ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നതിൽ കൂടുതൽ നിയന്ത്രണത്തിന് ഒരുങ്ങി ഇൻസ്റ്റഗ്രാം. എഐ ഇൻഫ്ലുവൻസേഴ്സിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് വ്യാജ പ്രൊഫൈലുകളും പെരുകുകയാണെന്ന് ഇൻസ്റ്റഗ്രാം വിലയിരുത്തുന്നു. വ്യാജ എഐ ഇൻഫ്ലുവൻസേഴ്സ് സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതായും വ്യാപകമായ പരാതിയുണ്ട്. തുടർന്നാണ് കടുത്ത നടപടികൾ സ്വീകരിക്കാൻ മെറ്റ തീരുമാനിച്ചത്.
എഐ ഉപയോഗിച്ച് യഥാർത്ഥത്തിലുള്ള ഒരു വ്യക്തിയെ സൃഷ്ടിച്ച് വീഡിയോ തയ്യാറാക്കുന്ന പ്രൊഫൈലുകൾ ഇനി മുതൽ വ്യക്തമായ എഐ ലേബൽ നൽകണമെന്നാണ് പുതിയ നിബന്ധന. നിലവിൽ എഐ ക്രിയേറ്റർ (AI creator) എന്ന ലേബലാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇനിമുതൽ ഇത് എഐ ജനറേറ്റഡ് പ്രൊഫൈൽ (AI-generated profile) എന്നാക്കി മാറ്റും.
പ്രൊഫൈലിൽ കാണുന്ന വ്യക്തി യഥാർഥ മനുഷ്യനല്ലെന്ന് ഉപയോക്താക്കളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. മാത്രമല്ല, ഇത്തരം അക്കൗണ്ടുകൾ ലേബൽ ചെയ്യാതെ തുടർന്നാൽ അവരുടെ ഉള്ളടക്കം ശുപാർശകളിൽ നിന്ന് ഒഴിവാക്കുകയോ റീച്ച് കുറയ്ക്കുകയോ ചെയ്യുമെന്നും മെറ്റ മുന്നറിയിപ്പ് നൽകുന്നു.
ഫോട്ടോ എഡിറ്റിംഗ്, തലക്കെട്ടുകൾ (caption), ഗ്രാഫിക്സ് (graphics) തുടങ്ങിയ ക്രിയേറ്റീവ് ആവശ്യങ്ങൾക്ക് എഐ ഉപയോഗിക്കുന്നതിന് പ്രത്യേക ലേബൽ ആവശ്യമില്ലെന്നും ഇൻസ്റ്റഗ്രാം വ്യക്തമാക്കുന്നു. എഐ-യെ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഇൻഫ്ലുവൻസർ അക്കൗണ്ടുകളെയാണ് പുതിയ മാറ്റം ബാധിക്കുക.



