Monday, September 21, 2026
Homeഅമേരിക്ക"എന്തൊരു ഓർമ്മക്കുറവ്, താക്കോല്‍ എവിടെ വെച്ചെന്ന് ഓര്‍മ്മയില്ല…' ഓര്‍മ്മക്കുറവ് പ്രായത്തിന്റെയാണോ?; അതോ ഡിമെന്‍ഷ്യയുടെ ആദ്യ മുന്നറിയിപ്പോ?

“എന്തൊരു ഓർമ്മക്കുറവ്, താക്കോല്‍ എവിടെ വെച്ചെന്ന് ഓര്‍മ്മയില്ല…’ ഓര്‍മ്മക്കുറവ് പ്രായത്തിന്റെയാണോ?; അതോ ഡിമെന്‍ഷ്യയുടെ ആദ്യ മുന്നറിയിപ്പോ?

“ശോ! പേര് ഓര്‍മ്മ വരുന്നില്ല… എന്റെ നാവിന്‍തുമ്പിലുണ്ട്!”
”എന്തിനാണ് മുറിയില്‍ വന്നതെന്ന് മറന്നുപോയി!”
”താക്കോല്‍ എവിടെ വെച്ചെന്ന് ഓര്‍മ്മയില്ല…’
ഇങ്ങനെയൊക്കെയുള്ള മറവികളില്‍ ചിലത് സാധാരണ പ്രായാധിഷ്ഠിത മറവിയായിരിക്കാം. പക്ഷേ എപ്പോഴാണ് മറവി ഒരു മുന്നറിയിപ്പായി മാറുന്നത്?.

ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ഗുരുതരമായ ഓര്‍മ്മക്കുറവ്, ഭാഷ പ്രശ്‌നങ്ങള്‍, പ്രശ്‌നപരിഹാരത്തിനുള്ള ബുദ്ധിമുട്ട്, മറ്റ് ചിന്താശേഷിയിലെ പ്രശ്‌നങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന ഒരു പൊതു പദമാണ് ഡിമെന്‍ഷ്യ. എല്ലാ മറവിയും ഡിമെന്‍ഷ്യയല്ല. അതാണ് നമ്മള്‍ തിരിച്ചറിയേണ്ട വിവിധ തരം ഡിമെന്‍ഷ്യകളുണ്ട്. ഡിമെന്‍ഷ്യയില്‍ ഏറ്റവും സാധാരണമായത് അല്‍ഷിമേഴ്‌സ് ( Alzheimers) ആണ്.

സാധാരണ പ്രായാധിഷ്ഠിത മറവി…’അയ്യോ… ആ പേര് എന്തായിരുന്നു?”.പരിചിതനായ ഒരാളുടെ പേര് ഓര്‍മ്മിക്കാന്‍ കുറച്ച് നിമിഷങ്ങള്‍ എടുക്കുന്നു. പേര് നാവിന്‍തുമ്പിലുണ്ട്, പക്ഷേ പറയാന്‍ കഴിയുന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍- ‘ഓ… ഇപ്പോള്‍ ഓര്‍മ്മ വന്നു!”. താക്കോല്‍ എവിടെ വെച്ചെന്ന് മറന്നുപോകുന്നു. വീട്ടിലാകെ തിരയുന്നു. ഒടുവില്‍ അത് കണ്ടെത്തുകയും ചെയ്യും.ഇടയ്‌ക്കൊക്കെ ഒരേ ചോദ്യം വീണ്ടും ചോദിച്ചേക്കാം. പക്ഷേ മറുപടി പറഞ്ഞാല്‍ കാര്യം മനസ്സിലാകുകയും പിന്നീട് ഓര്‍മ്മിക്കുകയും ചെയ്യും.

ഏറ്റവും പ്രധാനമായി ദൈനംദിന ജീവിതത്തിലെ പതിവ് കാര്യങ്ങള്‍ സ്വതന്ത്രമായി ചെയ്യാന്‍ കഴിയും. പണം കൈകാര്യം ചെയ്യാനും, മരുന്നുകള്‍ കൃത്യമായി കഴിക്കാനും, വീട്ടിലെ കാര്യങ്ങള്‍ നോക്കിനടത്താനും, സാധാരണ തീരുമാനങ്ങള്‍ എടുക്കാനും ബുദ്ധിമുട്ടുണ്ടാകില്ല. ഇത്തരം ചെറിയ മറവികള്‍ പ്രായം കൂടുന്നതിനൊപ്പം ഉണ്ടാകാം. പലപ്പോഴും വ്യക്തിക്ക് സ്വന്തം മറവിയെക്കുറിച്ച് ബോധമുണ്ടാകും.

ആ വ്യക്തിയുടെ പേര് എന്തായിരുന്നു?”
ഒരിക്കല്‍ വളരെ പരിചിതമായിരുന്ന പേരുകള്‍ പോലും വീണ്ടും വീണ്ടും മറക്കാന്‍ തുടങ്ങുന്നു. വാക്കുകള്‍ ഓര്‍മ്മയില്‍ നിന്ന് പതുക്കെ മാഞ്ഞുപോകുന്നു.
താക്കോല്‍ എവിടെ വെച്ചെന്ന് മറക്കുന്നത് മാത്രമല്ല…താക്കോല്‍ എന്തിനാണ് ഉപയോഗിക്കുന്നത് എന്നുപോലും മറക്കാന്‍ തുടങ്ങാം.ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നു. ഒരേ കഥ… ഒരേ സംഭാഷണം… പലതവണ ആവര്‍ത്തിക്കുന്നു. ഓരോ തവണയും അത് ആദ്യമായിട്ടെന്ന പോലെ.പതിവായി ചെയ്തിരുന്ന കാര്യങ്ങള്‍ പോലും ബുദ്ധിമുട്ടാകുന്നു.പണം കൈകാര്യം ചെയ്യാന്‍ പ്രയാസം.മരുന്നുകള്‍ കൃത്യമായി കഴിക്കാന്‍ മറക്കുന്നു. പരിചിതമായ പാചകരീതി പോലും പിന്തുടരാന്‍ കഴിയാതെ വരുന്നു.പതുക്കെ തീരുമാനമെടുക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ബുദ്ധിമുട്ട് തുടങ്ങുന്നു.ഒരിക്കല്‍ സ്വതന്ത്രമായി ചെയ്തിരുന്ന ദൈനംദിന കാര്യങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്നു.പലപ്പോഴും ഈ മാറ്റങ്ങള്‍ ആദ്യം തിരിച്ചറിയുന്നത് രോഗിയല്ല…അടുത്തുള്ള കുടുംബാംഗങ്ങളായിരിക്കും. ഇതാണ് സാധാരണ പ്രായാധിഷ്ഠിത മറവിയില്‍ നിന്ന് പ്രധാനമായും വ്യത്യസ്തമാകുന്നത്.

പ്രായം കൂടുമ്പോള്‍ ചെറിയ മറവികള്‍ സ്വാഭാവികമായേക്കാം.പക്ഷേ മറവി ജീവിതത്തെ നിയന്ത്രിക്കാന്‍ തുടങ്ങുമ്പോള്‍, അത് വെറും വാര്‍ദ്ധക്യമാണെന്ന് കരുതി അവഗണിക്കരുത്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് മറവിയുടെ അളവല്ല. അത് ദൈനംദിന ജീവിതത്തെ എത്രമാത്രം ബാധിക്കുന്നു എന്നതാണ്. ”താക്കോല്‍ എവിടെ വെച്ചെന്ന് മറന്നു” എന്നത് സാധാരണ മറവിയായിരിക്കാം. പക്ഷേ”താക്കോല്‍ എന്തിനാണ് ഉപയോഗിക്കുന്നത്?” എന്നത് പോലും മറക്കാന്‍ തുടങ്ങുന്നത് കൂടുതല്‍ ഗൗരവമായി കാണേണ്ടതാണ്. അതുപോലെ, പരിചിതമായ സ്ഥലങ്ങളില്‍ വഴിതെറ്റുക, പതിവ് ജോലികള്‍ ചെയ്യാന്‍ കഴിയാതെ വരിക, വ്യക്തിത്വത്തിലോ പെരുമാറ്റത്തിലോ വ്യക്തമായ മാറ്റം ഉണ്ടാകുക, അടുത്തിടെ നടന്ന കാര്യങ്ങള്‍ തുടര്‍ച്ചയായി മറക്കുക, തുടങ്ങിയവയുണ്ടെങ്കില്‍ അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള ഡിമെന്‍ഷ്യയ്ക്കുള്ള വിലയിരുത്തല്‍ ആവശ്യമാണ്.

ഡിമെന്‍ഷ്യ എന്നാല്‍ ഓര്‍മ്മക്കുറവ് മാത്രം അല്ല. ഓര്‍മ്മയ്ക്കൊപ്പം ചിന്താശേഷി, ഭാഷ, ശ്രദ്ധ, തീരുമാനമെടുക്കല്‍, പ്രശ്‌നപരിഹാരം, പെരുമാറ്റം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും ക്രമേണ മാറ്റങ്ങള്‍ ഉണ്ടാകാം.”ഓര്‍മ്മക്കുറവ് ഉണ്ടെന്ന് കരുതി ഉടന്‍ ഡിമെന്‍ഷ്യ എന്ന് തീരുമാനിക്കരുത്. ചിലപ്പോള്‍ കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ ഓര്‍മ്മയും ചിന്താശേഷിയും മെച്ചപ്പെടാം.” മറവിക്ക് ഡിമെന്‍ഷ്യ മാത്രമല്ല കാരണം. ചില മരുന്നുകള്‍, ഉറക്കപ്രശ്‌നങ്ങള്‍, വിഷാദം, അമിതമായ സമ്മര്‍ദ്ദം, മദ്യപാനം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, നിര്‍ജ്ജലീകരണം, ചില മെറ്റബോളിക് പ്രശ്‌നങ്ങള്‍ ( Metabolic Dissorders) , അണുബാധകള്‍, NPH പോലുള്ള ചില മസ്തിഷ്‌ക പ്രശ്‌നങ്ങള്‍, ചില പോഷകക്കുറവുകള്‍ തുടങ്ങിയ ചികിത്സിക്കാവുന്ന കാരണങ്ങളും ഉണ്ടാകാം

ഞാന്‍ ചില കാര്യങ്ങള്‍ മറക്കുന്നതാണോ…
അതോ ഈ മറവി എന്റെ ജീവിതത്തെ മാറ്റിത്തുടങ്ങിയോ?”
മറവി കൂടിവരുകയോ, ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്യുന്നുവെങ്കില്‍ ”ഇത് പ്രായത്തിന്റെ ഭാഗമാണ്” എന്ന് കരുതി കാത്തിരിക്കരുത്.

മറവിയെ ഭയക്കേണ്ടതില്ല. പക്ഷേ അതിന്റെ മുന്നറിയിപ്പുകളെ അവഗണിക്കരുത്. നേരത്തെ തിരിച്ചറിയുന്നത് ചികിത്സയ്ക്കും പിന്തുണയ്ക്കും മാത്രമല്ല-സ്വാതന്ത്ര്യവും ആത്മാഭിമാനവും ജീവിതനിലവാരവും കഴിയുന്നത്ര കാലം സംരക്ഷിക്കാനുള്ള അവസരവുമാണ്.”ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങുമ്പോള്‍ കാത്തിരിക്കരുത്. കാരണം ചിലപ്പോള്‍ നേരത്തെയുള്ള ഒരു തിരിച്ചറിവ്… ഒരു ജീവിതത്തിന്റെ ശേഷിക്കുന്ന വര്‍ഷങ്ങളെ തന്നെ മാറ്റിമറിച്ചേക്കാം.’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ