ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ സജീവമാക്കാനുള്ള നീക്കം നടത്തിവരികയാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷൻ കാർഡ് അടിസ്ഥാന രേഖയാണ്. അത് ആർക്കും നിഷേധിക്കരുതെന്നാണ് സർക്കാരിന്റെ നയം. റേഷൻകാർഡുകൾ സംരക്ഷിച്ചു നിർത്താനുള്ള നടപടി സംസ്ഥാനം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
റേഷൻ കാർഡ് മരവിപ്പിക്കുന്ന വിവരം കേന്ദ്രസർക്കാർ ഔപചാരികമായി ഇതുവരെ അറിയിച്ചിട്ടില്ല. അരലക്ഷത്തോളം മുൻഗണന കാർഡുകളുടെ കാര്യത്തിലാണ് ഇപ്പോൾ പ്രതിസന്ധിയുള്ളത്.
റേഷൻ വാങ്ങാത്തവരുടെ വിവരം റേഷൻകടകൾ വഴി ശേഖരിച്ചുവരികയാണ്. അവരെ കണ്ടെത്തി കേന്ദ്രനീക്കം അറിയിക്കും. റേഷൻകടകൾ വഴി ക്യാമ്പയിൻ തുടങ്ങിയതോടെ റേഷൻ വാങ്ങാതിരുന്നവർ വാങ്ങാനെത്തുന്നുണ്ട്. റേഷൻ വാങ്ങിയാൽ റേഷൻ കാർഡ് മരവിപ്പിക്കുന്ന ആശങ്ക ഉണ്ടാവുന്നില്ല. ഇ കെവൈസി ഫോം പൂരിപ്പിച്ച് നൽകിയാൽ വീണ്ടും റേഷൻ കാർഡ് ആക്ടീവ് ആകും. അതുകൊണ്ട് കാർഡുകൾ മരവിപ്പിക്കേണ്ട സാഹചര്യം വരില്ലെന്നാണു കരുതുന്നത്.
ആരുടെയും റേഷൻ കാർഡ് നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാകാൻ പാടില്ല എന്നതാണ് സർക്കാർ നയം. റേഷൻ കാർഡ് ഓരോ കുടുംബത്തിനും അർഹതപ്പെട്ടതാണ്. അർഹരായവരെ മുൻഗണനയിൽ ഉൾപ്പെടുത്താനുള്ള അവകാശം നിലനിർത്തി കിട്ടണം. പ്രവാസം, മരണം, വരുമാനം വർധിക്കൽ തുടങ്ങിയ കാരണങ്ങളാൽ റേഷൻ വാങ്ങാത്തവരുണ്ട്. ഒഴിവായ കാർഡുകൾക്കു പകരം മുൻഗണനാ കാർഡുകൾ അനുവദിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നാണു പ്രതീക്ഷ. അതുവഴി അർഹതപ്പെട്ട മുൻഗണനേതര കുടുംബങ്ങളെ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റും. ഇങ്ങനെ നിലവിലുള്ള കാർഡുകളുടെ എണ്ണം നിലനിർത്താൻ കഴിയുമെന്നാണു കരുതുന്നത്.
അഞ്ചു ലക്ഷത്തോളം നീല, വെള്ള കാർഡുകളാണു മരവിപ്പിക്കൽ ഗണത്തിൽ വരുന്നത്. ഈ കാർഡുകാർക്ക് ടൈഡ്ഓവർ വിഹിതത്തിൽ നിന്നാണു സംസ്ഥാനം ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. ഇവരെ ഒഴിവാക്കുന്നതു കേന്ദ്രം ഇപ്പോൾ പരിഗണിക്കാത്തതിനാൽ ഇവരുടെ കാര്യത്തിൽ ആശങ്ക നിലവിലില്ല.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന സ്മാർട്ട് പിഡിഎസ് പദ്ധതിയോട് സംസ്ഥാനത്തിന് എതിർപ്പില്ല. സംസ്ഥാനം പദ്ധതിയിൽ ഒപ്പിട്ടതാണ്. അതിനാൽ പിൻവാങ്ങാനുമാകില്ല. പിൻവാങ്ങേണ്ട സാഹചര്യവുമില്ല.
മുൻഗണന വിഭാഗത്തിലേക്ക് കാർഡുകൾ മാറ്റാനുള്ള അവകാശവും അധികാരവും സംസ്ഥാനത്തിനു നിലനിർത്തണമെന്ന ആവശ്യം കഴിഞ്ഞദിവസം കേന്ദ്രഭക്ഷ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



