പ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു (37) വാഹനാപകടത്തിൽ മരിച്ചു. പഞ്ചാബിലെ മൻസ ജില്ലയിൽവെച്ചായിരുന്നു അപകടം. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെ മൻസ – പട്യാല റോഡിൽ അദ്ദേഹത്തിൻ്റെ കാർ ഒരു ട്രക്കിലിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ വാഹനം പൂർണ്ണമായും തകർന്നു. ഗായകൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ഗായിക മിസ് പൂജയോടൊപ്പമുള്ള 🎶 പേപ്പർ ജാ പ്യാർ…. എന്ന ഗാനം തരംഗമായിരുന്നു. ഈ ഗാനം അദ്ദേഹത്തിന് വലിയ അംഗീകാരങ്ങൾ നേടിക്കൊടുത്തു.
‘പേപ്പർ തേ പ്യാർ’ എന്ന ഹിറ്റ് കാസറ്റ് ട്രാക്കിലൂടെയാണ് ഹർമൻ സിദ്ധു പ്രശസ്തിയിലേക്ക് ഉയർന്നത്. ഈ ഗാനത്തിലൂടെ ഹർമൻ ഒരു ജനപ്രിയ സ്റ്റേജ് കലാകാരനായി ഉയർന്നു. നിരവധി ആൽബങ്ങളിൽ ഗായിക പൂജയുമായി സഹകരിച്ചത് അദ്ദേഹത്തിൻ്റെ പ്രശസ്തി വർദ്ധിപ്പിച്ചു.
🎶 കോയി ചക്കർ നയി….
🎶 ബേബേ ബാപ്പു….
🎶 ബബ്ബർ ഷേർ…
🎶 മുൾട്ടാൻ വേഴ്സസ് റഷ്യ… എന്നിവ ശ്രദ്ധേയമായ ഗാനങ്ങളിൽ ഉൾപ്പെടുന്നു.
2009-ൽ പുറത്തിറങ്ങിയ ‘ലാഡിയ’ എന്ന ആൽബത്തിലെ പിണ്ഡ്, ‘മേള’, ‘പേപ്പർ യാ പ്യാർ’, ‘ഖേതി’, ‘മൊബൈൽ’, ‘പൈ ഗയാ പ്യാർ’, ‘സാരി രാത് പർദി’, ‘തകേവൻ ജട്ടൻ ദാ’, ‘പിൻഡ്’ എന്നിവയാണ് ഹർമൻ്റേതായി പുറത്തിറങ്ങിയ മറ്റ് പ്രശസ്തമായ ട്രാക്കുകൾ. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും അദ്ദേഹത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. ഹർമൻ സിദ്ധു മ്യൂസിക് എന്ന പേരിൽ 13.1K സബ്സ്ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലും ഗായകനുണ്ട്. പഞ്ചാബി സംഗീത രംഗത്ത് വർഷങ്ങളായി ഹർമാൻ സിദ്ധു സജീവമായിരുന്നു. തന്റെ അതുല്യമായ ശബ്ദം കൊണ്ട് അദ്ദേഹം നിരവധി ആരാധകരെ നേടിയെടുത്തു.
അദ്ദേഹത്തിൻ്റെ മരണം സംഗീതലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഭാര്യയും ഒരു മകളുമുണ്ട്.



