പാലക്കാട്: കള്ളനെ പേടിച്ച് അലമാരയ്ക്കു മുകളിൽ ഒളിപ്പിച്ചു വെച്ച സ്വർണം മോഷണം പോയി. പാലക്കാട് കപ്പൂർ കൂവപ്പൊടി വീട്ടിൽ ഹംസയുടെ വീട്ടിലാണ് ഞെട്ടിക്കുന്ന മോഷണം നടന്നത്. ഞായറാഴ്ച ബന്ധുവിന്റെ വിവാഹത്തിനു പോയി കുടുംബം മടങ്ങിയെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്.
അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ചിരുന്ന 7 പവൻ സ്വർണാഭരണങ്ങളും അലമാരയ്ക്കുള്ളിൽ വെച്ചിരുന്ന 1000 രൂപയുമാണ് കവർന്നത്. സംഭവത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാലിശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാർ നൽകുന്ന വിവരമനുസരിച്ച്, കള്ളനെ പേടിച്ചാണ് വീട്ടിലുണ്ടായിരുന്ന സ്വർണം അലമാരയ്ക്കു മുകളിൽ എടുത്തു വെച്ചത്.
കഴിഞ്ഞ ഒരാഴ്ച മുൻപു വരെ സ്വർണം സുരക്ഷിതമായി ഇവിടെയുണ്ടായിരുന്നു. എന്നാൽ അലമാരയ്ക്ക് ഉയരം കൂടുതലുള്ളതിനാൽ പുറത്തുനിന്നും കസേര എടുത്തുകൊണ്ടു വന്നാണ് കള്ളൻ സ്വർണം എടുത്തത് എന്ന് വ്യക്തമായിട്ടുണ്ട്. വീടിന്റെ വാതിലോ പൂട്ടോ ഒന്നും തകർത്തിട്ടുമില്ല. വീടും പരിസരവും വ്യക്തമായി അറിയുന്നവരുടെയും, സ്വർണം അലമാരയ്ക്കു മുകളിലാണ് വെക്കുന്നതെന്ന് കൃത്യമായ വിവരമുള്ളവരുടെയും ആളാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അടുത്തുള്ളവരെ ചോദ്യം ചെയ്തുമൊക്കെയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.



