവെന്ന് ആക്ഷേപം. പേയാട് – വിളപ്പിൽശാല – വെള്ളനാട് റോഡിലാണ് തൊണ്ടിമുതലുകൾ വില്ലനായി മാറുന്നത്.
വിളപ്പിൽശാല സ്റ്റേഷനു സമീപത്തുള്ള റോഡിലാണ് പോലീസ് പിടിച്ചെടുത്ത ടിപ്പറുകളും ജെസിബികളും ലോറികളും പാർക്ക് ചെയ്തിരിക്കുന്നുന്നത്. തിരക്കേറിയ റോഡിൽ ഈ പാർക്കിംഗ് വരുത്തുന്ന അപകടം ചില്ലറയല്ല. കഴിഞ്ഞ ദിവസം രാത്രിയിൽ ഈ തൊണ്ടിവാഹനങ്ങളിലൊന്നിൽത്തട്ടി അപകടം സംഭവിച്ചിരുന്നു.
🔹പൂവാറിൽ പ്രവാസിയുടെ വീട്ടിൽ കവർച്ച നടത്തിയ സംഘത്തിലെ രണ്ടാം പ്രതിയെ പൂവാർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28നു പൂവാർ സ്വദേശിയും പ്രവാസിയുമായ ഷാജഹാൻ എന്നയാളുടെ വീട്ടിൽനിന്നും സ്വർണം കവർന്ന കേസിലെ മുഖ്യആസൂത്രകനും രണ്ടാം പ്രതിയുമായ പൂവാർ തെക്കേ തെരുവ് താഴത്തെ വീട്ടിൽ നൗഷാദ് ആണ് അറസ്റ്റിലായത്.ഷാജഹാന്റെ ഭാര്യയുടെ 37 പവൻ സ്വർണ ഉരുപ്പടി ഉൾപ്പെടെ 36,65, 000 രൂപയുടെ മുതലുകളാണ് നൗഷാദ് കവർന്നത്. പൂവാർ എസ്എച്ച്ഒ രതീഷ്, എസ്ഐ ജോസ്, സിപിഒമാരായ അജിത്ത്, ആന്റണി, ശശി നാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
🔹കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ കാട്ടാക്കട പോലീസ് പിടികൂടി. സംസ്ഥാനത്ത് 140-ൽ അധികം മോഷണക്കേസുകളാണ് ഇയാളുടെ പേരിലുള്ളത്. കഴിഞ്ഞ ദിവസം കാട്ടാക്കട ഡിവൈഎസ്പി സജീവിന്റെ സ്പെഷൽ സ്ക്വാഡ് നെയ്യാറ്റിൻകര ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.കട്ടയ്ക്കോട് മുഴവൻകോട് വിജയ് ഭവനിൽ അജയന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് തിരുവല്ലം മേനില കീഴേ പാലറക്കുന്ന് വീട്ടിൽനിന്നും ഒറ്റശേഖരമംഗലം പൂഴനാട് തകിടിയിൽ വിഷ്ണുഭവനിൽ താമസിക്കുന്ന തിരുവല്ലം ഉണ്ണി (51) എന്ന ഉണ്ണികൃഷ്ണൻ പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണത്തിനു കയറുന്ന വീട്ടിൽനിന്ന് പലവ്യഞ്ജനം, അരി, വസ്ത്രം, പാചകവാതക സിലിഡർ, സ്റ്റൗ, പാത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി സകലവസ്തുക്കളും ഇയാൾ കടത്തും.
🔹പഴയ സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന പൂട്ടിക്കിടന്ന ഗ്യാസ് ഗോഡൗണിൽ തീപിടിത്തം. കൊല്ലം മൈലാപ്പൂര് എസ്റ്റേറ്റിന് പുറകുവശം പഴയ ഗ്യാസ് ഗോഡൗണിൽ ഇന്നലെ വൈകുന്നേരം 4. 20 നാണ് തീപിടുത്തം ഉണ്ടായത്.ഉമയനെല്ലൂർ ബിടി സിലി േണ്ടർസ് ഗോഡൗണിനാണ് തീ പിടിച്ചത്. തീയും പുകയും ഉയരുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചതനുസരിച്ച് കൊല്ലത്തു നിന്നും ചാമക്കടയിൽ നിന്നും കടപ്പാക്കടയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു.
പഴയ സിലിണ്ടറുകൾ അടുക്കി വെച്ചിരുന്ന ഗോഡൗണി ന്റെ നഷ്ടം കണക്കാക്കാൻ ആയിട്ടില്ല.
🔹കുട്ടിയുടെ കഴുത്തിൽനിന്ന് കവർന്ന സ്വർണമാല വിഴുങ്ങിയ യുവതിയുടെ വയറ്റിൽ കമ്മലും കണ്ടെത്തിയതോടെ പുറത്തെടുക്കാൻ പോലീസ് ശ്രമം. ആമാശയത്തിലുള്ള സ്വർണ മാല പുറത്തെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്കാനിംഗ് നടത്തിയപ്പോഴാണ് ഒരു കമ്മൽ കൂടി പ്രതി സമീനയുടെ വയറ്റിലുള്ളതായി കണ്ടെത്തിയത്. കമ്മൽ എവിടെനിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമാക്കിയിട്ടില്ല. മറ്റൊരു കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
🔹പോത്തിന്റെ കുത്തേറ്റ് രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതകുളം കോനാട്ടുപറമ്പില്‍ പ്രതാപന്റെ ഭാര്യ രമ (65), പുത്തന്‍വേലിക്കര എസ്ഐ കോതകുളം കല്ലിങ്കല്‍ വീട്ടില്‍ ജിജീഷ് (55) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇന്നലെ രാവിലെ കോട്ടുവള്ളി കൈതാരം പടിഞ്ഞാറെ കോതകുളത്താണു സംഭവം.രമയുടെ വാരിയെല്ല് പൊട്ടുകയും രണ്ട് കൈകള്‍ ഒടിയുകയും ചെയ്തു. ഗുരുതര പരിക്കേറ്റ രമയെ ചാലക്ക മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. ജിജിഷിന്റെ നട്ടെല്ലിനാണ് പരിക്ക്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി പോത്തിനെ അടിച്ചോടിക്കുകയായിരുന്നു. മുമ്പും ഈ പോത്ത് ആളുകളെ ആക്രമിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു.
🔹ആദിവാസി സമൂഹത്തിന്റെ പുരാതന ആചാരമായ പായസ പൂജ വനത്തില്‍ കാടിനു നടുവില്‍ ഭക്തിസാന്ദ്രമായി നടത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരി വനത്തിലെ പായസപ്പാറയിലാണ് പൂജ നടത്തിയത്. ക്ടാത്താട്ടമ്മയുടെ പ്രീതിക്കായി ആദിവാസി സമൂഹം തലമുറകളായി തുടരുന്ന ആചാരത്തില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ആദിവാസി ഉന്നതികളില്‍ നിന്നെത്തിയ വിശ്വാസികള്‍ പങ്കെടുത്തു.വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് പാറയിലേക്ക് വിശ്വാസികള്‍ ആദ്യമെത്തുന്നത്. പാറയ്ക്കു മുകളില്‍ രണ്ട് ദ്വാരങ്ങള്‍ ഉണ്ട്. നിറയെ വെള്ളമുള്ള ഈ ദ്വാരങ്ങള്‍ ശിവഭഗവാന്റെ നാസാദ്വാരങ്ങള്‍ ആണെന്നാണ് ഇവരുടെ സങ്കല്പം. ഈ ദ്വാരങ്ങള്‍ക്ക് മുന്നില്‍ പൂജാരി വിളക്ക് തെളിക്കുന്ന തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.കാടിന്റെ നടുവിലെ പാറപ്പുറത്ത് ഒരുക്കിയ അടുപ്പില്‍ അരിപ്പായസമാണ് ഇവര്‍ നിവേദ്യമായി തയാറാക്കുന്നത്. ഒപ്പം തിണ്ണിക്കിഴങ്ങും ചുട്ടെടുക്കും. വിവിധ ഊരുകളില്‍ നിന്നുള്ള കുടുംബങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാണ് പൂജയില്‍ പങ്കാളികളാവുന്നത്.
12 ദിവസം വ്രതമെടുത്ത് ക്ണാച്ചേരി ക്ടാത്താട്ടമ്മക്ക് പായസവും തിണ്ണിക്കിഴങ്ങ് ചുട്ട് നിവേദിക്കുന്നതുമാണ് പായസ പൂജയുടെ പ്രധാന ചടങ്ങ്. സമീപത്തെ ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ നാളികേരം ഉടക്കുന്ന ചടങ്ങുമുണ്ട്.
🔹മലയോര ഹൈവേയിലെ ജനവാസമേഖലയിൽ തിരുവനന്തപുരം, തെങ്കാശി അന്തർ സംസ്ഥാന പാതയോരത്തെ മരത്തിനുമുകളിൽ കൂറ്റൻ കാട്ടുകടന്നൽക്കൂട് യാത്രക്കാർക്ക് ഭീഷണിയാകുന്നു.
കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപ്പാലത്തിനു അടുത്തു നിൽക്കുന്ന തേക്ക് മരത്തിനു മുകളിലായാണ് കടന്നൽ കൂട് കണ്ടെത്തിയത്. പാതയോരത്തെ മരത്തിനു മുകളിലായുള്ള കടന്നൽകൂട് കാറ്റിൽ ഇളകിയാടുന്ന നിലയിലാണ്. അറക്കടന്നൽ എന്നറിയപ്പെടുന്ന ഇവയുടെ കുത്തേറ്റാൽ അസഹനീയമായ വേദനയും ഗുരുതരമായ അലർജിയും ഉണ്ടാവും. ഇവയുടെ ആക്രമണം കൂടിയാൽ മരണംവരെ സംഭവിക്കാൻ സാധ്യതയുണ്ട്.
🔹കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി നടൻ പ്രേംകുമാർ മത്സരിക്കും. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി ചർച്ച നടത്തി ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവിരം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും പ്രേംകുമാറുമായി സംസാരിച്ച് എല്ലാ പിന്തുണയും ഉറപ്പു നൽകി.അതിനിടെ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കങ്ങൾ ഫലം കണ്ടില്ല. പ്രേംകുമാറിനെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങി. കടകംപള്ളി വീട്ടിലെത്തിയ സമയത്ത് പ്രേംകുമാർ അവിടെ ഇല്ലാതിരുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം.
🔹തലസ്ഥാനത്തെ മാളിൽ വെച്ച് സിവിൽ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് രാത്രി വൈകി ജാമ്യം . വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചാണ് രാത്രി വൈകി പ്രതികളുടെ ജാമ്യ നടപടികൾ പോലീസ് പൂർത്തിയാക്കിയത്. അറസ്റ്റിലായ വിനയ് പ്രകരാശ്, സുർജിത് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ശംഖുമുഖം ബീച്ചിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പോലീസിന്റെ മർദ്ദനമേറ്റിരുന്നു. ഇതിലുള്ള പ്രതികാര നടപടിയെന്ന തരത്തിലായിരുന്നു മാളിൽ വെച്ചുണ്ടായ ആക്രമണം. ശംഖുമുഖത്തെ സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനെ മാളിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ എസ്എഫ് ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
🔹കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയ ബെര്‍ക്ക്ലിയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളികുലാര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ കര്‍ണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ (22) ആണ് മരിച്ചത്.ഈ മാസം ഒന്‍പതിനാണ് സാകേതിനെ കാണാതായത്. മൃതദേഹം കണ്ടെടുത്ത വിവരം സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.കര്‍ണാടക സ്വദേശിയായ സാകേത് ഐഐടി മദ്രാസില്‍നിന്ന് കെമിക്കല്‍ എൻജിനിയറിംഗില്‍ ബിടെക് നേടി. യുസി ബെര്‍ക്ക്ലിയില്‍, കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു. സാകേതിന്റെ റൂംമേറ്റാണ് കാണാതായ വിവരം പോലീസില്‍ അറിയിച്ചത്.
🔹പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ. ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്ത്. കൊളംബോയിൽ നടന്ന പോരാട്ടിൽ 61 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്. ഇഷാൻ കിഷാന്റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും ശിവം ദുബെയുടെയും തിലക് വർമയുടെ ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.ഇഷാൻ കിഷാൻ 77 റൺസാണെടുത്തത്. 40 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. നിലയുറപ്പിച്ച് കളിച്ച നായകൻ സൂര്യകുമാർ യാദവ് 32 റൺസാണെടുത്തത്. ശിവം ദുബെ 27 റൺസും തിലക് വർമ 25 റൺസും സ്കോർ ചെയ്തു.
🔹ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. മഴ വില്ലനായ മത്സരത്തിൽ ഡിഎൽഎസ് രീതിയിൽ 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്.ഓസ്ട്രേലിയ ഉയർത്തിയ 134 റൺസ് വിജയയലക്ഷ്യം ഇന്ത്യ പിന്തുടരുന്നതിനിടെ മഴ എത്തുകയായിരുന്നു. ഇന്ത്യ 5.1 ഓവറിൽ 50 റൺസ് എന്ന നിലയിലായിരുന്നു. 16 റൺസെടുത്ത സ്മൃതി മന്ദാനയും ഒമ്പത് റൺസെടുത്ത ജെമീമ റോഡ്രിഗയുമായിരുന്നു ക്രീസിൽ. 11 പന്തിൽ 21 റൺസെടുത്ത ഷെഫാലി വർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
ഓവർ കുറച്ചെങ്കിലും മത്സരം പൂർത്തിയാക്കാനുള്ള ശ്രമവും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിച്ചു. തുടർന്നാണ് ഡിഎൽഎസ് രീതി അനുസരിച്ച് 21 റൺസിന് ഇന്ത്യയെ വിജയി ആയി പ്രഖ്യാപിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.
ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഢി നാല് വിക്കറ്റെടുത്തു. രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതവും ക്രാന്തി ഗൗഡും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
🔹വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി. കൈലിമുണ്ടും ഷർട്ടും ഇട്ട് ഒരു സാധാരണക്കാരന്റെ വേഷം. മനസിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവം.പ്രേക്ഷകർ നെഞ്ചോടു ചേർത്ത ജോർജുകുട്ടിയുടെ പുതിയ ലുക്കോടെ ദൃശ്യം -3യുടെ പുതിയ പോസ്റ്റർ എത്തി.ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു. പിആർഒ-വാഴൂർ ജോസ്.
🔹മലയാള സിനിമയുടെ സുവർണകാലത്തിലൂടെ ആണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തീയറ്ററിൽ നിറഞ്ഞാടിയ പല ചിലറ്റങ്ങളുടെയും ഒടിടിയിലേക്കുള്ള കടന്നുവരവിനായി കാത്തിരിക്കുകയാണ് പലരും. അത്തരത്തിൽ ഈ ആഴ്ച നമ്മുടെ സ്വീകരണമുറിയിലേക്ക് എത്തിയ മലയാള ചിത്രങ്ങൾ ഏതൊക്കെ ആണെന്ന് നോക്കിയാലോ ?
റാസ.
ജെസന്‍ ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘റാസ’. ജെസന്‍ ജോസഫ്, കൈലാഷ്, മിഥുന് നളിനി, ജാനകി ജീത്തു എന്നിവർ ആണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനോരമ മാക്സിൽ ആണ് ചിത്രം എത്തിയിരിക്കുന്നത്.
ദി പ്രൊട്ടക്ടർ
ഷൈൻ ടോം ചാക്കോ, മണിക്കുട്ടന് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ദി പ്രൊട്ടക്ടർ’ ഒടിടിയിലെത്തി. ചിത്രത്തിന്റെ സംവിധായകൻ ജി.എം. മനു ആണ്. ചിത്രം മനോരമ മാക്സിൽ ഇപ്പോൾ കാണാം.
ബേബി ഗേൾ
നിവിൻ പോളി, ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബേബി ഗേൾ ഒടിടിയിൽ എത്തി. ചിത്രം ഗേൾ സോണി ലിവിൽ കാണാം.
പാതിരാത്രി
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത ക്രൈം ത്രില്ലർ പാതിരാത്രി ഒടിടിയിൽ വന്നു. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം സീ ഫൈവിൽ കാണാം.
മിണ്ടിയും പറഞ്ഞും
ഉണ്ണി മുകുന്ദനും അപർണ്ണ ബാലമുരളിയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ‘മിണ്ടിയും പറഞ്ഞും’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. പ്രശസ്ത എഴുത്തുകാരൻ ഒ. ഹെൻറിയുടെ ‘ദ ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന വിശ്വവിഖ്യാതമായ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുക്കിയത്. ചിത്രം സൺ നെസ്റ്റിൽ കാണാം.
💦 ഗുരുജിയുടെ വാക്കുകൾ
🔹പ്രതിസന്ധികളുടെ ആഴത്തേക്കാൾ അവയോടുള്ള സമീപനത്തിലെ അപാകതയാണ് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്._
നിയന്ത്രിക്കാൻ ആകാത്ത സാഹചര്യങ്ങളെക്കാൾ അപകടകരം നിയന്ത്രിക്കാൻ ആകാത്ത മനസ്സാണ്. നിസ്സഹായനാണ് എന്ന് ഉറപ്പുള്ളപ്പോൾ സംയമനത്തോടെ ഇരിക്കുന്നതാണ് ഉചിതം . എന്നാൽ സാമാന്യ ബുദ്ധി കൊണ്ടോ സാഹസികത കൊണ്ടോ വരുതിയിൽ ആക്കാനുള്ള സാധ്യതയുണ്ടെങ്കിൽ അതിനായി മുന്നിട്ടിറങ്ങാനുള്ള സന്നദ്ധതയും വേണം.



