ന്യൂഡല്‍ഹി: സിജെപിയുടെ ജന്തര്‍ മന്തര്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ഡല്‍ഹി പൊലീസ്. പ്രതിഷേധത്തിന്റെ ഭാഗമായി ജന്തര്‍ മന്തറില്‍ അതിക്രമിച്ചുകടന്നതിന് സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും എതിരായെടുത്ത കേസാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. മന്ദിര്‍ മാര്‍ഗ് എസ്ഇഎം ഇരുവര്‍ക്കും ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള നടപടി.
ജന്തര്‍ മന്തര്‍ പ്രതിഷേധ കേന്ദ്രമല്ലെന്ന ഉത്തരവ് വന്നതിന് പിന്നാലെയായിരുന്നു സിജെപിയുടെ പ്രതിഷേധം. ദേശീയ പതാകയുമായി ജന്തര്‍ മന്തറിനകത്ത് കടന്ന സിജെപി പ്രവര്‍ത്തകര്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൗരവിനെയും അശുതോഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയായിരുന്നു ഇരുവരെയും ഇന്ന് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ബുധനാഴ്ച ഇരുവരെയും വീണ്ടും കോടതിയില്‍ ഹാജരാക്കും.
സിജെപി നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ച നടപടിയില്‍ വിമര്‍ശനം ശക്തമായിരിക്കുകയാണ്. പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായാണ് അഭിജീത് ദീപ്കെ രംഗത്തെത്തിയത്. യുവ പ്രതിഷേധക്കാരെ ഭയപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ദീപ്കെ ആരോപിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത ദീപ്കെ സൗരവ് ദാസിന്റെയും അശുതോഷിന്റെയും ധീരതയെ പുകഴ്ത്തുകയും ചെയ്തു.
ജുഡീഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവ് വിചിത്രമെന്നാണ് സിജെപി ലീഗല്‍ കറസ്പോണ്ടന്റ് രത്ന സിങ് പ്രതികരിച്ചത്. എസ്എംഇ വിധി കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ചോദ്യം ചെയ്യുക തന്നെ ചെയ്യും. രേഖകളില്‍ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ഷുവര്‍റ്റി ബോണ്ടില്‍ ഉള്ള ചിത്രത്തിലെ വ്യത്യാസം കാരണമായി പറഞ്ഞു. മാതാപിതാക്കളുടെ വിശദാംശങ്ങളില്‍ വ്യക്തത കുറവ് ഉണ്ട് എന്നും എസ്എംഇ പറഞ്ഞു. ഇത് നിയമവ്യവസ്ഥയെ അവഹേളിക്കുന്ന നിലപാടാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന് എങ്ങനെ ജുഡീഷ്യല്‍ കസ്റ്റഡി വിധിക്കാന്‍ കഴിയുമെന്നും രത്ന സിംഗ് ചോദിച്ചു.



