കായിക താരങ്ങൾക്ക് കേന്ദ്ര സർക്കാർ സർവീസിൽ ജോലി നേടാൻ അവസരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ആദായ നികുതി വകുപ്പിൽ സ്പോർട്സ് ക്വാട്ടയിൽ 119 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. മൂന്ന് തസ്തികകളിലായാണ് ഒഴിലുകൾ ഉള്ളത്. ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ദില്ലി റീജിയണിലാണ് നിയമനമെങ്കിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. നവംബർ 10 വരെയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ടാക്സ് അസിസ്റ്റന്റ് തസ്തികയിൽ 44 ഒഴിവുകളാണുള്ളത്. സ്റ്റെനോഗ്രാഫർ ഗ്രേഡ് II തസ്തികയിൽ ഒൻപതും മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 66 ഒഴിവുകളുമുണ്ട്. ടാക്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് വേണ്ടത്. പത്താം ക്ലാസ് വിജയിച്ചവർക്ക് മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇംഗ്ലിഷ് ടൈപ്പിങ്ങിൽ നിശ്ചിത വേഗതയും ഉണ്ടായിരിക്കണം. കായിക യോഗ്യത നിർബന്ധമാണ്.
അതേസമയം, രാജ്യാന്തര, ദേശീയ മത്സരങ്ങൾ, അന്തർ സർവകലാശാല മത്സരങ്ങൾ, ഖേലോ ഇന്ത്യ ഗെയിംസ്, നാഷണൽ സ്കൂൾ ഗെയിംസ് എന്നിവയിൽ പങ്കെടുത്തവർക്കും മെഡൽ നേടിയവർക്കുമാണ് അപേക്ഷിക്കാൻ അവസരം. 2020 ജനുവരി ഒന്നിനും 2026 ഒക്ടോബർ 15നും ഇടയിൽ നേടിയ കായിക നേട്ടങ്ങളാണ് പരിഗണിക്കുക. ആവശ്യമായ വിദ്യാഭ്യാസ യോഗ്യത 2026 ഓഗസ്റ്റ് 31നകം നേടിയിരിക്കണം.
ടാക്സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് 18നും 27നും ഇടയിലായിരിക്കണം പ്രായം. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് 18നും 25നും ഇടയിലാണ് പ്രായപരിധി. 2026 ഓഗസ്റ്റ് 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സെെറ്റ് സന്ദർശിക്കുക.



