കവരത്തി: ലക്ഷദ്വീപിലെ കവരത്തിയിൽ വികസനത്തിന്റെയും ടൂറിസത്തിന്റെയും പേരിൽ മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും കൂട്ടത്തോടെ ഒഴിപ്പിക്കൽ നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് സോഷ്യലിസ്റ്റ് ടോക്സ് അടക്കമുള്ള മാധ്യമങ്ങളും ദ്വീപ് കൂട്ടായ്മകളും ആശങ്ക ശക്തമാക്കിയിട്ടുണ്ട്.
രവീന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെയും ഐ.ഐ.എം പഠനങ്ങളുടെയും പശ്ചാത്തലത്തിൽ, ടൂറിസം വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് സൂചന. നേരത്തെ രവീന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മത്സ്യബന്ധന തൊഴിലാളികൾക്കായി ഡി-നോട്ടിഫൈ ചെയ്ത കവരത്തി പെട്രോൾ പമ്പിന് എതിർവശത്തുള്ള പ്രദേശത്ത് നിന്നും മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പുതിയ നോട്ടീസുകൾ നൽകിയിരിക്കുന്നത്.
ഈ നടപടി ദ്വീപിന്റെ പാരമ്പരാഗത മത്സ്യബന്ധന മേഖലയെയും, പരമ്പരാഗതമായി മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനമാർഗ്ഗങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങളുടെ പരമ്പരാഗത തൊഴിലിടങ്ങളിൽ നിന്നും ബോട്ട് വെക്കാനും വലകൾ സൂക്ഷിക്കാനും മറ്റുമുള്ള സ്ഥലങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ഏകപക്ഷീയമായ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്താനൊരുങ്ങുകയാണ് ദ്വീപ് നിവാസികളും മത്സ്യത്തൊഴിലാളി സംഘടനകളും.



