കൊല്ലം : ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് സ്കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
അപകടവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് സ്കൂളിലെ മാനേജരെ പിരിച്ചുവിടുകയും സ്കൂളിന്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് കൈമാറുകയും ചെയ്തിരുന്നു
മന്ത്രിസഭാ യോഗത്തിൽ ഫയൽ അദാലത്ത് ഊര്‍ജ്ജിതപ്പെടുത്താനും ശമ്പള പരിഷ്ക്കരണത്തിലും തീരുമാനങ്ങൾ കൈകൊണ്ടു. സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലും റെഗുലേറ്ററി അതോറിറ്റികളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് ആഗസ്റ്റ് 31 വരെ നടത്തുന്ന ഫയൽ അദാലത്തിന്റെ പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തി.
മന്ത്രിമാര്‍ തങ്ങളുടെ വകുപ്പിലെ ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി അവതരിപ്പിച്ചു. ഇക്കാര്യം മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തു. ഫയൽ തീർപ്പാക്കൽ ഊർജ്ജിതപ്പെടുത്താന്‍ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും അദ്ധ്യക്ഷന്മാരും ആവശ്യമായ നടപടികൾ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
29.07.2025 വരെയുള്ള കണക്കുകള്‍ പ്രകാരം സെക്രട്ടേറിയറ്റില്‍ 65,611 (21.62%) ഫയലുകളും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളില്‍ 1,68,652 (19. 55%) ഫയലുകളും റെഗുലേറ്ററി അതോറിറ്റികളില്‍ 10,728 (40.74%) ഫയലകളും തീര്‍പ്പാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പായത് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിലാണ് 50 ശതമാനം. പൊതുഭരണ വകുപ്പാണ് തൊട്ട് താഴെ 48.62 ശതമാനം. പ്രവാസി കാര്യ വകുപ്പിൽ 46.30 ശതമാനവും ധനകാര്യ വകുപ്പിൽ 42.72 ശതമാനവും നിയമ വകുപ്പിൽ 42.03 ശതമാനവും പൂർത്തിയായി
വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിൽ ഏറ്റവും കൂടതൽ ഫയലുകൾ തീർപ്പാക്കിയത് പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിലാണ് 76.27 ശതമാനം. സൈനിക ക്ഷേമം 72.24 ശതമാനവും സ്റ്റേറ്റ് ഇൻഷുറൻസ് 64.41 ശതമാനവും ഫയലുകള്‍ തീര്‍പ്പാക്കി.
റെഗുലേറ്ററി സ്ഥാപനങ്ങളില്‍ 57.21 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കി കെ എസ് ഇ ബി യാണ് മുന്നില്‍. ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുള്ളത് സെക്രട്ടേറിയറ്റില്‍ തദ്ദേശസ്വയംഭരണ വകുപ്പിലും ഡയറക്ടറേറ്റുകളില്‍ എല്‍.എസ്.ജി.ഡി പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലുമാണ്.



