Thursday, November 19, 2026
Homeകേരളംപക്ഷിപ്പനി പ്രതിരോധം; പകർച്ച ഒഴിവാക്കാൻ 18620 വളർത്തുപക്ഷികളെ കൊന്നു നശിപ്പിച്ചു -28040 മുട്ടകളും 100 കിലോ...

പക്ഷിപ്പനി പ്രതിരോധം; പകർച്ച ഒഴിവാക്കാൻ 18620 വളർത്തുപക്ഷികളെ കൊന്നു നശിപ്പിച്ചു -28040 മുട്ടകളും 100 കിലോ തീറ്റയും നശിപ്പിച്ചു

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗം പടരുന്നത് ഒഴിവാക്കാൻ പ്രഭവകേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 18620 വളർത്തുപക്ഷികളെ ബുധനാഴ്ച്ച കൊന്നു നശിപ്പിച്ചു. ആകെ 7116 കോഴി, 11057 താറാവ്, 447 കാട എന്നിവയെ ആണ് നശിപ്പിച്ചത്. 28040 മുട്ടകളും 100 കിലോ തീറ്റയും നശിപ്പിച്ചു.

അമ്പലപ്പുഴ നോർത്ത് ഗ്രാമപഞ്ചായത്തിലെ പ്രഭവ കേന്ദ്രത്തിന് ചുറ്റും 7331 പക്ഷികളെയും ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ 11289 പക്ഷികളെയുമാണ് കൊന്നത്. നശിപ്പിച്ചവയിൽ ഫാമുകളിലെയും വീടുകളിലെയും വളർത്തുപക്ഷികൾ ഉൾപ്പെടുന്നു.

അമ്പലപ്പുഴ നോർത്തിൽ 1636 വലിയ കോഴികൾ, 5225 ചെറിയ കോഴികൾ, 447 കാടകൾ, 3 താറാവുകൾ, എന്നിവ നശിപ്പിച്ചു. 40 മുട്ടകളും ഇവിടെ നശിപ്പിച്ചു. പ്രഭവ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന അമ്പലപ്പുഴ സൗത്ത് ഗ്രാമപഞ്ചായത്തിലെ 20 പക്ഷികളെയും നശിപ്പിച്ചു.

ചെന്നിത്തല-തൃപ്പെരുന്തുറയിൽ 235 കോഴികൾ, 586 താറാവുകൾ, 10468 താറാകുഞ്ഞുങ്ങൾ എന്നിവ നശിപ്പിച്ചു. ഇവിടെ 28000 മുട്ടകളാണ് നശിപ്പിച്ചത്.
രണ്ട് പ്രഭവകേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുമായി മൂന്ന് വീതം ദ്രുതകർമ്മ സേനയുടെ നേതൃത്വത്തിലാണ് നശിപ്പിക്കൽ പ്രവൃത്തി നടന്നത്. ഒരോ ദ്രുതകർമ്മ സേനയിലും ഒരു ഡോക്ടർ, രണ്ട് ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, രണ്ട് അറ്റൻഡർമാർ എന്നിവരും നാല് തൊഴിലാളികളും ഉണ്ടായിരുന്നു.

പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലെ പ്രോട്ടൊക്കോൾ പ്രകാരം പിപിഇ കിറ്റ് ധരിച്ചു, ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തിയാണ് ദ്രുതകർമ്മ സേനാംഗങ്ങൾ പ്രവൃത്തി തുടങ്ങിയത്. നശിപ്പിച്ച പക്ഷികളുടെ അവശിഷ്ടങ്ങളിൽ നിന്ന് വൈറസ് പകരുന്നത് തടയാൻ അവശിഷ്ടം വിറക്, തൊണ്ട്, ചിരട്ട, പഞ്ചസാര, ഡീസൽ എന്നിവ ഉപയോഗിച്ച് കത്തിച്ചു.

ആലപ്പുഴയിൽ നിന്ന് ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ദ്രുതകർമ്മ സേന രണ്ടു പഞ്ചായത്തുകളിലേക്കും തിരിച്ചത്. മൃഗസംരക്ഷണം, വെറ്ററിനറി, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണം, പോലീസ്, ഭക്ഷ്യസുരക്ഷ വകുപ്പുകൾ സഹകരിച്ചു.

അമ്പലപ്പുഴ നോർത്തിലെ വാർഡ് 11-ലെ ഫാമിലെ കാടകളിലും കോഴികളിലും ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ ഫാമിലെ താറാവുകളിലും കോഴികളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ