ലോകത്തിന്റെ ഏത് കോണിലായാലും മലയാളികൾ ഒരു മനസ്സോടെ ഒരു കുടക്കീഴിൽ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഒരേ ഒരു ഉത്സവമേ ഉള്ളൂ ഓണം. അമേരിക്കൻ മലയാളികളുടെ ഓണം മാസങ്ങളോളം നീളുന്നു.
ഒരേ നഗരത്തിൽ തന്നെ പല പേരുകളിൽ മലയാളി സംഘടനകൾ പ്രവർത്തിക്കുന്നതിനാൽ പലവട്ടം ഓണസദ്യ ഉണ്ണുവാനുള്ള ഭാഗ്യം അമേരിക്കൻ മലയാളികൾക്കുണ്ട്.
ചെറിയ പടല പിണക്കങ്ങൾ മൂലം വഴിപിരിഞ്ഞവർ, മനോഹരമായി അലങ്കരിച്ച ഒരു പൂക്കളം പോൽ ഒരേ വേദിയിൽ ഒരുമിക്കുന്നത് കാണുന്നത് സന്തോഷമുള്ള കാഴ്ച ആണ്.
ഭാരവാഹികൾ മാറി വന്നാലും ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇതൊന്നും ബാധകമല്ല.
പരമ്പരാഗത ഓണക്കോടികൾ അണിഞ്ഞ് അവർ ഒന്നിക്കുന്നു. ജാതി,മത വർഗ്ഗ,വർണ്ണ,വ്യത്യാസം ഇല്ലാതെ ഒരേ ഇലയിൽ വിളമ്പുന്ന സദ്യ അവർ ആസ്വദിക്കുന്നു.
*ഓണസദ്യ.*
_—————–
ആഘോഷങ്ങൾ കഴിഞ്ഞാലും ഓർമ്മയിൽ തങ്ങിനിൽക്കുന്നത് ഓണസദ്യയുടെ രുചിയാണ്. ലഭ്യതയനുസരിച്ച് ഓണസദ്യ ഇലകളിൽ വിളമ്പുന്നതാണ് അഭികാമ്യം. ഉപ്പേരി, ശർക്കര പെരട്ടി, പപ്പടം, എരിശ്ശേരി,പുളിശ്ശേരി, സാമ്പാർ,അവിയൽ, ഇഞ്ചി കറി,രസം, ഇങ്ങനെ വിഭവങ്ങൾ നീളുന്നു. തുടർന്ന് ചൂടോടെ വിളമ്പുന്ന ചോറിനൊപ്പം പരിപ്പും നെയ്യും. അവസാനം അടപ്രഥമനും ശർക്കര പായസവും കൂടി ആകുമ്പോൾ സദ്യ പ്രമാദം.
വിഭവങ്ങളുടെ എണ്ണത്തിനൊപ്പം ശ്രദ്ധിക്കേണ്ട കാര്യമാണ് സദ്യ സമയബന്ധിതമായും ചൂടോടെയുംവിളമ്പുക എന്നുള്ളത്. മണിക്കൂറുകളോളം കാത്തിരുന്നതിനു ശേഷം തണുത്ത ചോറും കറികളും കഴിക്കുന്നത് ആസ്വാദ്യത കുറയ്ക്കും.
*മഹാബലിയുടെ എഴുന്നള്ളത്ത്.*
————————–.
തന്റെ പ്രജകളെ കാണുവാൻ ആണ്ടിലൊരിക്കൽ എഴുന്നള്ളുന്ന മാവേലി തമ്പുരാന് ഉചിതമായ ഒരു വരവേൽപ്പ് നൽകിയില്ലെങ്കിൽ എന്ത് ഓണാഘോഷം?
താലപ്പൊലി മുത്തുക്കുട ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന മഹാബലിയുടെ എഴുന്നള്ളത്ത്. ചെണ്ടയുടെ താളവും താലപ്പൊലിയുടെ വർണ്ണാഭമായ കാഴ്ചയും നമ്മുടെ മനസ്സിനെ മലയാളക്കരയിലേക്ക് ഒരിക്കൽ കൂടി മടക്കിക്കൊണ്ടു പോകുന്നു.
ആഘോഷങ്ങൾ നിയമമനുവദിച്ചിട്ടുള്ള അതിരുകൾക്കുള്ളിൽ തന്നെയാവട്ടെ! സമീപവാസികൾക്ക് ഇതൊരു അരോചകമായി അനുഭവം ആകാതിരിക്കട്ടെ!
*നിലവിളക്ക്* .
———————–.
ഒരു പരിപാടിയുടെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി ആരംഭിക്കുന്നത് നമ്മുടെ പാരമ്പര്യത്തിന്റെ മനോഹരമായ ഒരു ഭാഗമാണ് എന്നാൽ ഏഴു തിരിയുള്ള നിലവിളക്കിൽ എഴുപത് പേർ തിരി തെളിയിക്കണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല. ക്ഷണിക്കപ്പെട്ട പ്രധാന അതിഥികൾക്കും സംഘാടകരുടെ പ്രതിനിധികൾക്കും ചേർന്ന് ലളിതമായും, അങ്ങയോടയും, ഈ കർമ്മം നിർവഹിക്കുന്നതല്ലേ കൂടുതൽ അഭികാമ്യം?.
*ഓണ സന്ദേശങ്ങൾ*
———————————
ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർ നീണ്ട പ്രസംഗങ്ങൾ കേൾക്കാൻ അല്ല വരുന്നത്. ഓണത്തിന്റെ ചരിത്രം പറഞ്ഞു ആവർത്തനവിരസത ഉണ്ടാക്കരുത്. കുട്ടികൾക്കുവേണ്ടി വേണമെങ്കിൽ ഒരു ചെറിയ ഡോക്യുമെന്ററി തയ്യാറാക്കാം. ( അവരത് ശ്രദ്ധിച്ചില്ലെങ്കിൽ തന്നെയും.)
ഓണത്തിന്റെ സന്തോഷവും സദ്യയുടെ രുചിയും കലാപരിപാടികളുടെ ആസ്വാദനവുമാണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. അതിനിടെ അരോചകമായ പ്രസംഗങ്ങൾ ഒരു കല്ലുകടി ആവരുത്. വേദിയിലെ പ്രസംഗകരുടെ എണ്ണം പരമാവധി ചുരുക്കണം.
പലരും നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുള്ളത് പോലെ അമേരിക്കയിലെ പഞ്ചായത്ത് തല മുതൽ പാർലമെന്റിലേക്ക് വരെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഒരു പരേഡ് ആയി നമ്മുടെ സമ്മേളനങ്ങൾ മാറരുത്. ഇവരിൽ പലരും ഭാരവാഹികളുമായും ബന്ധപ്പെട്ട ഒരു സെൽഫ് ഇൻവിറ്റേഷൻ നടത്താറുണ്ടെന്ന് അറിയുവാൻ കഴിയും. ഇവരോട് എനിക്ക് വിനീതമായ ഒരു അഭ്യർത്ഥനയുണ്ട് അമേരിക്കയിൽ ഓണം ഒരു ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ദയവായി ഒരു ബില്ലും നിയമസഭകളിൽ അവതരിപ്പിക്കരുത്. ഇപ്പോൾതന്നെ ഈ അവധി കാര്യത്തിൽ ആവശ്യത്തിലേറെ തലവേദന നമ്മുടെ പ്രതിനിധികൾ നൽകുന്നുണ്ട്.
*നുഴഞ്ഞുകയറ്റക്കാർ* .—————————————.
ഒരു ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ വലിയ സാമ്പത്തിക ചിലവുണ്ട് ഓഡിറ്റോറിയം,വാടക, ഭക്ഷണം,രംഗ സംവിധാനം, തുടങ്ങി നിരവധി ഇനങ്ങൾ.
സംഘാടകർ നിശ്ചയിച്ചിരിക്കുന്ന മിതമായ പ്രവേശന ഫീസ് നൽകാതെ അവരുടെ കണ്ണുവെട്ടിച്ച് അകത്തുകടക്കുന്ന നുഴഞ്ഞുകയറ്റക്കാർ ഇക്കാലത്തും ധാരാളമുണ്ടെന്ന് പല ഭാരവാഹികളും വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സാമ്പത്തിക സഹായഹസ്തം നീട്ടുന്ന സ്പോൺസർമാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് ന്യായമായ ഒരു കടമയാണ്. ആദരവ് അതിരുകടന്ന് പരിപാടിയുടെ സമയക്രമത്തിന്റെ താളം തെറ്റാതിരിക്കാൻ സംഘാടകർ ശ്രദ്ധിക്കുക.
*ശുചി മുറി ഉപയോഗം.*
————————————
വലിയ ജനപ്രതിനിധികൾ ഉള്ള പരിപാടികളിൽ ശുചിമുറി സൗകര്യങ്ങൾ പലപ്പോഴും പരിമിതമായിരിക്കും. മറ്റുള്ളവരെ കൂടി പരിഗണിച്ച് ടോയ്ലറ്റ് വൃത്തിയായി സൂക്ഷിക്കണം. ഫോണിലെ മെസ്സേജ് നോക്കുന്നതും ഫേസ്ബുക്കിൽ കൂടി കണ്ണോടിക്കുന്നതും വീട്ടിൽ ചെന്നിട്ട് പോരെ? ചുരുക്കത്തിൽ നമുക്ക് പിന്നാലെ വരുന്നയാൾക്കും ഇതേ സൗകര്യം ഉപയോഗിക്കുവാൻ ഉണ്ട് എന്ന ബോധത്തോടെ നമ്മുടെ എയർ ഇന്ത്യ ടോയ്ലറ്റ് സംസ്കാരം ഉപേക്ഷിക്കണം.
*ഒരു ചെറിയ കരുതൽ.*
————————————–
ആഘോഷ പരിപാടികൾ പലപ്പോഴും മണിക്കൂറുകളോളം നീണ്ടുനിൽക്കും. കുട്ടികൾക്കും മുതിർന്നവർക്കും ദൂരത്തു നിന്നുള്ള കുടുംബങ്ങൾക്കും ഇതിൽ പങ്കെടുക്കുമ്പോൾ ലഘുഭക്ഷണവും കുടിവെള്ളവും ( കാൻഡി, സോഡാ കോഫി.) ലഭ്യമാക്കേണ്ടത് പ്രധാനമാണ്. ഇതിനായി ഔട്ട്സൈഡ് വിൻഡോസ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
*പാർക്കിംഗ്.*
———————
പാർക്കിംഗ് കാര്യത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചിലപ്പോൾ സൗകര്യപ്രദമായ ഒരു സ്ഥലം കണ്ടാൽ മറ്റൊരു വാഹനത്തിന് പുറത്തേക്ക് പോകുവാൻ തടസ്സമാകും എന്ന് ചിന്തിക്കാതെ വാഹനം പാർക്ക് ചെയ്യുന്ന ഒരു പ്രവണത കാണുന്നുണ്ട്.
ഏതുസമയത്തും അടിയന്തര സാഹചര്യമുണ്ടാകും മറ്റു പൊതു ഇടങ്ങളിൽ പാർക്കിംഗ് നിർദ്ദേശങ്ങൾ കർക്കശമായി പാലിക്കുന്ന മലയാളികൾ അവർ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ ഈ നിർദ്ദേശം കൃത്യമായി പാലിക്കാറില്ല.
“കുറച്ചുനേരത്തേക്ക് അല്ലേ ” എന്ന നമ്മുടെ മനോഭാവം മറ്റുള്ളവർക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. നമ്മുടെ അശ്രദ്ധ മറ്റുള്ളവരുടെ ദുരിതത്തിന് കാരണമാകാതിരിക്കട്ടെ.
അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷങ്ങൾ നമ്മുടെ സംസ്കാരത്തിന്റെയും, പാരമ്പര്യത്തിന്റെയും, അഭിമാനകരവുമായ പ്രതീകങ്ങളാണ്. എന്നാൽ പാരമ്പര്യം സംരക്ഷിക്കുന്നതിനൊപ്പം കാലത്തിനും, സാഹചര്യത്തിനും, അനുയോജ്യമായ മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ നമ്മൾ തയ്യാറാവണം.
ഈ വർഷം ഇതിനോടകം 5 ഓണസദ്യ ആസ്വദിച്ചു കഴിഞ്ഞു. എല്ലാം ഒന്നിനൊന്നു മെച്ചം. ചെറുതും വലുതുമായ എല്ലാ ആഘോഷങ്ങളുടെയും സംഘാടകർക്ക് നന്ദി. അവരുടെ ആത്മാർത്ഥതക്കും അർപ്പണബോധത്തിനും കഠിനപ്രയത്നത്തിനും ഒരു ബിഗ് സല്യൂട്ട്.!
നമ്മുടെ മനസ്സിൽ കുടുംബങ്ങളിൽ സമൂഹത്തിൽ എന്നും ഓണത്തിന്റെയും നന്മകളുടെയും വർണ്ണപ്രപഞ്ചം പ്രകാശം പരത്തട്ടെ!
ഒരുമയോടും ആഘോഷങ്ങൾ തുടരാം ഒരിക്കൽ കൂടി എല്ലാവർക്കും ഓണാശംസകൾ!!!
(നിരീക്ഷണം)



