Friday, October 2, 2026
Homeകേരളംശബരിമലയിലെ താൽക്കാലിക ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

ശബരിമലയിലെ താൽക്കാലിക ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാർ നടത്തിയ അസ്വാഭാവികമായ പണമിടപാടുകളിൽ കേരള ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

സന്നിധാനത്തെ സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ചുരുങ്ങിയ കാലയളവിനുള്ളിൽ സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി മാത്രം 14 ലക്ഷത്തിലധികം രൂപയുടെ പണമിടപാടുകൾ നടന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രതിദിനം വെറും 650 രൂപ വേതനത്തിന് ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരിൽ ചിലർ, തീർത്ഥാടന കാലയളവിൽ ഒരു ലക്ഷം രൂപ വരെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി അയച്ചു നൽകിയതായി കണ്ടെത്തി. ശമ്പളം സീസൺ അവസാനിക്കുമ്പോൾ മാത്രം അക്കൗണ്ടിലേക്ക് നൽകുന്നതാണ് രീതി. എന്നാൽ, ഡ്യൂട്ടിക്കിടയിൽ തന്നെ ഇത്രയും വലിയ തുകകൾ പോസ്റ്റ് ഓഫീസ് മണിയോഡറായും ബാങ്കുകൾ വഴിയും ഇവർ കൈമാറിയത് ദേവസ്വം വിജിലൻസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

സംശയാസ്പദമായ രീതിയിൽ പണമയച്ച ജീവനക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ ഹാജരാകാൻ തയാറായില്ല. ഇതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി ഗൗരവതരമാണെന്ന് വിജിലൻസ് നിഗമനത്തിലെത്തിയത്.

2025, 2026 കാലഘട്ടത്തിൽ സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന താൽക്കാലിക-സ്ഥിരം ജീവനക്കാരുടെ പൂർണമായ വിവരങ്ങൾ ശേഖരിക്കാൻ കോടതി നിർദേശിച്ചു. അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽ നിന്നാണ് ഈ ക്രമക്കേടിനെക്കുറിച്ചുള്ള പ്രാഥമിക വിവരം വിജിലൻസിന് ലഭിച്ചത്. ഭക്തരിൽ നിന്നും വഴിപാടുകളിൽ നിന്നുമുള്ള തുക ജീവനക്കാർ അനധികൃതമായി കൈക്കലാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ