തിരുവനന്തപുരം: കേരളത്തിൽ ഇത്തവണത്തെ കാലവർഷത്തിൽ ലഭിച്ചത് കുറഞ്ഞ മഴയെന്ന് ഔദ്യോഗിക റിപ്പോർട്ട്. കാലവർഷം തുടങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് മൊത്തത്തിൽ 21 ശതമാനത്തിന്റെ മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സാധാരണ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 30 വരെ 1735.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത്, നിലവിൽ 1365.4 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. വയനാട്, ഇടുക്കി ജില്ലകളിൽ മഴക്കുറവ് അതിരൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ പെയ്തത് വയനാട്ടിലാണ്.
ഇവിടെ 51 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ഇടുക്കിയിൽ 45 ശതമാനവും, കൊല്ലത്ത് 30 ശതമാനവും, തൃശൂരിൽ 27 ശതമാനവും, പാലക്കാട് 26 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. സെപ്റ്റംബർ ആദ്യവാരത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
എങ്കിലും, നിലവിലെ പ്രവചനപ്രകാരം സെപ്റ്റംബർ മാസത്തിൽ പൊതുവെ സാധാരണയേക്കാൾ കുറഞ്ഞ മഴയാകും ലഭിക്കുക. എൽ നിനോ പ്രതിഭാസം ശക്തമായി തുടരുന്നതാണ് സംസ്ഥാനത്തെ മഴലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും കൂടുതൽ ചൂടാകുന്ന സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശരാശരിയേക്കാൾ ആറ് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്.
സമുദ്രങ്ങളിൽ ഉഷ്ണതരംഗങ്ങൾ രൂപപ്പെടുന്നത് കടുത്ത വരൾച്ചയ്ക്കും ചിലയിടങ്ങളിൽ അപ്രതീക്ഷിതമായ കനത്ത മഴയ്ക്കും കാരണമാകും. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളാണ് എൽ നിനോയുടെ രൂപീകരണത്തിന് കാരണം.



