കോഴിക്കോട്: നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാര്ദ്ധക്യ സഹജമായ അസുഖത്തെ തുടർന്നുള്ള അന്ത്യം. ഏറെ നാൾ കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചു. കെ ടി മുഹമ്മദിൻ്റെ നിരവധി നാടകങ്ങളിൽ നായികയായിരുന്നു. തിരുവല്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം.
ഏറെ വർഷങ്ങളായി നാടക രംഗത്ത് സജീവമായിരുന്നെങ്കിലും വെള്ളിത്തിരയിൽ വളരെ വൈകിയാണ് സാവിത്രി ശ്രീധരൻ ശ്രദ്ധിക്കപ്പെട്ടത്. മുമ്പ് ചില ചെറിയ വേഷങ്ങളിൽ ചേക്കേറിയത്. കോഴിക്കോട്ടെ നാടക വേദികളിൽ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായി സാവിത്രി.
1960കൾ മുതലാണ് സാവിത്രി നാടകങ്ങളിൽ അഭിനയിച്ചത്. കാര യുവജന കലാസമിതിയിലൂടെയാണ് അഭിനയ ജീവിതത്തിൻ്റെ തുടക്കം. പിന്നീട് കെ ടി മുഹമ്മദിൻ്റെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു.
ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അക്കാലത്ത് ചെയ്തിരുന്ന സാവിത്രിക്ക് സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു. പിന്നീട് എം ടി വാസുദേവൻ നായരുടെ കടവ് എന്ന ചിത്രത്തിലൂടെ 1991ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഏറെക്കാലത്തിന് ശേഷമാണ് സുഡാനി ഫ്രം നൈജീരിയയിൽ എത്തുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു. ഡാകിനി, ക്രിസ്റ്റി, വൈറസ്, പാപ്പൻ, പട തുടങ്ങിയ ചിത്രങ്ങളിലും സാവിത്രി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.



