ചാലക്കുടി: ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ സലേഷിനെയാണ് (34) കാണാതായത്. ഈ മാസം എട്ടിന് ജോലിക്ക് പോയ സലേഷ് തിരികെ എത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സലേഷ് എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
ജോലി സംബന്ധമായ സമ്മർദ്ദമാണ് പിന്നിലെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്. സലേഷിന്റെ തിരോധാനത്തിന് പിന്നിലെ കാരണം അറിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്.
ചാലക്കുടി വി ആർ പുരം സ്വദേശിയാണ് സലേഷ്. സലേഷിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ സ്വച്ച്‌ഡ് ഓഫ് ആണെന്ന് പൊലീസ് അറിയിച്ചു. ഇടയ്ക്ക് ഫോൺ ഓൺ ആയെങ്കിലും ലൊക്കേഷൻ കണ്ടെത്താനായിരുന്നില്ല. സലേഷിനായുള്ള അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.