തൃശ്ശൂർ: ദേശീയപാത 544ൽ പുതുക്കാട് നിർമിക്കുന്ന മേൽപ്പാലം മണ്ണുനിറച്ച ബണ്ടുകൾക്ക് പകരം തൂണുകളിൽ നിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ജനകീയ സമിതിയും രംഗത്ത്. നിലവിലെ രൂപരേഖ നടപ്പാക്കിയാൽ പുതുക്കാട് പട്ടണത്തിന്റെ ഇരുവശങ്ങളിലേക്കുമുള്ള യാത്രയും വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവും തടസ്സപ്പെടുമെന്നാണ് ആശങ്ക.
നിർദിഷ്ട പദ്ധതിയിൽ ജങ്ഷനിൽ ഏകദേശം 70 മീറ്റർ ഭാഗത്ത് മാത്രമാണ് തുറന്ന ഇടം അനുവദിച്ചിരിക്കുന്നത്. ശേഷിക്കുന്ന 1.38 കിലോമീറ്ററോളം ഭാഗത്ത് മണ്ണുനിറച്ച സമീപനപാതകളാണ് നിർദേശിച്ചിരിക്കുന്നത്. ഇതുമൂലം സമീപപ്രദേശങ്ങളിലേക്കുള്ള ഗതാഗതവും മഴവെള്ളത്തിന്റെ ഒഴുക്കും തടസ്സപ്പെടുമെന്ന് ജനകീയ സമിതി ആരോപിക്കുന്നു.
പഞ്ചായത്ത് ഓഫീസ്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയവയിലേക്കുള്ള പ്രവേശനം സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിർദിഷ്ട സർവീസ് റോഡുകളുടെ വീതി പര്യാപ്തമല്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
മേൽപ്പാലത്തിന്റെ രൂപരേഖ പുനഃപരിശോധിച്ച് തൂണുകളിലൂടെയുള്ള നിർമാണരീതി സ്വീകരിക്കണമെന്ന ആവശ്യം ബന്ധപ്പെട്ട അധികൃതരുടെ പരിഗണനയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്.



