പങ്കിടലിന്റെ സമ്പന്നത (ലൂക്കോ.12:13 -21)
“ദൈവ വിഷയമായി സമ്പന്നനാകാതെ തനിക്കു തന്നെ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു ” (വാ. 21).
സമ്പത്തിന്റെ മടിത്തട്ടിലിലല്ല സുവിശേഷം പിറന്നു വീണത്. മറിച്ചു സമ്പന്നനായവൻ സ്വയം ദരിദ്രനായി, താണവരെ തേടി ഇറങ്ങി വന്നതാണു സാക്ഷാൽ സുവിശേഷം! (2 കോരി. 8:9). അവൻ വിശന്നുവലഞ്ഞവരെ നമകളാൽ സമ്പന്നരാക്കുകയും, തകർന്ന ഹൃദയമുള്ളവരെ വിശ്വാസത്തിന്റെ സമ്പന്നതയിലേക്കു കൈ പിടിച്ചു ഉയർത്തുകയും ചെയ്തു. യേശുവിനെ കണ്ടും അവന്റെ വിളി കേട്ടും ഇറങ്ങിയവർക്ക്, അവൻ സാമ്പത്തിക അനുഗ്രഹങ്ങളുടെ കലവറ തുറന്നു കാട്ടി, മോഹന സുന്ദര വാഗ്ദാനങ്ങളൊന്നും നൽകിയില്ല. മറിച്ച്, കുരിശ് എടുത്തു തന്നെ അനുഗമിക്കാനുള്ള ആഹ്വാനമാണു നൽകിയത്!(മർക്കോ. 8:34). തന്റെ അടുക്കൽ വന്നവരെ, അവരുടെ സമ്പത്തിന്റെ വലുപ്പം നോക്കിയല്ല താൻ സ്വീകരിച്ചത്. വഴിത്തലയ്ക്കൽ ഇരുന്നു അലറിക്കരഞ്ഞ ഭിക്ഷക്കാരനെയും, സമ്പന്നനായ സഖായിയേയും മുഖപക്ഷം അശേഷമില്ലാതെ, ഒരേ കണ്ണു കൊണ്ടാണവൻ വീക്ഷിച്ചത്! സമൂഹത്തിലെ സമ്പന്നർ യേശുവിനു മുമ്പിൽ ദരിദ്രരും, ദരിദ്രർ ഭാഗ്യവാന്മാരും ആയിരുന്നു! (ലൂക്കോ. 6:20 ; 24, 25).
ലോകം സമ്പത്തിന്റെ കണ്ണുകളിൽ കൂടി മനുഷ്യരെ നോക്കി വിലയിരുത്തുമ്പോൾ, യേശു ദൈവത്തിന്റെ കണ്ണുകളിൽ കൂടി നോക്കി, അവരെ വിലയിരുത്തുന്നു! ലോക മനുഷ്യർ പ്രതാപത്തിന്റെയും പ്രശസ്തിയുടെയും കൊടിക്കീഴിൽ അണി നിരക്കാൻ ശ്രമിക്കുമ്പോൾ, യേശു ആഗ്രഹിക്കുന്നതു
തന്റെ അനുധാവനം ചെയ്യാൻ ആഗ്രഹിക്കുന്നവർ, സ്നേഹത്തിന്റെയും കരുണയുടെയും കൊടി ഉയർത്തിപ്പിടിക്കണമെന്നാണ്. യേശുവിന്റെ വീക്ഷണത്തിൽ, കൂട്ടി വയ്ക്കുന്നവർ ദരിദ്രരും, പങ്കിടുന്നവർ അനുഗ്രഹീതരും ആണ്! അതിനാലാണു ധ്യാന ഭാഗത്ത്, ദൈവം കനിഞ്ഞു നൽകിയ നല്ല വിളവ്, അതിനായി അദ്ധ്വാനിച്ചവർക്കായും, ആവശ്യത്തിൽ ഇരിക്കുന്ന വർക്കായും പങ്കിട്ടു നൽകാതെ, കൂട്ടി വെച്ചു സ്വകീയമായി മാത്രം ആസ്വദിക്കുവാൻ ശ്രമിച്ചവനെ, താൻ മൂഢൻ എന്നു സംബോധന ചെയ്യുന്നത്! കാരണം, അവൻ ദൈവ വിഷയമായി സമ്പന്നനാകാൻ താൽപര്യമില്ലാത്തവനായിരുന്നു.
ദർശനം നഷ്ടപ്പെടുത്തി കൂടാരത്തിന്റെ നടുവിൽ സമ്പത്തു കുഴിച്ചിടുന്ന ആഖാന്മാരെ നോക്കി, ഇന്നും വിലപിക്കുന്നവനാണു ദൈവം. വസ്തു വകകൾ കൂടുകയും, വിളവുകൾ വർദ്ധിക്കുകയും ചെയ്യുമ്പോൾ, അതു പങ്കു
വയ്ക്കാതെ, സ്വന്തം പണ്ടികശാലകൾ പൊളിച്ചു പണിത് അതു കൂട്ടി വയ്ക്കുന്നവരോടു ദൈവം ഇന്നും ചോദിക്കുന്നു: “മൂഢാ ഈ രാത്രി നിന്റെ പ്രാണനെ നിന്നോടു ചോദിച്ചാൽ, നീ കൂട്ടി വെച്ചത് ആർക്കാകും?” (വാ. 20,21). ദൈവ വിഷയമായി സമ്പന്നരാകാനും, പങ്കിടലിന്റെ സൗഭാഗ്യം കണ്ടെത്തി അതു പ്രാവർത്തികമാക്കാനും നമുക്കു യത്നിക്കാം. ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: സ്നേഹത്തിലും കരുണയിലും പങ്കിടുന്നതിലും സമ്പന്നരാണ്,
യഥാർത്ഥ സമ്പന്നർ!



