Tuesday, September 29, 2026
Homeഅമേരിക്കപുരാണകഥകളിലൂടെ ഒരു യാത്ര.. (18) "ഭീഷ്മർ" ✍ ശ്യാമള ഹരിദാസ്.

പുരാണകഥകളിലൂടെ ഒരു യാത്ര.. (18) “ഭീഷ്മർ” ✍ ശ്യാമള ഹരിദാസ്.

മഹാഭരതത്തിൽ തന്നെ ഏറ്റവും കുടുതല്‍ വിമർശനങ്ങൾക്ക് ഇരയായ ഒരു കഥാപാത്രമാണ് ഭീഷ്മർ. നമ്മുക്ക് ഭീഷ്മരെ ശരിക്കും ഒന്ന് പരിച്ചയപ്പെടാം ആരാണ് ഭീഷ്മർ?

ഇതിൽ പറയുന്ന കാര്യം മനസ്സിലാവണം എങ്കിൽ ഒരു തവണയെങ്കിലും മഹാഭാരതം വായിച്ചിരിക്കണം.

മഹാഭാരതത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊന്നാണ് ഭീഷ്മർ അഥവാ ദേവവ്രതൻ. കുരുവംശത്തിലെ ശന്തനു മഹരാജാവിന്റേയും ഗംഗാദേവിയുടേയും മകനാണ്. പാണ്ഡവരുടെയുംകൗരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം. ഭീഷ്മർക്ക് സ്വന്തം ഇച്ഛ പ്രകാരമേ മരണം സംഭവിക്കൂ എന്ന വരം ലഭിച്ചിരുന്നു. സ്വന്തം പിതാവിനു വേണ്ടി മരണം വരെ ബ്രഹ്മചര്യമനുഷ്ഠിച്ച ഭീഷ്മരെ നിസ്സ്വാർത്ഥതയുടെ പ്രതീകമായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഒരിക്കൽ വസിഷ്ഠ മഹർഷിയുടെ നന്ദിനിയെന്ന പശുവിനെ അഷ്ടവസുക്കൾ മോഷ്ടിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ മഹർഷി അവരെ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു. എങ്കിലും മോഷണത്തിനു നേതൃത്വം കൊടുത്ത പ്രഭാസനെന്ന വസുവൊഴിച്ച് മറ്റെല്ലാവരും ജനിച്ചയുടനെ മരിച്ച് ശാപമുക്തരാകുമെന്നും പ്രഭാസൻ ഭൂമിയിൽ ദീർഘകാലം ജീവിക്കുമെന്നും മഹർഷി ശാപമോക്ഷം നൽകുന്നു. അങ്ങനെ പ്രഭാസനെന്ന വസുവാണ് ഭീഷ്മരായി ജനിക്കുന്നത്.

ഒരിക്കൽ കുരുവംശരാജാവായ ശന്തനുഗംഗാനദിയുടെ തീരത്ത് നിൽക്കുന്ന സുന്ദരിയായ യുവതിയെക്കണ്ട് പ്രണയതരളിതനാകുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ആ യുവതി മനുഷ്യ രൂപം പൂണ്ട ഗംഗാദേവിയായിരുന്നു. ഒരവസരത്തിലും തന്റെ ചെയ്തികളെക്കുറിച്ച് യാതൊരു ചോദ്യങ്ങളുമുന്നയിക്കില്ലെന്ന് ഉറപ്പു നല്കുകയാണെങ്കിൽ ശന്തനുവിനെ വിവാഹം കഴിക്കാമെന്ന് ഗംഗാദേവി അറിയിച്ചു. അപ്രകാരം സമ്മതിച്ച ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ഏറെ താമസിയാതെ അവർക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. എന്നാൽ പിറന്നയുടൻതന്നെ ഗംഗാദേവി കുട്ടിയെ നദിയിൽ മുക്കി കൊന്നുകളഞ്ഞു. വസുക്കൾക്ക് ശാപമോക്ഷം നൽകാനാണ് ദേവി ഇപ്രകാരം പ്രവർത്തിച്ചത്. ഗംഗാദേവിയുടെ ചെയ്തികളെക്കുറിച്ച് ചോദിക്കില്ലെന്ന് ഉറപ്പുനല്കിയതിനാൽ എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന ചോദിക്കാനും ശന്തനുവിന് സാധിച്ചില്ല. ഓരോ കുട്ടി പിറക്കുമ്പോഴും ഗംഗ അവരെയെല്ലം നദിയിൽ മുക്കുക പതിവായി. അങ്ങനെ എട്ടാമത്തെ പുത്രന് ജന്മം നല്കിയപ്പോൾ അവനെയും ഗംഗാദേവി നദിയിൽ മുക്കാൻ തുനിഞ്ഞു. അക്ഷമനായ ശന്തനു ഗംഗാദേവിയെ തടഞ്ഞ് എന്തുകൊണ്ടാണ് കുട്ടികളെ നദിയിൽ മുക്കിക്കൊല്ലുന്നതെന്ന് ആരാഞ്ഞു. ശപഥം തെറ്റിച്ച മഹാരാജാവിനെ ഉപേക്ഷിച്ച് പുത്രനേയും കൊണ്ട് ഗംഗ പോകുകയും ചെയ്തതു. പോകുമ്പോൾ മകൻ യുവാവാകുമ്പോൾ അവനെ തിരിച്ചേൽപ്പിക്കാമെന്ന് ഗംഗാദേവി രാജാവിന് ഉറപ്പു കൊടുത്തു.

ഗംഗാദേവി യുവാവായ ദേവവ്രതനെ തിരിച്ചേല്പിക്കുകയും ശന്തനു അദ്ദേഹത്തെ യുവരാജാവാക്കി നിയമിക്കുകയും ചെയ്തു. ഇക്കാലഘട്ടത്തിലാണ് ശന്തനു സുന്ദരിയായ മത്സ്യകന്യക സത്യവതിയെ കണ്ടുമുട്ടുന്നത്. പ്രഥമദൃഷ്ടിയിൽത്തന്നെ അവളുമായി പ്രണയത്തിലായ ശന്തനു സത്യവതിയുടെ പിതാവായ ദാസരാജനോട് മകളെ തനിക്ക് വിവാഹം കഴിച്ചുതരാൻ അഭ്യർത്ഥിച്ചു. എന്നാൽ സത്യവതിയിൽ ശന്തനുവിന് പിറക്കുന്ന മകനെ അടുത്ത രാജാവാക്കുകയാണെങ്കിൽ മാത്രമേ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുക്കുകയുള്ളൂവെന്ന് ദാസരാജൻ വ്യക്തമാക്കി.

സത്യവതിയുടെ പിതാവ് ആവശ്യപ്പെട്ട കാര്യം സാധിച്ചു കൊടുക്കാന്‍ കഴിയാതെ രാജാവായ ശാന്തനു കൊട്ടാരത്തില്‍ എത്തി.

ഇത്രയും ഭാഗത്തെ ഒന്ന് നിരൂപണം ചെയ്തു നോക്കാം

അഷ്ട വസുക്കളെ ശപിച്ചത്‌ വസിഷ്ടനാണ് അതില്‍ ഭൂമിയില്‍ നില്‍ക്കാന്‍ വിധിയുണ്ടായത് എട്ടാമത്തെ ദേവനായ ദ്യോവിനു ആണ് മോഷണം ആണല്ലോ ശാപത്തിന് കാരണം അപ്പോള്‍ ദ്യോവിന്റെ മനുഷ്യ ജന്മം ആയ ദേവവ്രതനെ ധര്‍മ്മ ശാസ്ത്രങ്ങള്‍ പഠിപ്പിച്ചു ദേവാവസ്ഥയില്‍ ഉണ്ടായിരുന്ന ആ അധര്‍മ്മ സ്വഭാവം മനുഷ്യാവസ്ഥയില്‍ വസിഷ്ടന്‍ നീക്കി അങ്ങിനെ ദേവവ്രതന്‍ ധ്ര്മ്മിഷ്ടനായി ഒരു ഗുരുവിന്റെ ധര്‍മ്മം ശിക്ഷിക്കുക മാത്രമല്ല നേരെ ആക്കല്‍ കൂടിയാണ് എന്ന് വസിഷ്ടനില്‍ കൂടി വ്യാസന്‍ നമ്മെ ബോധിപ്പിക്കുന്നു അപ്പോള്‍ ദേവവ്രതന്‍ ധര്‍മ്മിഷ്ടന്‍ ആണ് എന്ന ഉറച്ച വിശ്വാസത്തില്‍ വേണം ഇനി ഇവിടുന്നങ്ങോട്ട്‌ ഉള്ള വ്യാഖ്യാനം ഇവിടെ തെറ്റ് പറ്റിയാല്‍ ഭീഷ്മര്‍ എന്ന കഥാപാത്രം നമ്മുടെ മുന്നില്‍ വികലമായിത്തീരും എട്ടാമത്തെ കുട്ടിയെ ഗംഗ കൊണ്ട് പോയി പ്രായ പൂര്‍ത്തി എത്തിയതിനു ശേഷം ഏല്‍പ്പിക്കാം എന്നാ വ്യവസ്ഥയില്‍. ഈ സംഭവത്തിലൂടെ ഒരു കുഞ്ഞു അമ്മയുടെ പരിചരണം കിട്ടി വേണം വളരാന്‍ എന്ന സന്ദേശം നമുക്ക് വ്യാസന്‍ തരുന്നു ഇന്നും കോടതി വിധി അങ്ങിനെ ആണല്ലോ വിവാഹ മോചന സമയത്ത് കുഞ്ഞു അമ്മയുടെ കൂടെ കഴിയട്ടെ പ്രായപൂര്‍ത്തി എത്തിയാല്‍ കുഞ്ഞു തീരുമാനിക്കട്ടെ ആരുടെ കൂടെ കഴിയണം എന്നുള്ളത്.

പിതാവിന്റെ അസ്വസ്ഥതയുടെ കാരണം ദേവവ്രതന്‍ ആരാഞ്ഞു സംഭവം മനസ്സിലാക്കിയ ദേവവ്രതന്‍ ഭടന്മാരോട് തേര് ഒരുക്കുവാന്‍ പറഞ്ഞു. മുക്കുവക്കുടിലില്‍ എത്തിയ കുമാരന്‍ പറഞ്ഞു സത്യവതിയെ ഞാന്‍ അമ്മയായി സ്വീകരിച്ചിരിക്കുന്നു തേരില്‍ കയറുക. അപ്പോള്‍ മുക്കുവന്‍ പറഞ്ഞു. കുമാരാ എന്റെ മകളില്‍ അങ്ങയുടെ പിതാവിന് പിറക്കുന്ന കുഞ്ഞു ആയിരിക്കണം അടുത്ത അവകാശി. ഇത് കേട്ട ദേവവ്രതന്‍ പറഞ്ഞു, ഞാന്‍ എന്റെ പിതാവിന് വേണ്ടി എന്നെന്നേക്കുമായി രാജ്യം ഒഴിവാക്കിയിരിക്കുന്നു. സന്തോഷത്തോടെ തേരില്‍ കയറുക. അപ്പോള്‍ മുക്കുവന്‍ ഒന്ന് കൂടി പറഞ്ഞു. കുമാരാ ഇത് അങ്ങയുടെ വാക്ക് പക്ഷെ അങ്ങക്ക്‌ ഒരു കുഞ്ഞു ജനിച്ചു അവകാശവും ആയി വന്നാലോ? ഇത് കേട്ട ദേവവ്രതന്‍ എന്നാല്‍ ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല എനിക്ക് കുഞ്ഞും ജനിക്കില്ല ഇത്രയും കഠിനമായ ശപഥം ചെയ്തതിനാല്‍ ദേവകള്‍ പുഷ്പ വൃഷ്ടി നടത്തി ഇവന്‍ തന്നെ ഭീഷ്മര്‍ എന്ന് അശരീരിയും ഉണ്ടായി ഇവിടെ പലരും ദേവവ്രതന്റെ ഈ സത് പ്രവര്‍ത്തിയെ തെറ്റായി കാണുന്നു പിതാവിന്റെ കാമ ഭ്രാന്തിനു കൂട്ട് നിന്നവന്‍ എന്നൊരു പഴി ഭീഷ്മര്‍ക്ക് നേരെ പ്രയോഗിക്കുന്നു സത്യത്തില്‍ അതാണോ? അമ്മയുടെ മൂല്യം ഭീഷ്മര്‍ക്ക് ശരിക്കും അറിയാം ഗംഗ ഉപേക്ഷിച്ചു പോയി അതിനു കാരണവും ഉണ്ട് ഇനി ഒരമ്മ വേണം മാത്രമല്ല അശ്വമേധം പോലുള്ള യാഗം നടത്തണം എങ്കില്‍ രാജാവിന് പട്ട മഹിഷി വേണം താനും അപ്പോള്‍ പിതാവിന് വേണ്ടി ആണെങ്കിലും തനിക്കു ഒരമ്മ അതായിരുന്നു ഭീഷ്മരുടെ ലക്‌ഷ്യം. അമ്മ അഥവാ പട്ടമഹിഷി ഇല്ലാത്ത രാജ്യം വരണ്ടു കിടക്കുന്ന തരിശു ഭൂമിപോല്രെ ആണ്. സത്യവതിയെ ശാന്തനുവിന്റെ മുന്നില്‍ കൊണ്ട് പോയി നിര്‍ത്തി ഭീഷ്മര്‍ പറഞ്ഞു, ഞാന്‍ അമ്മയായി സ്വീകരിച്ചിരിക്കുന്നു. പിതാവേ ഇനി അങ്ങ് പത്നിയായി സ്വീകരിച്ചു കൊള്ളുക. സന്തോഷത്തോടെ ശാന്തനു പുത്രനെ ആലിംഗനം ചെയ്തു വരവും കൊടുത്തു. “സ്വച്ഛന്ദ മൃത്യു ഭവ” നിനക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രമേ നീ മരിക്കൂ. അന്നുമുതല്‍ ഭീഷ്മര്‍ അജയ്യനായി. പക്ഷെ ധര്‍മ്ന്മ്മിഷ്ടനായ ശാന്തനു ചിന്തിച്ചു തന്റെ ഇഷ്ടം പാലിക്കാന്‍ പുത്രന്‍ വലിയൊരു ത്യാഗം ആണല്ലോ ചെയ്തത് ഇതിനൊക്കെ കാരണം ആ മുക്കുവന്റെ സ്വാര്‍ഥത അല്ലെ? ഭാരതത്തിലെ പട്ടമഹിഷി ആവുക എന്നത് തന്നെ സത്യവതിയെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ് അതും പോരാഞ്ഞു തന്റെ പുത്രന്റെ ഭൌതിക ജീവിതം മുക്കുവന്‍ തകര്‍ത്തില്ലേ? ശാന്തനുവിനു കോപം ജ്വലിച്ചു ആ മുക്കുവന്റെ ആഗ്രഹം നടക്കാതെ പോകട്ടെ മനസ്സില്‍ ശാപം നുരഞ്ഞു പൊന്തി…

സത്യവതിയില്‍ ശാന്തനു മഹാരാജാവിനു രണ്ടു ആണ്‍കുട്ടികള്‍ ജനിച്ചു. ചിത്രാംഗദന്‍ ,വിചിത്ര വീര്യന്‍ എന്നിവര്‍. വിചിത്ര വീര്യന്‍ ജനിച്ചു അധികം കഴിയുന്നതിനു മുന്‍പ് തന്നെ ശാന്തനു ഇഹലോകവാസം വെടിഞ്ഞു. പിന്നെ സത്യവതിയെയും കുഞ്ഞുങ്ങളെയും നോക്കിയത് ഭീഷ്മര്‍ ആണ്. ഒരു കാര്യസ്ഥന്‍ എന്ന നിലയില്‍ രാജ്യം പരിപാലിച്ചു പോന്നു. ഇവിടെ പലരും പറയാറുണ്ട്‌, ശപഥം ചെയ്ത ഭീഷ്മര്‍ കൊട്ടാരത്തില്‍ നില്‍ക്കരുതായിരുന്നു എന്ന്. തീരെ ആലോചിക്കാതെ പറയുന്നതാണ് ഇത് തനിക്കു അവകാശപ്പെട്ട രാജ്യം ഉപേക്ഷിക്കുകയും വിവാഹം കഴിക്കില്ല എന്ന് സത്യം ചെയ്യുകയും ആണ് ഭീഷ്മര്‍ ചെയ്തത് പുത്രന്‍ എന്ന നിലയില്‍ കൊട്ടാരത്തില്‍ ത്താമാസിക്കുവാനുള്ള അവകാശം ഭീഷ്മര്‍ കളഞ്ഞിട്ടില്ല. രാജാവ് എന്നാ പദവി ആണ് ഉപേക്ഷിച്ചത്. മാത്രമല്ല ഭീഷ്മര്‍ ശാന്തനു മരിച്ചപ്പോള്‍ അവിടെ ഇല്ലായിരുന്നു എങ്കില്‍? ഭീഷ്മര്‍ സര്‍വാംഗപരിത്യാഗി ആയി പോയി എങ്കില്‍ ആ രാജ്യത്തെ സ്ഥിതി എന്താകുമായിരുന്നു? ചെറിയ രണ്ടു കുഞ്ഞുങ്ങളെയും വെച്ച് സത്യവതി എങ്ങിനെ രാജ്യം ഭരിക്കും? സ്വച്ഛന്ദമായ മൃത്യു വരം ലഭിച്ച ഭീഷ്മര്‍ അജയ്യന്‍ ആണ് എല്ലാവര്ക്കും പേടിയും ആണ് അത് കൊണ്ട് രാജാവ് ഇല്ലെങ്കിലും രാജ്യത്തിന്‍റെ ഭരണം ഒരു ബിനാമി എന്നാ നിലക്ക് ഭീഷ്മര്‍ കൈകാര്യം ചെയ്തു. ഇതില്‍ എന്താണ് അപാകത?സത്യവതിയെയും കുഞ്ഞുങ്ങളെയും നോക്കാതെ രാജ്യം വിട്ടു പോയിരുന്നെങ്കില്‍ അതാകുമായിരുന്നില്ലേ അധര്‍മ്മം? പുത്രാ ധര്‍മ്മത്തില്‍ പെട്ടതല്ലേ അമ്മയെയും അനുജന്മാരെയും നോക്കുക എന്നത്? അപ്പോള്‍ എന്ത് കണ്ടിട്ടാണ് വിമര്‍ശകര്‍ ഈ കാര്യത്തില്‍ ഭീഷ്മരെ വിമര്‍ശിക്കുന്നത്?

ശാന്തനുവിന്റെ മറുപടി ഒരു പുത്രന്‍ ഉള്ളതും പുത്രന്മാര്‍ ഇല്ലാത്തതും തുല്യമാണ് എന്ന് ധര്‍മ്മ ശാസ്ത്രം പറയുന്നു എന്നാണു പിതാവിന് ഇനിയും പുത്രന്മാര്‍ വേണം എന്നാ ആഗ്രഹം ഉണ്ടെന്നു മനസ്സിലാക്കിയ ഭീഷ്മര്‍ അതിനു സൌകര്യം ഒരുക്കി വിവാഹം എന്നത് സല്പ്പുത്ര ലാഭത്തിനു ആകാമെന്ന് തൈത്തിരിയോപ നിഷത്ത് ഉപദേശിക്കുന്നു മാത്രമല്ല ആ സമയത്ത് ശാന്തനു വൃദ്ധന്‍ ഒന്നും അല്ല സത്തായ ആഗ്രഹം അല്ലെങ്കില്‍ അവകാശം ഉള്ള ആഗ്രഹം ആണ് അത് പക്ഷെ ഇഷ്ടപ്പെട്ട ഭാര്യയെ കിട്ടുവാനായി പുത്രനായ ദേവവ്രതന് തനിക്കു ഉള്ള രണ്ടു അവകാശങ്ങളെ കളയേണ്ടി വന്നു പിതാവിനോട് ഉള്ള കടപ്പാട് അഥവാ ധര്‍മ്മം തന്നെയാണ് ഭീഷ്മര്‍ ചെയ്തത്. ഭീഷ്മരുടെ വിധി അവിവാഹിതനായി കഴിയാനാണ് അത് മാറ്റുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ധര്‍മ്മം അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ഇങ്ങിനെ പലതും സംഭവിക്കും രാജ്യാവകാശം ഒഴിവാക്കി എന്നത് കൊണ്ട് സ്വന്തം ഗൃഹത്തിലെ അവകാശം ഭീഷ്മര്‍ ഒഴിവാക്കിയിട്ടില്ല അതിനാല്‍ തന്നെ കൊട്ടാരം വിട്ടു പോകേണ്ടതായിരുന്നു എന്നാ വാദത്തിനു കഴമ്പില്ല…

ശാന്തനു മഹാരാജാവിന്‍റെ മരണ ശേഷം സത്യവതിയെയും കുഞ്ഞുങ്ങളെയും രാജ്യത്തെയും പിതാവിനെ സാക്ഷിയാക്കി ഭീഷ്മര്‍ നയിച്ചത് ഒരിക്കലും അധര്‍മ്മം അല്ല. ഭീഷ്മര്‍ രാജാവായിട്ടല്ല ഒരു മേല്‍നോട്ടക്കാരന്‍ എന്നാ നിലയില്‍ രാജ്യതന്ത്രപ്രകാരം ഇത് നിയമവും ആണ്. അവരുടെ വാദം വേറെ ഒരു നിലക്ക് ആകുമായിരുന്നു. തനിക്കു രാജ്യം നഷ്ടപ്പെട്ടതിലുള്ള വൈരാഗ്യം ആണ് കുഞ്ഞുങ്ങളെ നോക്കാതെ ഭീഷ്മര്‍ പോകാന്‍ കാരണം എന്നാകുമായിരുന്നു. അപ്പോള്‍ ഇത്തരം വാദഗതികള്‍ അവ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക. പ്രായപൂര്‍ത്തി ആയതോടെ ചിത്രാംഗദന്‍ യുവരാജാവായി. രാജ്യം ഭരിച്ചത് ചിത്രാംഗദന്‍ തന്നെ ഒരു ഉപദേഷ്ടാവ് എന്നാ നിലയില്‍ ആണ് ഭീഷ്മര്‍ വര്‍ത്തിച്ചത്.

ഇത് വ്യക്തമായി പറയുന്നുണ്ടോ എവിടെ എങ്കിലും? എന്നായിരിക്കും അടുത്ത ചോദ്യം മഹാഭാരതം കഥ മുഴുവന്‍ ഉള്‍ക്കൊണ്ടാല്‍ ഇത് മനസ്സിലാക്കാന്‍ പ്രയാസം ഉണ്ടാകില്ല, മാത്രമല്ല പലപ്പോളും ചിത്രാംഗടനും വിചിത്രവീര്യനും ജ്യേഷ്ടന്റെ തണലില്‍ കഴിയാനാണ് ആഗ്രഹിച്ചത്‌. ഒരു പിതാവായിട്ടാണ് ഇവര്‍ ഭീഷ്മരെ കണ്ടിരുന്നത്‌ അതിനാല്‍ തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഇവര്‍ ഏറ്റെടുത്തിരുന്നില്ല എന്ന് നമുക്ക് മനസ്സിലാകും. ഇതിലൊന്നും ഭീഷ്മരുടെ പേരില്‍ അധര്‍മ്മം ആരോപിക്കുവാന്‍ വഴികള്‍ ഇല്ല. യുദ്ധ പ്രിയനായ ചിത്രാംഗദന്‍ ഒരിക്കല്‍ ചിത്രാംഗദന്‍ എന്ന് പേരുള്ള ഒരു ഗന്ധര്‍വനുമായി ഏറ്റുമുട്ടി. ഒരേ പേരില്‍ ഒരാള്‍ മതി എന്ന് പറഞ്ഞുകൊണ്ടാണ് ഗന്ധര്‍വന്‍ യുദ്ധത്തിനു ഒരുങ്ങിയത് അവസാനം ചിത്രാംഗദന്‍ എന്നാ ശാന്തനുവിന്റെ പുത്രന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇവിടെ മുക്കുവന്റെ ആഗ്രഹം നടക്കാതെ പോകട്ടെ എന്നാ ശാന്തനുവിന്റെ മനസ്സ് നൊന്തുള്ള ആന്തരികമായി പറഞ്ഞ ശാപം ഫലിക്കാന്‍ പോകുന്നു എന്നാ സൂചനയാണ് ഇവിടെ കിട്ടുന്നത് വീണ്ടും രാജ്യത്തിന്‍റെ ഉത്തരവാദിത്വം ഒരു ബിനാമി എന്നാ നിലയില്‍ ഭീഷ്മര്‍ക്ക് ഏറ്റെടുക്കേണ്ടി വന്നു. വിചിത്രവീര്യന്‍ പ്രായപൂര്‍ത്തി എത്തുന്നത് വരെ ഭീഷ്മര്‍ക്ക് അത് ചെയ്തെ പറ്റൂ. ഇതില്‍ നിന്ന് ഭീഷ്മര്‍ ഒഴിഞ്ഞു മാറിയാല്‍ ശാന്തനുവിന്റെ ആത്മാവിനു ശാന്തി ലഭിക്കില്ല. അതിനാല്‍ ഇതും പുത്ര ധര്‍മ്മം തന്നെ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഒന്നും ഭീഷ്മരില്‍ അധര്‍മ്മം കാണാനില്ല…

ശാന്തനുവിന്റെ മരണശേഷം പ്രായ പൂര്‍ത്തി വന്നതിനു ശേഷം ചിത്രാംഗദന്‍ യുവരാജാവായി ഭരണം ഏറ്റെടുത്തു. ഭീഷ്മര്‍ ഒരു രാജ ഗുരുവിനെ പോലെ മേല്‍നോട്ടം നടത്തി. രാജ ഭരണ തന്ത്രപ്രകാരം അത് ശരിയായ കീഴ്വഴക്കം തന്നെ. ചിത്രാംഗദന്‍ കൊല്ലപ്പെട്ടതിനു ശേഷം വിചിത്ര വീര്യന്‍ രാജാവായി അപ്പോള്‍ രാജ ഗുരുവായി ഭീഷ്മര്‍ തന്നെ. രാജഗുരുവിന്റെ അധികാരം ഭീഷ്മര്‍ വഹിച്ചെങ്കില്‍ അത് നിയമപരമായി അനുവദിക്കപ്പെട്ടതാണ്. രാമായണത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചാല്‍ രാജഗുരുവിന്റെ അവസ്ഥ മനസ്സിലാക്കാന്‍ പറ്റും. തനിക്കു പുത്രര്‍ ഇല്ല എന്ന്‍ ദുഖിച്ചിരിക്കുന്ന ദശരഥനോട് ഋഷ്യശ്രുംഗനെ കൊണ്ട് വന്നു പുത്രകാമേഷ്ടി യാഗം നടത്താന്‍ ഉപദേശിച്ചത് രാജ ഗുരുവായ വസിഷ്ഠന്‍ ആണ്. കുറെ കാലത്തിനു ശേഷം വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാരെ ആവശ്യപ്പെട്ടു വന്നപ്പോളും വന്നതിന്‍റെ ഉദ്ദേശവും നന്മയും ദശരഥനെ ബോധിപ്പിച്ചു സമാധാനിപ്പിച്ചതും വസിഷ്ഠന്‍ തന്നെ, അപ്പോള്‍ രാജാവിന് വേണ്ട ഉപദേശങ്ങള്‍ നല്‍കി ഭരണം സംപുഷ്ടമാക്കാന്‍ രാജഗുരുവിനു അധികാരമുണ്ട്‌. ഇതും ഭീഷ്മരുടെ ശപഥവും തമ്മില്‍ ബന്ധം ഒന്നും ഇല്ല

പിന്നെ ഭീഷ്മര്‍ ഏറ്റവും വിമര്‍ശനത്തിനു വിധേയനായത് വിചിത്രവീര്യന്റെ വിവാഹത്തോട് അനുബന്ധിച്ചുള്ള കാര്യങ്ങളിലാണ് –കാശിരാജ പുത്രിമാരില്‍ ഒരാളെ തന്റെ അനിയന് വിവാഹം കഴിച്ചു കൊടുക്കണം എന്ന് ഭീഷ്മര്‍ ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കുന്നു. കന്യകയെ ആലോചിക്കാനായി കാശിരാജ്യത്തെക്ക് പോയി. അവിടെ ചെന്നപ്പോളാണ് കുമാരിമാര്‍ക്ക് മത്സരത്തിലൂടെ ഉള്ള സ്വയംവരമാണ് നിശ്ചയിച്ചത് എന്ന് ഭീഷ്മര്‍ അറിയുന്നത്. ക്ഷണിക്കാതെ ആണ് ഭീഷ്മര്‍ പോയത് എന്നാണു ഒരു പരാതി. ശരി തന്നെ ക്ഷണിച്ചിട്ടില്ല. പക്ഷെ ഭീഷ്മര്‍ കല്യാണാലോചനക്ക് ആണ് പോയത്. നമ്മളെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ വിവാഹാലോചനക്ക് ഒരു വീട്ടില്‍ ചെന്ന് കയറുന്നത്? അവിടെ ചെന്നപ്പോളല്ലേ മത്സരമാണ് എന്ന് അറിഞ്ഞത്? അന്നത്തെ നിയമം അനുസരിച്ച് വീരനായ ഒരാള്‍ക്ക്‌ ക്ഷണിച്ചിട്ടില്ലെങ്കിലും യുദ്ധം ചെയ്തു ജയിച്ചു കന്യകയെ സ്വന്തം ആക്കാം. പാഞ്ചാലീ സ്വയംവരത്തിനു പൊതുവേ നിയമം പ്രഖ്യാപിക്കുകയെ ചെയ്തിട്ടുള്ളൂ അല്ലാതെ ഓരോ രാജ്യത്തേക്കും ക്ഷണിച്ചിട്ടില്ല. പാണ്ഡവര്‍ ബ്രാഹ്മണ വേഷത്തിലാണ് വന്നത്. പാണ്ഡവര്‍ ആണെന്ന് അപ്പോള്‍ അറിയില്ലല്ലോ ആ സമയത്ത് ക്ഷണിച്ചിട്ടില്ല എന്ന് പറഞ്ഞു ആരെയും വിലക്കിയില്ലല്ലോ. അങ്ങിനെ ക്ഷണിച്ചാലേ പോകാന്‍ പറ്റൂ എന്നാണെങ്കില്‍ കര്‍ണ്ണന്‍ അവിടെ എത്തുകയില്ലായിരുന്നു. കര്‍ണ്ണനെ ക്ഷണിക്കില്ലായിരുന്നു കാരണം കര്‍ണ്ണൻ അര്‍ജ്ജുനന്‍ എത്തുന്നതിനു മുന്‍പേ വന്നപ്പോള്‍ കര്‍ണ്ണന്‍ മത്സരം വിജയിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണല്ലോ പാഞ്ചാലി കർണ്ണനെ അപമാനിച്ചത്. ക്ഷണിച്ചാലെ പറ്റൂ എന്നാണെങ്കില്‍ ഈ കാരണം കൊണ്ട് തന്നെ കര്‍ണ്ണനെ ക്ഷണിക്കില്ല എന്ന് ഉറപ്പിക്കാം എന്നിട്ടും കര്‍ണ്ണന്‍ പങ്കെടുത്തെങ്കില്‍ അങ്ങിനെ ക്ഷണിച്ചാലെ വരാന്‍ പറ്റൂ എന്നൊരു നിയമം ഇല്ലാത്തത് കൊണ്ടല്ലേ?

കാശി രാജ്യത്ത് എത്തിയ ഭീഷ്മരെ കണ്ടു കുമാരിമാര്‍ ഭയന്നു. തങ്ങള്‍ വിവാഹം കഴിക്കാതെ ഇരുന്നു കൊള്ളാം എന്നും പറഞ്ഞു അപ്പോള്‍ ഭീഷ്മര്‍ ഒരു നീണ്ട പ്രഭാഷണം തന്നെ നടത്തി അഷ്ട വിധത്തിലുള്ള വിവാഹത്തെ പറ്റി അദ്ദേഹം പറഞ്ഞു അപ്പോളാണ് വിചിത്രവീര്യന് വേണ്ടിയാണ് ഭീഷ്മര്‍ വന്നതെന്ന് അവര്‍ക്ക് മനസ്സിലായത്‌ അപ്പോള്‍ തന്നെ ഭീഷ്മരെ പറ്റി അറിയാവുന്ന കന്യകമാര്‍ ഹസ്തിന പുരിയിലേക്ക് പോകാന്‍ മാനസികമായി തയ്യാറായി. ഭീഷ്മര്‍ക്ക് വേണ്ടിയാണ് എന്ന് കരുതിയാണ് മറ്റു രാജാക്കന്മാരും എതിര്‍ത്തത് തന്റെ നിലപാട് വ്യക്തമാക്കിയപ്പോള്‍ മറ്റുള്ളവര്‍ക്ക് കന്യകമാരെ കിട്ടില്ല എന്നാ ഉറപ്പു മൂലമാണ് അസൂയ മൂത്ത് അവര്‍ യുദ്ധത്തിനു തയ്യാറായത്. ഭീഷ്മര്‍ അവരെ നിഷ്പ്രയാസം തോല്‍പ്പിച്ചു. കന്യകമാരെ ബലമായി പിടിച്ചു കയറ്റിക്കൊണ്ട് പോന്നു എന്നാണു കഥ പക്ഷെ ശാരീരികമായി ഒരു ബലം ഭീഷ്മര്‍ പ്രയോഗിച്ചിട്ടില്ല അതിന്‍റെ ആവശ്യവും ഇല്ല കാരണം കുമാരിമാര്‍ വിചിത്ര വീര്യനെ സ്വീകരിക്കാന്‍ മാനസികമായി തയ്യാറായിട്ടുണ്ട്. ഇവിടെ തേരില്‍ കയറുക എന്ന് അധികാര സ്വരത്തില്‍ ഭീഷ്മര്‍ പറഞ്ഞു എന്നെ ഉള്ളൂ അല്ലാതെ ബലമായി കയ്യില്‍ പിടിച്ചു കയറ്റി എന്ന് കരുത്തരുത്.

വഴിക്ക് വെച്ചാണ് അംബ താന്‍ സാല്വനെ സ്നേഹിക്കുന്നു എന്ന വിവരം പറഞ്ഞത്. തേരില്‍ കയറാന്‍ പറയുന്ന സമയത്ത് തന്നെ അംബ ഇത് പറഞ്ഞിരുന്നെങ്കില്‍ അവളെ കൊണ്ട് പോരുമായിരുന്നില്ല അവിടെ അംബക്ക് ആണ് പിഴവ് പറ്റിയത്. അറിഞ്ഞ ഉടനെ ഒരു സഹോദരന്‍ സഹോദരിയെ എപ്രകാരമാണോ ഭര്‍തൃ ഗൃഹത്തിലേക്ക് അയക്കുന്നത്? അപ്രകാരം ബഹുമാന പൂര്‍വം ആണ് ഭീഷ്മര്‍ അംബയെ യാത്രയാക്കിയത്. അംബികയെയും അംബാലികയെയും വിചിത്രവീര്യന് വിവാഹം കഴിച്ചു കൊടുത്തു. അന്നത്തെ കാലത്ത് രാജാക്കന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാര്‍ അനുവദനീയമായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം രാജെഷ്മാവ് എന്നാ രോഗം പിടിപെട്ട് വിചിത്രവീര്യന്‍ മരണമടഞ്ഞു.

അംബികക്കും അംബാലികക്കും മക്കള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ അത് പിടിച്ചു ഒരു രാജാവ് മരിക്കില്ല. മേല്‍ പറഞ്ഞ സംഭവങ്ങളില്‍ ഒന്നും ഭീഷ്മരുടെ പേരില്‍ അധര്‍മ്മം കാണാന്‍ ഇല്ല. ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് ഒരാള്‍ പ്രവര്‍ത്തിക്കേണ്ടതേ ഭീഷ്മരും ചെയ്തിട്ടുള്ളൂ. അധര്‍മ്മമാണ് ചെയ്യാന്‍ പോകുന്നതെങ്കില്‍ കാശി രാജ്യത്ത് ചെന്ന് ഒരു നീണ്ട പ്രസംഗം നടത്തേണ്ട ആവശ്യമില്ലല്ലോ….

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ