Wednesday, October 21, 2026
Homeകേരളംഅപകടത്തിൽ മരിച്ച നവദമ്പതികളുടെ കുടുംബത്തിന് 1.76 കോടി രൂപ നഷ്ടപരിഹാരം; ഏഴ് ശതമാനം പലിശയും.

അപകടത്തിൽ മരിച്ച നവദമ്പതികളുടെ കുടുംബത്തിന് 1.76 കോടി രൂപ നഷ്ടപരിഹാരം; ഏഴ് ശതമാനം പലിശയും.

തേഞ്ഞിപ്പാലം: ചേലേമ്പ്ര പഴയ സ്പിന്നിങ് മിൽ വളവിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നവദമ്പതികളുടെ കുടുംബത്തിന് 1.76 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. തിരൂർ അഡീഷണൽ ജില്ലാ കോടതി ജഡ്ജിയും മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയുമായ എസ്. ശ്രീജിത്താണ് ഉത്തരവിട്ടത്. ഏഴ് ശതമാനം പലിശയും ചേർത്ത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.

2020 നവംബറിൽ നടന്ന അപകടത്തിൽ പെരുവള്ളൂർ കണ്ണമംഗലം വെസ്റ്റ് കണിത്തോടിക വീട്ടിൽ സലാഹുദ്ദീനും ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ്
സ്വദേശിനി ഫാത്തിമ ജുമാനയുമാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രമായിരിക്കെയാണ് ദുരന്തം സംഭവിച്ചത്.

വിവാഹസൽക്കാരത്തിനായി വധുവിന്റെ വീട്ടിലേക്ക് ബുള്ളറ്റിൽ പോകുന്നതിനിടെ താനൂരിലേക്ക് പോവുകയായിരുന്ന പെട്രോൾ ടാങ്കർ ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. സലാഹുദ്ദീൻ സംഭവസ്ഥലത്തും ഫാത്തിമ ജുമാന കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയും മരിച്ചു.

മരിച്ചവരുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. ടാങ്കർ ലോറി അശ്രദ്ധമായി ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് ഹർജിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിലുള്ളത്.

അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സലാഹുദ്ദീനെ പ്രതിയാക്കിയ നടപടി അന്ന് വിമർശനവിധേയമായിരുന്നു. ഏഴ് ശതമാനം പലിശ കൂടി കണക്കാക്കുമ്പോൾ ഇൻഷുറൻസ് കമ്പനി നൽകേണ്ട തുക രണ്ടര കോടി രൂപയോടടുത്തേക്കുമെന്നാണ് കണക്കുകൂട്ടൽ. അഡ്വ. എൻ മുഹമ്മദ് ഷമീം, പി സി പത്മജ എന്നിവരാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ