ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ 98 കാരനായ എൽ.കെ. അദ്വാനിയെ നെഞ്ചിലെ അണുബാധയെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദില്ലി ജസോളയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പൾമണറി വകുപ്പിൽ പ്രവേശിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചു വരികയാണെന്നും പരിശോധനകൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ വർഷം മെയ് മാസത്തിലും അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അന്ന് അദ്ദേഹം ഡിസ്ചാർജ് ആയി മടങ്ങിയത്.
ആധുനിക ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) സ്ഥാപകരിൽ പ്രധാനിയാണ് എൽ.കെ. അദ്വാനി. 1986 മുതൽ 1990 വരെയും, 1993 മുതൽ 1998 വരെയും, 2004 മുതൽ 2005 വരെയും മൂന്ന് തവണ അദ്ദേഹം പാർട്ടി പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1977 മുതൽ 1979 വരെ മൊറാർജി ദേശായി സർക്കാരിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.



