ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ) എന്ന കൃതിയിലൂടെ 1997-ലെ മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ് അരുന്ധതി റോയ്. ഇവരുടെ 1960 നവംബര്‍ 24-ന് മേഘാലയയിലെ ഷില്ലോങ്ങിലാണ് ജനിച്ചത്. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയ്. പിതാവ് രാജീബ് റോയ്, ഒരു ബംഗാളി ബ്രാഹ്മണനായിരുന്നു.
ബാല്യകാലം കേരളത്തിൽ ചിലവഴിച്ചു. പഠനത്തിനു ശേഷം ആർകിടെക്റ്റ്, എയ്റോബിക് പരിശീലക എന്നീ നിലകളിൽ ജോലി ചെയ്തു. ദി എന്‍ഡ് ഓഫ് ഇമാജിനേഷന്, ദി ആള്‍ജിബ്രാ ഓഫ് ഇന്‍ഫിനിറ്റ് ജസ്റ്റിസ്, ആന്‍ ഓര്‍ഡിനറി പേഴ്സണ്‍സ് ഗൈഡ് ടു എംപയര്‍, ദി ഷേപ് ഓഫ് ദ ബീസ്റ്റ്, ലിസണിങ് റ്റു ഗ്രാസ്ഹോപ്പേഴ്സ്, ബ്രോക്കണ്‍ റിപ്പബ്ലിക്ക്, ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്സ് തുടങ്ങിയവ പ്രധാന കൃതികള്‍. ഇൻ വിച് ആന്നീ ഗിവ്സ് ഇറ്റ് ടു ദോസ് വൺസ്, ഇലക്ട്രിക് മൂൺ എന്നീ ചലച്ചിത്രങ്ങൾക്കും പല ടി.വി. പരിപാടികൾക്കും വേണ്ടി തൂലിക ചലിപ്പിച്ചു.
ദി ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ് എന്ന കൃതിക്കാണ് 1998-ലെ ബുക്കര്‍ പുരസ്കാരം ലഭിച്ചത്. കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയാണ് നോവല്‍ രചിച്ചിരിക്കുന്നത്. പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളില്‍ തന്നെ 350,000ത്തിലധികം പ്രതികള്‍ വിറ്റഴിഞ്ഞ നോവല്‍ 24 ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. പ്രിയ.എ.എസ് തയ്യാറാക്കിയ മലയാള പരിഭാഷ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്ന പേരിൽ ഡി.സി. ബുക്സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .അമ്മു എന്ന സുറിയാനി ക്രിസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വർണ്ണനയാണ് കഥയുടെ കേന്ദ്രം. അമ്മു വെളുത്തയെ സ്നേഹിച്ച്, രാത്രികളിൽ മീനച്ചിൽ ആറിന്റെ തീരത്ത് സ്ഥിരമായി (രഹസ്യമായി) കണ്ടുമുട്ടിയിരുന്നു.
ഈ ബന്ധം മനസ്സിലാക്കിയ സവർണ്ണ സുറിയാനി ക്രിസ്ത്യാനി ബന്ധുക്കളും, ഒരു കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേർന്ന് അയാളെ ഒരു കള്ള വ്യവഹാരത്തിൽ കുടുക്കി പോലീസ് ഇൻസ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് സംഭവം. ഇ.കെ. നായനാർ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, അയ്ജാസ് അഹമ്മദ് തുടങ്ങിയവർ ഈ കൃതിയെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നും, ലൈംഗിക അരാജകത്വം നിറഞ്ഞത് എന്നും മുദ്രകുത്തി. ബൂർഷ്വാ സമൂഹത്തിലെ അപചയത്തിന്റെ സാഹിത്യം എന്നാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് ഈ കൃതിയെ വിലയിരുത്തിയത്. ചിന്ന വിഷയങ്ങളിൻ കടവുൾ എന്ന പേരിൽ പുസ്തകത്തിന്റെ തമിഴ് പരിഭാഷ പുറത്തിറക്കിയിട്ടുണ്ട്.
എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവര്‍ത്തക കൂടിയാണ് അരുന്ധതി റോയി. ഇന്ത്യയിലെ ജനകീയ ഇടപെടലുകളോടെ നടന്ന നിരവധി സമരങ്ങളില്‍ ക്രിയാത്മകസാന്നിദ്ധ്യമായിരുന്നു അരുന്ധതി റോയ്. ഇൻഡ്യ 1998 ൽ നടത്തിയ അണു സ്ഫോടന പരീക്ഷണത്തെയും ശക്തമായി വിമർശിക്കുകയും. വധ ശിക്ഷ വിധിക്കപ്പെട്ട അഫ്സൽ ഗുരുവിന്റെ ശിക്ഷയ്ക്ക് എതിരെ പ്രതികരിക്കുകയും, കോടതി നടപടികൾ വിശകലനം ചെയ്ത മാധ്യമങ്ങളെ ആക്ഷേപിക്കുകയും ചെയ്തു. 2003 ൽ വയനാട് ജില്ലയിലെ മുത്തങ്ങയിൽ പോലീസും ആദിവാസികളുമായുണ്ടായ സംഘർഷത്തിനെതിരെ മുഖ്യമന്ത്രിയായിരുന്ന എ. കെ. ആന്റണിയ്ക്ക് “താങ്കളുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു” എന്ന തുറന്ന കത്ത് എഴുതി.
2010 ഒക്ടോബർ 21ന് കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് സംഘടിപ്പിച്ച ചടങ്ങിൽ “ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയിൽനിന്നു സ്വാതന്ത്ര്യം നേടാൻ ശ്രമിക്കണമെന്നും” പ്രസംഗിച്ചത്തിന്റെ പേരിൽ അരുന്ധതിറോയി യുടെ പേരിലും കശ്മീർ കേന്ദ്ര സർവകലാശാലയിലെ മുൻ പ്രഫസർ ഷെയ്ക് ഷൗക്കത്ത് ഹുസൈൻ, കശ്മീരിലെ വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാല മുൻ അധ്യാപകൻ സയ്യദ് അബ്ദുൽ റഹ്മാൻ ഗീലാനി എന്നിവർക്കെതിരെയും
കേസെടുത്തിരുന്നു.



