Wednesday, November 4, 2026
Homeഅമേരിക്കസമുദ്രത്തിൽ മാത്രം ജീവിച്ചിരുന്ന ആദ്യത്തെ ഉഭയജീവിയുടേതെന്ന് കരുതപ്പെടുന്ന ജീവിയുടെ ഫോസിലുകൾ കണ്ടെത്തി

സമുദ്രത്തിൽ മാത്രം ജീവിച്ചിരുന്ന ആദ്യത്തെ ഉഭയജീവിയുടേതെന്ന് കരുതപ്പെടുന്ന ജീവിയുടെ ഫോസിലുകൾ കണ്ടെത്തി

സമുദ്രത്തിൽ മാത്രം ജീവിച്ചിരുന്ന ആദ്യത്തെ ഉഭയജീവിയുടേതെന്ന് കരുതപ്പെടുന്ന ജീവിയുടെ ഫോസിലുകൾ കണ്ടെത്തി. ഉഭയജീവികളുടെ പരിണാമ ചരിത്രത്തെക്കുറിച്ച് ഇതുവരെ നിലനിന്നിരുന്ന ധാരണകളെ ചോദ്യം ചെയ്യുന്നതാണ് ഈ കണ്ടെത്തലെന്ന് റിപ്പോർട്ടുകൾ. ജെറോതോറാക്സ് മാരിറ്റിമസ് (Gerrothorax maritimus) എന്ന് പേരിട്ടിരിക്കുന്ന ഈ ജീവി ഏകദേശം 237 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ട്രയാസിക് കാലഘട്ടത്തിന്‍റെ അവസാന ഘട്ടത്തിൽ ജീവിച്ചിരുന്നതായാണ് ഗവേഷകരുടെ നിഗമനം. ചൈനയിലെ ഗുയിഷോ പ്രവിശ്യയിൽ നിന്നാണ് ഏതാണ്ട് പൂർണരൂപത്തിലുള്ള ഇവയുടെ രണ്ട് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. പഠന ഫലങ്ങൾ നേച്ചർ ഇക്കോളജി ആൻഡ് ഇവല്യൂഷൻ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.

ഏകദേശം 75 സെന്‍റിമീറ്റർ നീളമുണ്ടായിരുന്ന ഈ ജീവിയുടെ ശരീരം പരന്നതും വൃത്താകൃതിയിലുള്ളതുമായിരുന്നു. ശരീരമാകെ സംരക്ഷണത്തിന് ഉതകുന്ന കട്ടിയുള്ള അസ്ഥി കവചവും ഇവയ്ക്ക് ഉണ്ടായിരുന്നു. ഇക്തിയോസോറുകൾ (Ichthyosaurs) ഉൾപ്പെടെയുള്ള സമുദ്രത്തിലെ വേട്ടക്കാരിൽ നിന്നുള്ള ആക്രമണങ്ങളെ അതിജീവിക്കാൻ അവയെ ഈ കവചം സഹായിച്ചിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

ഇന്നത്തെ ഉഭയജീവികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ജീവിയുടെ വലുപ്പം അസാധാരണമാണെന്ന് കാലിഫോർണിയ സർവകലാശാലയിലെ ഡേവിസ് ക്യാംപസിലെ പ്രൊഫസറായ റയോസുകെ മൊട്ടാനി പറയുന്നു. ശരീരഭാരത്തിന്‍റെ കാര്യത്തിൽ ഇന്നത്തെ ഭീമൻ സലമാണ്ടറുകളോടാണ് ഗവേഷകർ ഇതിനെ താരതമ്യം ചെയ്യുന്നത്. എന്നാൽ, സലമാണ്ടറുകൾക്ക് നീണ്ട ശരീരമാണുള്ളതെങ്കിൽ ഇവയ്ക്ക് വീതിയേറിയതും തടിച്ചതുമായ ശരീരഘടനയായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കടലിന്‍റെ അടിത്തട്ടിൽ പതുങ്ങിയിരുന്ന് ഇരയെ കാത്തിരിക്കുന്നതായിരിക്കാം ഇവയുടെ ഇരവേട്ടാ രീതിയെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇര അടുത്തെത്തുമ്പോൾ വായിലേക്ക് വലിച്ചെടുക്കുന്നത് പോലുള്ള രീതിയിലൂടെ ഇരകളെ ഇവ പിടികൂടിയിരിക്കാം. ഇന്നത്തെ വോബെഗോങ് സ്രാവുകളുടെ (Wobbegong sharks) ഇരപിടിത്ത രീതിയോടാണ് ഗവേഷകർ ഇതിനെ താരതമ്യം ചെയ്യുന്നത്

സ്ഥിരമായി സമുദ്രത്തിൽ ജീവിക്കാൻ ഇന്നത്തെ ഉഭയജീവികൾക്ക് സാധിക്കില്ല. അവയുടെ ചർമത്തിലൂടെ വെള്ളവും ലവണങ്ങളും എളുപ്പത്തിൽ കടന്നുപോകുന്നതിനാൽ ശരീരത്തിലെ ഉപ്പിന്‍റെ അളവ് നിയന്ത്രിക്കുക പ്രയാസമാണ്, പ്രത്യേകിച്ചും സമുദ്രത്തിന് പുറത്ത് വരുമ്പോൾ. ഇന്ന് ജീവിച്ചിരിക്കുന്ന 8,000 -ത്തിലധികം ഉഭയജീവി വിഭാഗങ്ങളിൽ സമുദ്രത്തിൽ മാത്രം വസിക്കുന്ന ഒന്നുപോലും ജീവിച്ചിരിപ്പില്ലെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, ഈ പുരാതന ജീവിയുടെ ശരീരത്തിലുണ്ടായിരുന്ന അസ്ഥികവചം ചർമത്തിലൂടെയുള്ള ജലത്തിന്‍റെയും ലവണങ്ങളുടെയും കൈമാറ്റം നിയന്ത്രിക്കാൻ സഹായിച്ചിരിക്കാമെന്നാണ് ഗവേഷകരുടെ അനുമാനം. ദഹനവ്യവസ്ഥയും ചെകിളകളും വെള്ളം ആഗിരണം ചെയ്യുന്നതിനും ശരീരത്തിലെ അധിക ലവണങ്ങൾ പുറന്തള്ളുന്നതിനും സഹായിച്ചിരിക്കാമെന്നും ശാസ്ത്രജ്ഞർ കരുതുന്നു. എന്നാൽ, ഇവയെല്ലാം നിലവിൽ ഗവേഷകർ മുന്നോട്ടുവെക്കുന്ന അനുമാനങ്ങൾ മാത്രമാണ്.

പുരാതന സമുദ്രത്തിന്‍റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ട് അസ്ഥികൂടങ്ങളും കണ്ടെത്തിയത്. വിരലുകളിലെ അതിസൂക്ഷ്മമായ അസ്ഥികൾ പോലും കേടുപാടുകളില്ലാതെ ഫോസിലുകളിൽ സംരക്ഷിക്കപ്പെട്ടിരുന്നു. ഈ ജീവികൾ മരിച്ച സ്ഥലത്തിന് സമീപം തന്നെയായിരിക്കാം ജീവിച്ചിരുന്നതെന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് മൊട്ടാനി പറഞ്ഞു. മരണശേഷം കരയിൽനിന്ന് ഒഴുകിയെത്തി കടലിൽ അടിഞ്ഞതല്ല, മറിച്ച് സമുദ്രത്തിൽത്തന്നെ ജീവിച്ചിരുന്നവയാണ് ഈ ജീവികളെന്ന നിഗമനത്തിലേക്കാണ് ഗവേഷകരെത്തിയത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ