Wednesday, November 18, 2026
Homeകേരളംപെട്രോൾ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കും: മന്ത്രി അനൂപ് ജേക്കബ്

പെട്രോൾ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കും: മന്ത്രി അനൂപ് ജേക്കബ്

പെട്രോളിൽ നിശ്ചിതപരിധിയിലധികം എഥനോൾ കലർത്തി വിൽപന നടത്തുന്നുണ്ടോയെന്നു പരിശോധിക്കാൻ ആലപ്പുഴ, കാസർകോട് ജില്ലകളിലെ നാലു പമ്പുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു. പെട്രോൾ കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

കഴിഞ്ഞാഴ്ച നാലു ജില്ലകളിലെ 9 പമ്പുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഇന്ധനം ഉറപ്പാക്കാനും ഇന്ധനത്തിലെ മായംചേർക്കലും മറ്റ് ക്രമക്കേടുകളും തടയാനുമാണു നടപടിയെന്നു ഭക്ഷ്യ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പരിശോധനയിൽ അളവിൽ കൂടുതൽ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) നിഷ്‌കർഷിച്ച ഗുണനിലവാര മാനദണ്ഡം പാലിച്ചാണോ പെട്രോൾ നൽകുന്നതെന്ന് ഉറപ്പാക്കും. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ പരിശോധനകൾ തുടരുമെന്നും മന്ത്രി അറിയിച്ചു. കർണാടകയിലെ ചില പമ്പിൽ അളവിൽ കൂടുതൽ എഥനോൾ കലർത്തിയ ഇന്ധനം വിൽക്കുന്നതായി കണ്ടെത്തിയതിനു പിന്നാലെയാണ് കേരളത്തിലും പരിശോധനയ്ക്ക് ഉത്തരവിട്ടത്.

ആലപ്പുഴ മുനിസിപ്പൽ പരിധിയിലുള്ള ബിപിസിഎൽ പമ്പിലും തൃക്കുന്നപ്പുഴയിലെ ഐഒസിയുടെ പമ്പിലുമാണു നവംബർ 16ന് പരിശോധന നടന്നത്. ശേഖരിച്ച സാമ്പിളുകൾ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ പരിശോധനയ്ക്കു നൽകും. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസർ സേതുലക്ഷ്മി ആർ, കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ ഓമനക്കുട്ടൻ ജി, റേഷനിങ് ഇൻസ്പെക്ടർമാരായ രതീഷ് കെ, ബിനുരാജ് പി.ആർ, ഗിരീഷ്, കൃഷ്ണകുമാർ ഉണ്ണിത്താൻ, രാജേഷ് കെ വിശ്വനാഥ്, ബി.പി.സി.എൽ സെയിൽസ് ഓഫീസർ നിത ടി.ഇ, ഐഒസി സെയിൽസ് ഓഫീസർ ടി.ജെ രാകേഷ് കിരൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കാസർകോഡ് ജില്ലയിൽ ജിയോ പമ്പിലും കാസർകോഡ് മുൻസിപ്പൽ പരിധിയിലെ ജിയോ പമ്പിലും അണങ്കൂർ കണന്തക്കാട് ഫയര്‍‌സ്റ്റേഷനു സമീപമുള്ള ഐഒസി പമ്പിലുമാണു പരിശോധന നടത്തിയത്. സാമ്പിളുകൾ കോഴിക്കോട് റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ പരിശോധനയ്ക്കു നൽകും. ഡിഎസ്ഒ ബിന്ദു കെ.എൻ., കാസർകോഡ് റ്റിഎസ്ഒ കൃഷ്ണനായക് ബി, വെള്ളരിക്കുണ്ട് റ്റിഎസ്ഒ ശകുന്തള റ്റി.പി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ