Saturday, October 12, 2024
Homeകേരളംആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരവും എലിപ്പനി വ്യാപനവും.

ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരവും എലിപ്പനി വ്യാപനവും.

കാസർഗോഡ് : കാസർഗോഡ് സ്വദേശിയായ യുവാവ് മരണപ്പെട്ടത് അമീബിക് മഷ്തിഷ്ക ജ്വരത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ (ആരോഗ്യം) ഡോ: എ.വി രാംദാസ് അറിയിച്ചു. കാസർഗോഡ് ജില്ലയില്‍ ചില പ്രദേശങ്ങളില്‍ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ എലിപ്പനിയ്ക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗം മുംബൈയില്‍ നിന്ന്.

മരണപ്പെട്ട കാസർഗോഡ് സ്വദേശിയായ 37 കാരൻ കഴിഞ്ഞ പത്ത് വർഷമായി മുംബൈയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സെപ്റ്റംബർ ആദ്യ വാരം ഇദ്ദേഹം കാസർഗോഡേക്ക് വരികയും ചെയ്തു. വരുന്ന സമയത്ത് തന്നെ പനിയുണ്ടായിരുന്നതിനാല്‍ വന്നിറങ്ങിയ ഉടനെ കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും അവിടെ അഡ്മിറ്റാകുകയും ചെയ്തു. രോഗം ഭേദമാകാത്തതിനാല്‍ നാല് ദിവസത്തിന് ശേഷം അവിടെ നിന്നു കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും തുടർന്ന് കണ്ണൂർ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. അവിടെ നിന്നുള്ള പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതെന്നാണ് മാധ്യമ വാർത്തകള്‍. ചികിത്സയിലിരിക്കെ ഇദ്ദേഹം സെപ്റ്റംബർ 22 നു മരണപ്പെട്ടു. മരണപെട്ട വ്യക്തിക്ക് രോഗം ബാധിച്ചത് മുംബൈയില്‍ നിന്നായതിനാല്‍ പ്രസ്തുത ഉറവിടത്തില്‍ നിന്നുള്ള രോഗപ്പകർച്ച സാധ്യത ഇല്ലാത്തതിനാല്‍ ജില്ലയിലെ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും എന്നിരുന്നാലും രോഗം വരാതിരിക്കാനുള്ള പൊതുവായ നിർദേശംങ്ങള്‍ പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വ്വമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിൽ ഇറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും

പ്രാഥമിക ലക്ഷണങ്ങള്‍.

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്

കുഞ്ഞുങ്ങളില്‍ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍.

ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍.

രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മ്മക്കുറവ് എന്നിവ ഉണ്ടാകും.

ശ്രദ്ധിക്കുക.

* രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.

* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കുക.

* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക.

* വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.

* ജലസ്രോതസ്സുകളില്‍ കുളിക്കുമ്പോള്‍ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക.

* മലിനമായ കെട്ടിക്കി ടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കുക

നീന്തല്‍ കുളങ്ങളില്‍ പാലിക്കേണ്ട ശുചിത്വ നിർദ്ദേശങ്ങൾ.

* ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം പൂർണ്ണമായും ഒഴുക്കി കളയുക.

* സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച്‌ ഉരച്ച്‌ കഴുകുക.

* പ്രതലങ്ങള്‍ നന്നായി ഉണങ്ങാൻ അനുവദിക്കുക.

* നീന്തല്‍ കുളങ്ങളിലെ ഫില്‍റ്ററുകള്‍ വൃത്തിയാക്കി ഉപയോഗിക്കുക.

* പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം ഉപയോഗിക്കുക.

* വെള്ളത്തിന്റെ അളവിനനുസരിച്ച്‌, 5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ 1000 ലിറ്റർ വെള്ളത്തിന് എന്ന ആനുപാതത്തില്‍ ക്ലോറിനേറ്റ് ചെയ്യുക.

* ക്ലോറിൻ ലെവല്‍ 0.5 പിപിഎം മുതല്‍ 3 പിപിഎം ആയി നിലനിർത്തുക.

എലിപ്പനിക്കെതിരെയും ജാഗ്രത.

ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ മൂലമുണ്ടാകുന്ന രക്ത അണുബാധയാണ് എലിപ്പനി, ഇത് മനുഷ്യരെയും നായ്ക്കളെയും എലികളെയും മറ്റ് വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ബാധിക്കും.

ലക്ഷണങ്ങള്‍.

പനി, തലവേദന, കാലുകളിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ-ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കൂടി കണ്ടാല്‍ എലിപ്പനി സംശയിക്കാം. രോഗം ഗുരുതരമായാല്‍ മരണം സംഭവിക്കാം.

പ്രതിരോധ മാർഗ്ഗങ്ങൾ.

എലിപ്പനി വരാതിരിക്കുന്നതിനായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുകയോ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യാതിരിക്കുക.

എലി, അണ്ണാൻ, പൂച്ച, പട്ടി, മുയല്‍, കന്നുകാലികള്‍ തുടങ്ങിയവയുടെ വിസർജ്ജ്യങ്ങള്‍ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും എലിപ്പനിക്ക് കാരണമാകും.

കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലിചെയ്യുന്നവർ, മൃഗ പരിപാലകർ, കെട്ടിട നിർമ്മാണ തൊഴിലാളികള്‍, ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി രോഗബാധയേല്‍ക്കാൻ സാധ്യതയുള്ളവർ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം.

ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. രോഗ സാധ്യത കൂടിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നവർ കയ്യുറയും കാലുറയും ധരിക്കുന്നത് അഭികാമ്യമാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ സംസ്ക്കരിക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി ഉപയോഗിക്കുക. അവല്‍ പോലുള്ള ഭക്ഷണ പദാർത്ഥങ്ങള്‍ വൃത്തിയുള്ള സാഹചര്യത്തില്‍ തയ്യാറാക്കിയവ മാത്രം ഉപയോഗിക്കുക.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക,ശീതള പാനീയ കുപ്പികളും പാക്കറ്റുകളും കുടിവെള്ള കുപ്പികളും മറ്റു ഭക്ഷണ പാക്കറ്റുകളും എലി കയറാത്ത രീതിയില്‍ സൂക്ഷിച്ച്‌ വില്പന നടത്താൻ കച്ചവടക്കാർ ശ്രദ്ധിക്കണം.. ഇത്തരം പാക്കറ്റുകളും കുപ്പികളും വൃത്തിയാക്കിയ ശേഷം പൊട്ടിച്ചു ഉപയോഗിക്കാനും ശ്രദ്ധിക്കണം. രോഗസാധ്യത കൂടിയ ഇടങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവർ പനി അനുഭവപ്പെട്ടാല്‍ ഉടനടി ചികിത്സ തേടണം. ഡോക്ടറോട് ജോലി ചെയ്ത ഇടത്തെ കുറിച്ച്‌ സൂചിപ്പിക്കുകയും അസുഖവിവരം അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ചെയ്യുക. സ്വയം ചികിത്സ പാടില്ലെന്നും ഡിഎംഒ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments