Monday, September 28, 2026
Homeഅമേരിക്കത്രിവർണ്ണപ്പതാകയുടെ തണലിൽ... ചെറുത്തുനിൽപ്പും സാഹോദര്യവും അടിയറവുവെക്കാതെ ഭാരതം.

ത്രിവർണ്ണപ്പതാകയുടെ തണലിൽ… ചെറുത്തുനിൽപ്പും സാഹോദര്യവും അടിയറവുവെക്കാതെ ഭാരതം.

ഡാളസ്: ബ്രിട്ടീഷ് ആധിപത്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് കണ്ണുതുറന്നിട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, സ്വാതന്ത്ര്യമെന്നത് കേവലം ഒരു ഭരണമാറ്റം മാത്രമല്ലെന്നും സഹനത്തിന്റെയും ത്യാഗത്തിന്റെയും ചോരയിലെഴുതപ്പെട്ട ആ ചരിത്രം നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ കഴിഞ്ഞ ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരമാണെന്നും രാജ്യം വീണ്ടും ഓർക്കുകയാണ്.

വെളുത്ത യൂണിഫോം അണിഞ്ഞ്, മഴത്തുള്ളികൾ വീണുകുതിർന്ന ഓഗസ്റ്റ് മാസത്തിലെ പ്രഭാതങ്ങളിൽ ആവേശത്തോടെ സ്കൂളുകളിലേക്ക് നടന്നുപോയ ബാല്യകാലമാണ് ഏതൊരു ഭാരതീയന്റെയും മനസ്സിലേക്ക് ‘സ്വാതന്ത്ര്യദിനം’ എന്ന വാക്ക് ഓടിയെത്തിക്കുന്നത്. വാനോളമുയരുന്ന ദേശീയഗാനവും പ്രധാനാധ്യാപകൻ ഉയർത്തുന്ന ത്രിവർണ്ണപ്പതാകയിൽനിന്ന് താഴേക്ക് വീഴുന്ന പൂവിതളുകളും നൽകിയ രാജ്യസ്നേഹത്തിന്റെ ആഴം വാക്കുകൾക്ക് അതീതമായിരുന്നു. അന്നത്തെ പ്രസംഗ-രചനാ മത്സരങ്ങളും കായികവിനോദങ്ങളും ജയപരാജയങ്ങൾക്കപ്പുറം സാഹോദര്യത്തിന്റെ വലിയ പാഠങ്ങളാണ് പകർന്നുനൽകിയത്.

എന്നാൽ, സ്കൂൾതലത്തിൽനിന്ന് കോളേജ് ജീവിതത്തിലേക്ക് കടന്നതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പുതിയൊരു രാഷ്ട്രീയബോധ്യം കൈവന്നു. പൗരന്റെ അവകാശങ്ങളുമായും ഉത്തരവാദിത്തങ്ങളുമായും ബന്ധപ്പെട്ട ചൂടുപിടിച്ച ചർച്ചകൾക്കും സംവാദങ്ങൾക്കും ക്യാമ്പസുകൾ വേദിയായി. വിപ്ലവകരമായ ചുവരെഴുത്തുകളും തെരുവുനാടകങ്ങളും മനുഷ്യച്ചങ്ങലകളും യുവത്വത്തിന്റെ ചോദ്യം ചെയ്യലുകളുടെ അടയാളങ്ങളായി മാറി.

സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന ഈ കാലഘട്ടത്തിലും ഉത്കണ്ഠയുണർത്തുന്ന സംഭവവികാസങ്ങളാണ് രാജ്യത്ത് നടന്നത്. യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കുന്ന വ്യവസ്ഥിതികൾക്കും അനീതികൾക്കും അഴിമതിക്കുമെതിരെ യുവത തെരുവിലിറങ്ങുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

NEET ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടുകളും കാരണം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായതോടെയാണ് വിദ്യാർത്ഥിസമൂഹം പ്രക്ഷോഭത്തിലേക്ക് തിരിഞ്ഞത്. ഡൽഹിയിലെ ജന്തർ മന്ദിറിൽ അരങ്ങേറിയ യുവജന പ്രക്ഷോഭവും പാർലമെന്റിലേക്ക് നടന്ന മാർച്ചും ഉപവാസസമരങ്ങളും വലിയ തരംഗം സൃഷ്ടിച്ചു. ഈ സമരത്തിനിടയിൽ പെൺകുട്ടികൾക്കെതിരെ നടന്ന ക്രൂരമായ ആക്രമണങ്ങൾക്കെതിരെയും രാജ്യത്തുടനീളം വലിയ പ്രതിഷേധമുയർന്നു.

മറുവശത്ത്, പ്രകൃതികോപത്തിന്റെ അതിരൂക്ഷമായ പ്രഹരത്തിൽ ഗ്രാമങ്ങളും വീടുകളും മുങ്ങിത്താഴുമ്പോൾ, രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലേക്ക് കടന്നുവന്ന് നാടിന്റെ കാവലാളാവുകയാണ് ഇന്ന് ഓരോ ഭാരതീയനും. ദുരന്തബാധിതർക്കായി സ്വന്തം വീടുകൾ തുറന്നുകൊടുത്തും അടിയന്തര ആശ്വാസകേന്ദ്രങ്ങൾ കാര്യക്ഷമമായി നടത്തിക്കൊണ്ടും സാധാരണക്കാരായ പൗരന്മാർ മാതൃകയാകുന്നു.

നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ ജീവൻ ബലിയർപ്പിച്ചത് തെറ്റായ ഭരണവ്യവസ്ഥിതികൾക്കെതിരായും, ജാതിക്കും മതത്തിനും അതീതമായ സാഹോദര്യത്തിൽ അടിയുറച്ച ഒരു ഭാവിക്കുവേണ്ടിയുമാണെന്ന് ഈ സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.

“ഓരോ ഭാരതീയനും എന്റെ സഹോദരീസഹോദരന്മാരാണ്” എന്ന പ്രതിജ്ഞ ഹൃദയങ്ങളിൽ കെടാത്ത ജ്വാലയായി സൂക്ഷിച്ച്, ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി ഒന്നിച്ചു മുന്നേറാനാണ് ഈ സ്വാതന്ത്ര്യദിനം നമ്മോട് ആഹ്വാനം ചെയ്യുന്നത്. അതിനായി നമുക്ക് അണിചേരാം. ജയ് ഹിന്ദ്!

ബാബു പി. സൈമൺ, ഡാളസ്

RELATED ARTICLES

1 COMMENT

  1. വന്ദേ13മാതരം🇮🇳🙏 സ്വാതന്ത്ര്യദിനാശംസകൾ🌹❤️😊

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ