Thursday, October 1, 2026
Homeകേരളംസംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻ വോട്ട് ചോർച്ചയും കനത്ത...

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻ വോട്ട് ചോർച്ചയും കനത്ത തിരിച്ചടിയും: കോട്ടയത്തും വോട്ട് കുറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻ വോട്ട് ചോർച്ചയും കനത്ത തിരിച്ചടിയും.

2025-ലെ പൊതുതെരഞ്ഞെടുപ്പിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പിക്ക് ഈ വാർഡുകളില്‍ മാത്രം ആകെ 16,886 വോട്ടുകളുടെ ഇടിവാണുണ്ടായത്. കഴിഞ്ഞ തവണ 39,836 വോട്ടുകള്‍ സമാഹരിച്ച സ്ഥാനത്ത് ഇത്തവണ പാർട്ടിയുടെ ആകെ വോട്ട് 22,950 ആയി കുത്തനെ ഇടിഞ്ഞു.

തിരുവനന്തപുരത്തെ കല്ലറ, പാലക്കാട്ടെ പല്ലശന, കോട്ടയത്തെ തൃക്കൊടിത്താനം എന്നീ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലാണ് ബി.ജെ.പി ഏറ്റവും വലിയ തകർച്ച നേരിട്ടത്. കല്ലറയില്‍ മുൻപ് പതിനായിരത്തിലധികം വോട്ട് നേടിയ ബി.ജെ.പി 4,158 വോട്ടിലേക്ക് ചുരുങ്ങിയപ്പോള്‍, പല്ലശനയില്‍ 6,294 വോട്ടും തൃക്കൊടിത്താനത്ത് 2,735 വോട്ടും കുറഞ്ഞു.

അതേസമയം, യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കാൻ ഇടതുമുന്നണിക്കായി. യു.ഡി.എഫിന്റെ ഏഴ് സിറ്റിംഗ് സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍, നാല് സീറ്റുകള്‍ യു.ഡി.എഫ് തിരിച്ചുപിടിച്ചു.

ആകെ ഫലത്തില്‍ യു.ഡി.എഫ് 18 വാർഡുകളിലും എല്‍.ഡി.എഫ് 16 വാർഡുകളിലും സ്വതന്ത്രർ നാല് വാർഡുകളിലും (ഇതില്‍ ഒന്ന് ട്വന്റി ട്വന്റി) വിജയിച്ചു. യു.ഡി.എഫില്‍ കോണ്‍ഗ്രസ് 12, മുസ്ലിം ലീഗ് 4, കേരള കോണ്‍ഗ്രസ് 2 വീതവും, എല്‍.ഡി.എഫില്‍ സി.പി.എം 13, സി.പി.ഐ 3 വീതവും സീറ്റുകള്‍ നേടി.

മുൻപ് ഈ 38-ല്‍ 22 സീറ്റുകള്‍ കൈവശം വെച്ചിരുന്ന യു.ഡി.എഫിന്റെ അംഗബലം സ്വതന്ത്രരടക്കം 19 ആയി ചുരുങ്ങിയപ്പോള്‍, 15 സീറ്റുണ്ടായിരുന്ന എല്‍.ഡി.എഫ് തങ്ങളുടെ അംഗസംഖ്യ 18 ആയി ഉയർത്തി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടർന്ന് യു.ഡി.എഫ് എം.എല്‍.എമാർ രാജി വെച്ചൊഴിഞ്ഞ രണ്ട് തദ്ദേശ വാർഡുകളിലും എല്‍.ഡി.എഫ് അട്ടിമറി വിജയം നേടി. ചങ്ങനാശ്ശേരി എം.എല്‍.എ വിനു വി. ജോബ് ഒഴിഞ്ഞ കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനില്‍ എല്‍.ഡി.എഫിലെ മഞ്ജു സുജിത്തും, ചിറ്റൂർ എം.എല്‍.എ സുമേഷ് അച്യുതൻ ഒഴിഞ്ഞ ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് വാർഡും എല്‍.ഡി.എഫ് പിടിച്ചെടുത്തു.

പരുത്തിക്കാവില്‍ ഇരുമുന്നണികള്‍ക്കും തുല്യവോട്ട് ലഭിച്ചതിനെത്തുടർന്ന് നടത്തിയ നറുക്കെടുപ്പിലാണ് എല്‍.ഡി.എഫിലെ വി. തുളസീധരൻ വിജയിച്ചത്.

മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ രണ്ടിടത്തും എല്‍.ഡി.എഫ് വിജയം കൊയ്തു. തൃക്കൊടിത്താനത്തിന് പുറമെ പാലക്കാട് പല്ലശ്ശന ഡിവിഷനില്‍ എല്‍.ഡി.എഫിലെ വി. പൊന്നുക്കുട്ടൻ വിജയിച്ചു. സുധീർഷാ പാലോട് എം.എല്‍.എ ആയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്ന തിരുവനന്തപുരം കല്ലറ ഡിവിഷനില്‍ യു.ഡി.എഫിലെ അമിത് തിലക് വിജയം നിലനിർത്തി.

ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളില്‍ അഞ്ചും എല്‍.ഡി.എഫ് നേടിയപ്പോള്‍ ഒരിടത്ത് യു.ഡി.എഫും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. രമ്യ ഹരിദാസ് എം.എല്‍.എയുമായി ബന്ധപ്പെട്ട തർക്കം സജീവ ചർച്ചയായ ചിറയിൻകീഴ് ബ്ലോക്കിലെ അഞ്ചുതെങ്ങ് ഡിവിഷൻ എല്‍.ഡി.എഫ് പിടിച്ചെടുത്തു.

23 ഗ്രാമപഞ്ചായത്ത് വാർഡുകളില്‍ 13 ഇടത്ത് യു.ഡി.എഫും ഏഴില്‍ എല്‍.ഡി.എഫും മൂന്നിടത്ത് സ്വതന്ത്രരും വിജയം കണ്ടപ്പോള്‍, മൂന്ന് നഗരസഭാ വാർഡുകളില്‍ രണ്ടും എല്‍.ഡി.എഫ് നേടി. രണ്ട് കോർപ്പറേഷൻ വാർഡുകളില്‍ ഓരോന്ന് വീതം ഇരുമുന്നണികളും പങ്കിട്ടെടുത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ