മലപ്പുറം: ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രമായ ആതവനാട് ഫാമില്‍ ഉല്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള നാടന്‍ കോഴിമുട്ടകള്‍ മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നവംബർ 10 മുതൽ മുട്ടവിൽപ്പന തുടങ്ങും. ഗുണമേന്മയുള്ള ഈ മുട്ടകൾ മിതമായ നിരക്കിൽ ലഭിക്കും
നിലവിൽ പൊതുവിപണിയിൽ കോഴിമുട്ടയ്ക്ക് 8 രൂപ വിലയുണ്ട്. നാടൻ കോഴിമുട്ടയിക്ക് 10 രൂപയും. പൊതുവിപണിയെക്കാൾ കുറഞ്ഞ വിലയിൽ മുട്ട ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് സിവില്‍ സ്റ്റേഷനില്‍ മുട്ടക്കച്ചവടം ആരംഭിക്കുന്നത്. മുട്ടവില്‍പ്പന കേന്ദ്രത്തിന്റെ ഉദ്ഘാടനം നവംബര്‍ 10 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന നിയാസി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ മുഖ്യാതിഥിയാകും. ജില്ലാ മൃഗസംരക്ഷണ ഓഫീസിന് സമീപമാണ് വിപണന കേന്ദ്രം സജ്ജമാക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
പ്രോട്ടീൻ ഭക്ഷണത്തിനായി മുട്ടയെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെയേറെ കൂടുതലാണ് ഇന്ന്. ഇക്കാരണത്താൽ തന്നെ മുട്ടയുടെ വില കുടുംബ ബജറ്റുകളുടെ താളത്തെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു. ഒരു വീട്ടിൽ ഒരു വ്യക്തി ദിവസം രണ്ട് മുട്ട വീതം കഴിച്ചാൽ തന്നെ ഒരു ശരാശരി കുടുംബത്തിന്റെ ഒരു ദിവസത്തെ ശരാശരി ചെലവ് 80 രൂപയായിരിക്കും. ഒരു മാസത്തേക്ക് ഇത് 2400 രൂപയിലെത്തും.
നാട്ടിൻപുറങ്ങളിൽ പോലും ജിംനേഷ്യങ്ങൾ സജീവമാകുകയും, പ്രായഭേദമില്ലാതെ എല്ലാവരും ജിമ്മുകളിലേക്കെത്തുകയും ചെയ്യുന്നതിനാൽ തന്നെ കേരളത്തിൽ എല്ലായിടത്തും ഇപ്പോൾ മുട്ടയ്ക്ക് ഒരുപോലെ ഡിമാൻഡുണ്ട്. കേരളത്തിൽ ഒരു ദിവസം ശരാശരി 1.6 കോടി മുട്ടകൾ (പ്രതിവർഷം ഏകദേശം 580 കോടി മുട്ടകൾ) ആവശ്യമുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. അതെസമയം ആവശ്യമായ മുട്ടയുടെ പകുതി പോലും നാമിവിടെ ഉൽപ്പാദിപ്പിക്കുന്നില്ല. 200 കോടി മുട്ടകളാണ് കേരളത്തിൽ ഒരു വർഷം ഉൽപ്പാദിപ്പിക്കുന്നത്. കേരളത്തിലെ പ്രതിദിന ഉത്പാദനം 68.8 ലക്ഷത്തോളം മാത്രം.
ആവശ്യകതയുടെ വലിയൊരു ഭാഗവും (പ്രതിദിനം 1 കോടിയോളം മുട്ടകൾ) തമിഴ്നാട്ടിലെ നാമക്കൽ, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. നാമക്കലിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മുട്ട കൊണ്ടുവരുന്നത്. ഏതാണ്ട് 300 കോടി കോഴിമുട്ടകളും 40 കോടി താറാവുമുട്ടകളും ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് പ്രതിവർഷം കേരളത്തിലെത്തിക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ മുട്ട ഉത്പാദനം 14,911 കോടി മുട്ടയാണ്.



