നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വീടുകളിലും ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജവച്ച് ഭക്തർ. ഞായറാഴ്ച വൈകിട്ടാണ് ഈ വർഷത്തെ പൂജവെപ്പ് ചടങ്ങുകൾ നടന്നത്. സരസ്വതി ദേവിയെ ആരാധിച്ച് ഗ്രന്ഥങ്ങൾ പേന, പെൻസിൽ തുടങ്ങിയ പഠനോപകരണങ്ങൾ പൂജയ്ക്ക് സമർപ്പിച്ചു.
തിങ്കളാഴ്ച ദുർഗാഷ്ടമിയും ചൊവ്വാഴ്ച മഹാനവമിയും ആയുധപൂജ ചടങ്ങുകളും നടക്കും. ബുധനാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും. അന്നാണ് പൂജയെടുപ്പും കുരുന്നുകളുടെ ആദ്യാക്ഷരമെഴുതും നടക്കുക. അറിവിൻ്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുന്ന ചടങ്ങുകൾക്കായി ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു.



