പഞ്ചാബിലെ പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു (മധുസൂദൻ) വെടിയേറ്റ് മരിച്ചു. അമൃത്‌സറില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടാള്‍ അടങ്ങുന്ന അജ്ഞാത സംഘമാണ് ഇയാള്‍ക്ക് നേരെ വെടിയുതിർത്തത്.
റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന സന്ധുവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഇയാള്‍ റോഡില്‍ വീണുകിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. കേസില്‍ അന്വേഷണം ഊർജിതമാക്കിയതായും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അഡീഷണല്‍ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സിരിവെന്നെല വ്യക്തമാക്കി.
ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് നിലവില്‍ വ്യക്തമായിട്ടില്ല.പഞ്ചാബി, മുംബൈ സിനിമാ മേഖലകളില്‍ സ്റ്റൈലിസ്റ്റായും അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായും പ്രവർത്തിച്ചാണ് സന്ധു കരിയർ ആരംഭിക്കുന്നത്.
പിന്നീട് ഇൻസ്റ്റഗ്രാം റീല്‍സുകളിലൂടെയാണ് ഇയാള്‍ ജനപ്രീതി നേടിയത്. ഫാഷൻ, ലിംഗസമത്വം, എല്‍ജിബിടിക്യു പ്ലസ് അവകാശങ്ങള്‍ എന്നിവയെ കുറിച്ച് നിരന്തരം സംസാരിച്ചിരുന്ന സന്ധുവിന് നേരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും നേരിട്ടിരുന്നു. എന്നാല്‍ താനൊരു സ്വവർഗാനുരാഗിയാണെന്ന കാര്യം തുറന്നുപറയാൻ ഇയാള്‍ മടിച്ചിരുന്നില്ല.



