“ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റൊന്ന് കറികൾക്ക് തുല്യം” എന്ന പഴഞ്ചൊല്ല് മലയാളികൾക്കിടയിൽ പ്രസിദ്ധമാണ്. ഓണസദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നായ ഇഞ്ചിക്കറി, മധുരവും പുളിയും എരിവും ഒരുപോലെ സമന്വയിക്കുന്ന രുചിക്കൂട്ടാണ്. ദഹനത്തിന് സഹായകമായ ഈ വിഭവം സദ്യയുടെ രുചി പൂർണമാക്കുന്നു.
ആവശ്യമായ സാധനങ്ങൾ
===========
ഇഞ്ചി – 100 ഗ്രാം
പുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പം
ശർക്കര – 2 ടേബിൾസ്പൂൺ(താല്പര്യമുണ്ടെങ്കിൽ മാത്രം )
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉലുവ – ¼ ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
=================

ഇഞ്ചി തൊലി കളഞ്ഞ് ചെറുതായി അരിയുക. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി നന്നായി തവിട്ടുനിറമാകുന്നതുവരെ വറുത്തെടുക്കുക. വറുത്ത ഇഞ്ചിയുടെ നന്നായി അരച്ച് മാറ്റിവയ്ക്കുക. പുളി വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞ് പുളിവെള്ളം തയ്യാറാക്കുക. ചട്ടിയിൽ കടുക് പൊട്ടിച്ച് ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ മൂപ്പിക്കുക. തുടർന്ന് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ചെറുതായി ഇളക്കുക. ഇതിലേക്ക് പുളിവെള്ളം, ശർക്കര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. ശേഷം അരച്ച ഇഞ്ചിയും ബാക്കി വറുത്ത ഇഞ്ചിയും ചേർത്ത് മിതമായ തീയിൽ കുറുകുന്നതുവരെ വേവിക്കുക. എണ്ണ തെളിഞ്ഞ് കറി കട്ടിയാകുമ്പോൾ തീ അണയ്ക്കുക.
ഓണസദ്യയുടെ രുചിക്ക് മിഴിവേകുന്ന ഇഞ്ചിക്കറി, പരമ്പരാഗത കേരള പാചകത്തിന്റെ അഭിമാന വിഭവമാണ്.
തയ്യാറാക്കിയത്: ദീപ ആർ അടൂർ




ഇഞ്ചിക്കറി ഏറെയിഷ്ടം😋🥰 സൂപ്പർ ആയിട്ടുണ്ട് ദീപ ടീച്ചറേ🤝 ഓണാശംസകൾ🌹❤️😊
😋