Friday, November 20, 2026
Homeഅമേരിക്കഇറാനെതിരെ ശക്തമായ ആക്രമണത്തിന് ട്രംപിന്റെ മുന്നറിയിപ്പ് അടുത്ത വർഷത്തേക്ക് നീട്ടി

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ട്രംപിന്റെ മുന്നറിയിപ്പ് അടുത്ത വർഷത്തേക്ക് നീട്ടി

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക ആക്രമണങ്ങൾ നടത്തുന്നത് സംബന്ധിച്ച തീരുമാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത വർഷത്തേക്ക് നീട്ടി. ഈ മാസം നടന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ നിർണ്ണായക തീരുമാനമുണ്ടാകുമെന്നായിരുന്നു ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നത്.

ചൈന സന്ദർശനം കഴിഞ്ഞ് വാഷിംഗ്ടണിലേക്ക് മടങ്ങവേ വിമാനത്തിൽ വെച്ച് റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. പുതിയ ആക്രമണങ്ങൾക്കുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, “പുതുവർഷം പിറന്നതിന് ശേഷം നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം, നമുക്ക് ഇനിയും സമയമുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാനെതിരെ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയും സംഘർഷം ലഘൂകരിക്കാമെന്ന സൂചനകളും ട്രംപ് മാറിമാറി നൽകുന്നുണ്ടായിരുന്നു. വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ഫോക്സ് ന്യൂസ് അഭിമുഖത്തിലും ജനുവരി ഒന്നിന് ശേഷം എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ആക്സിയോസിനും ഇസ്രായേലിന്റെ ന്യൂസ് 12-നും നൽകിയ മറ്റൊരു അഭിമുഖത്തിൽ, ഇറാൻ വിഷയത്തിൽ തീരുമാനമെടുക്കാൻ താൻ തിരക്കുകൂട്ടുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

എട്ട് മാസമായി തുടരുന്ന സംഘർഷത്തിൽ ഒത്തുതീർപ്പിന് ഇറാൻ തയ്യാറാകുമെന്നായിരുന്നു യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ട്രംപ് ആവർത്തിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് യുഎസ് കോൺഗ്രസിലും സെനറ്റിലും ഭൂരിപക്ഷം നഷ്ടമായി. ഇറാനെതിരായ ഉപരോധങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും ഫലം കാണുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച അവകാശപ്പെട്ടത്.

തിരഞ്ഞെടുപ്പ് പരാജയത്തിൽ ഇറാൻ വിഷയം ഒരു കാരണമായിട്ടുണ്ടെന്ന് ട്രംപ് സമ്മതിച്ചെങ്കിലും, തീരുമാനങ്ങളിൽ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. 2028-ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യുദ്ധമാണെന്ന് കുറ്റപ്പെടുത്തുകയും വിഷയത്തിൽ നിന്ന് പരസ്യമായി അകലം പാലിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇറാൻ നയതന്ത്ര ശ്രമങ്ങളിൽ നിന്ന് വാൻസിനെ മാറ്റിയ ട്രംപ്, ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകി. വാൻസിന്റെ പ്രസ്താവന ശരിയാണെന്നും ഈ സാഹചര്യം തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് തിരിച്ചടിയായെന്നും ട്രംപ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാൽ, വീണ്ടും ഇതേ സാഹചര്യം വന്നാൽ ഇറാനെ ആക്രമിക്കുമോ എന്ന ചോദ്യത്തിന് “തീർച്ചയായും ചെയ്യും, കാരണം ഇറാന് ആണവായുധം നിർമിക്കാൻ അനുവദിക്കാനാവില്ല” എന്നായിരുന്നു ട്രംപിന്റെ മറുപടി. റഷ്യൻ, ചൈനീസ് നേതാക്കളുമായി വ്യാഴാഴ്ച ട്രംപ് നടത്തിയ ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇറാൻ സംഘർഷത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ