ന്യൂഡൽഹി: പൗരത്വ നിയമ ചട്ടങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഹര്‍ജിക്കാര്‍ ഉന്നയിക്കും. ഡിവൈഎഫ്‌ഐയും മുസ്ലിം ലീഗുമാണ് പ്രധാന ഹര്‍ജിക്കാര്‍.
പൗരത്വ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജികളില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം. പൗരത്വ നിയമം അടിയന്തിരമായി നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം വഴി സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പ്.
ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധവും വിവേചനപരവുമാണ് പൗരത്വ നിയമ ഭേദഗതിയെന്നാണ് ഹര്‍ജിക്കാരുടെ വാദം. നിയമവും ചട്ടങ്ങളും ചോദ്യം ചെയ്തുള്ള 200ലധികം ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.