Sunday, December 8, 2024
Homeഇന്ത്യഒറ്റ തെരഞ്ഞെടുപ്പ് 2029ൽ ; കോവിന്ദ്‌ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു.

ഒറ്റ തെരഞ്ഞെടുപ്പ് 2029ൽ ; കോവിന്ദ്‌ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു.

ന്യൂഡൽഹി; ലോക്‌സഭ, നിയമസഭ, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകൾ 2029ൽ ഒരേസമയം നടത്താനായി ഭരണഘടന ഭേദഗതി ചെയ്യണമെന്ന്‌ മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ അധ്യക്ഷനായ സമിതി. ആദ്യപടിയായി ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച്‌ നടത്തണം. തദ്ദേശതെരഞ്ഞെടുപ്പ്‌ നൂറു ദിവസത്തിനകം നടത്തണമെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്‌ സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചു. കഴിഞ്ഞ വർഷം സെപ്‌തംബർ രണ്ടിന്‌ കേന്ദ്രസർക്കാർ നിയോഗിച്ച സമിതി 18,626 പേജുള്ള റിപ്പോർട്ടാണ്‌ നൽകിയത്‌.

അടുത്ത അഞ്ചു വർഷത്തിനകം മൂന്ന്‌ ഘട്ടമായി എല്ലാ നിയമസഭകളുടെയും കാലാവധി ക്രമീകരിക്കണം. ഇതിനായി ഭരണഘടന ഭേദഗതി ചെയ്‌ത്‌ 82എ വകുപ്പ്‌ കൊണ്ടുവരണം. ലോക്‌സഭ, നിയമസഭ, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകൾക്കായി ഒരേ വോട്ടർ പട്ടികയും തിരിച്ചറിയൽ കാർഡും വേണം. ഇതിനായി ഭരണഘടനയുടെ 325–-ാം വകുപ്പ്‌ ഭേദഗതി ചെയ്യണം.

തൂക്കുസഭ രൂപംകൊള്ളുകയോ അവിശ്വാസ പ്രമേയം പാസാകുകയോ ചെയ്‌താൽ ശേഷിക്കുന്ന കാലയളവിലേക്ക്‌ ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്താം. ലോക്‌സഭയിലേക്ക്‌ ഇടക്കാല തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നാൽ, അതിനുശേഷം രൂപംകൊള്ളുന്ന സഭയുടെ കാലാവധി മുൻസഭയുടെ അഞ്ചു വർഷ കാലാവധിയിൽ ശേഷിച്ചിരുന്ന സമയത്തേക്ക്‌ മാത്രമായിരിക്കും. എപ്പോൾ നിലവിൽവരുന്ന നിയമസഭയുടെയും കാലാവധി ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്ന ദിവസം വരെയായിരിക്കും. ഏതെങ്കിലും സംസ്ഥാനത്ത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാതിരുന്നാലും ഈ വ്യവസ്ഥ ബാധകമാകും. അത്തരം സംസ്ഥാനങ്ങളിൽ പിന്നീട്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്നാലും ആ സഭയുടെ കാലാവധി ലോക്‌സഭയുടെ കാലാവധി തീരുന്നതുവരെയായിരിക്കും. ഇതിനായി ഭരണഘടനയുടെ 83, 172 വകുപ്പുകൾ ഭേദഗതി ചെയ്യണം.

പഞ്ചായത്ത്‌, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം നടത്താൻ ഭരണഘടനയുടെ 325–-ാം വകുപ്പ്‌ ഭേദഗതി ചെയ്യണം. തദ്ദേശസ്ഥാപനങ്ങൾ ഏതു സമയത്ത്‌ നിലവിൽ വന്നാലും കാലാവധി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ്‌വരെയായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments