മുറ്റത്ത് വിരിയുന്ന പൂക്കളം കാണാൻ
മാവേലി തമ്പുരാൻ എത്തിടുന്നു
തുമ്പയും തെച്ചിയും മുക്കുറ്റിയും
ചേർത്ത്
ചന്തത്തിൽ ചാർത്തിയ പൂക്കളവും !
പൂക്കൾതൻ ഗന്ധവും പേറി
വരുന്നൊരു
മന്ദാനിലൻ പാട്ട് മൂളുന്നുണ്ട്
കസവുടയാടയണിഞ്ഞും കൊണ്ട്
മാലോകർ മോദത്താൽ പാടുന്നുണ്ട് !
പൂവേ പൊലി പാട്ടുകൾ കേൾക്കുന്നു
ദൂരെ
ഊഞ്ഞാലിൽ ആടുന്നു കുട്ടികൾ ചാരെ
സദ്യതൻ രുചിയും പായസ മധുരവും
നാവിന്മേൽ തത്തിക്കളിക്കുന്നുണ്ട്!
തുമ്പികൾ തുള്ളുന്ന മുറ്റത്ത് നിൽപ്പൂ
മുല്ലപ്പൂ ചൂടിയ പെൺകൊടിമാർ
താളത്തിൽ മേളത്തിൽ
കുമ്മിയടിച്ചുള്ള
കൈകൊട്ടിക്കളിയും കേമമല്ലോ !
അകലത്തായ് വാഴുന്ന
പ്രിയമുള്ളോരെല്ലാം
അരികിലണയുന്ന തിരുവോണനാൾ
ഒരുമതൻ സന്ദേശം പകരുന്നുണ്ട്
ഓണത്തിൻ കാഴ്ചകൾ
തെളിയുന്നുണ്ട് !




സുന്ദരമായ ഓണക്കവിത🤝✍️ ഓണാശംസകൾ🏵️🌹❤️🥰
നന്നായിട്ടുണ്ട്