Thursday, October 8, 2026
Homeഅമേരിക്കഇഷ്ടം. (കഥ) ✍ ചന്ദ്രശേഖരൻ മുണ്ടൂർ

ഇഷ്ടം. (കഥ) ✍ ചന്ദ്രശേഖരൻ മുണ്ടൂർ

ബസ്സിൽ കൗമാരം നഖം കടിച്ചു നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ അടുത്താണ് എനിക്ക് സീറ്റ് കിട്ടിയത്.
ഞാൻ സഹയാത്രികനെ നോക്കി. ജീൻസും കറുത്ത ഷർട്ടുമിട്ട ഒരു സുന്ദരക്കുട്ടപ്പൻ. നെറ്റിയുടെ വലതു വശത്തേക്ക് ഇറങ്ങിക്കിടക്കുന്ന തലമുടി പുരികത്തെ തലോടിക്കൊണ്ടിരുന്നു. മീശയുടെ കറുപ്പന് കനം വെയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.

ചെറുപ്പക്കാരൻ അല്പം കുനിഞ്ഞിരുന്ന് ചുണ്ടിനോടടുത്ത് പിടിച്ച് മൊബൈൽ ഫോണിനോട് സ്വകാര്യമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. മൊബൈലിൽ ചെറുപ്പക്കാരന് നല്ല സ്വീറ്റ് ശബ്ദത്തിൽ മറുപടിയും കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്.
അതെല്ലാം ചെറുപ്പക്കാരനോട് ചേർന്നിരിക്കുന്ന എനിക്ക് കേൾക്കാം. ഫോൺ പിടിക്കുന്ന രീതി കാണുമ്പോൾ അത് വാട്സാപ് കാളാണെന്ന് മനസ്സിലാക്കാം. ചാറ്റിംഗ് തുടങ്ങിയിട്ട് ഏറെ നേരമായിട്ടുണ്ടെന്ന് ചെറുപ്പക്കാരന്റെ പരിസരബോധമില്ലാത്ത മുഖത്തെ ഭാവരസങ്ങൾ മാറി മറിയുന്നത് കണ്ടാലറിയാം.

ഞാൻ ചെറുപ്പക്കാരനെ ശ്രദ്ധിക്കുന്നില്ലെന്നും ഒന്നും കേൾക്കുന്നില്ലെന്നും നടിച്ച് ഓടിക്കൊണ്ടിരിക്കുന്ന പുറം കാഴ്ച കളിലേക്ക് നോക്കിയങ്ങനെ ഇരുന്നു.

ബസിന്റെ സ്പീഡു പോലെയായിരുന്നു ചാറ്റിംഗ്.
ചിലപ്പോൾ കൂടും. ചിലപ്പോൾ കുറയും. ചിലപ്പോൾ നിമിഷ നേരത്തേക്ക് നിൽക്കും.

ചെറുപ്പക്കാരൻ വീണ്ടും ചോദിച്ചു.
” നിനക്ക് എന്നെ ഇഷ്ടമാണോ?
നീ ഒന്നുകൂടി പറയെടാ , എത്ര കേട്ടാലും മതിയാവുന്നില്ല ടാ ”
മൊബൈലിൽ അവൻ കേട്ടു.
” ഈ ജന്മത്ത് നിന്റെ സംശയം തീരില്ല.
എടാ എനിക്ക് നിന്നെ ഇഷ്ടമാണ്…
ഇഷ്ടമാണ്….. എങ്ങനെയെന്നാണെങ്കിൽ കേട്ടോ. സൂര്യന് ചൂടിനോട് ഇഷ്ടം. ചന്ദ്രന് നിലാവിനോട് ഇഷ്ടം. ഭൂമിക്ക് ജലത്തോട് ഇഷ്ടം. എനിക്ക് നിന്നോട് ഇഷ്ടം.. മണ്ടശിരോമണീ, മതിയോ?”

” ഇഷ്ടാണെങ്കിൽ ഞാൻ വിളിക്കുമ്പോ നീയെന്താ കൂടെ വരാത്തത് ‘?”

” എനിക്കേ, സൂര്യന്റെ മുമ്പിൽ സൂര്യകാന്തിയാവാൻ മനസ്സില്ലാത്തതു കൊണ്ട് . ”
കൂടെ ഒരു പതിഞ്ഞ ചിരിയും.

“അപ്പൊ എന്നോട് ഇഷ്ടമാണെന്നു പറഞ്ഞതോ?”

“ഇഷ്ടത്തിന്റെ പൊരുൾ നിനക്ക് ഇതുവരെ മനസ്സിലായിട്ടില്യാന്ന് മനസ്സിലായി.”

“എനിക്കൊക്കെ മനസ്സിലായി.. ഞാൻ നിന്നോട് മാത്രമേ സംസാരിക്കൂ. അതുപോലെ നീ എന്നോട് മാത്രമേ സംസാരിക്കാൻ പാടൂ . ഞാൻ വിളിച്ചോടത്ത് വരണം . അതാ എന്റെ ഇഷ്ടം . ”

മൊബൈൽ നിശ്ശബ്ദമായി.

ചെറുപ്പക്കാരൻ വീണ്ടും കാളിംഗ് ഐക്കൺ അമർത്തി..
” നിയെന്താ കട്ട് ചെയ്തത് ?”
” ഇഷ്ടമല്ലാത്തതു കൊണ്ട് ”
ഉറച്ച ശബ്ദം കേട്ട്
ചെറുപ്പക്കാരന്റെ ശബ്ദത്തിന് കനം കൂടി. അത് വിറയാർന്നതും അല്പം ഉറക്കെയുമായി.
” അതൊന്നു കൂടെ പറാ…. വെറുതെ വിടില്ല ഞാൻ……”

മൊബൈൽ വീണ്ടും നിശ്ശബ്ദമായെന്നു തോന്നുന്നു.

ചെറുപ്പക്കാരൻ ഉന്മാദിയെപ്പോലെ റീഡയൽ ചെയ്തു കൊണ്ടേയിരുന്നു.

എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പെത്തി.
സീറ്റിൽ നിന്ന് എഴുന്നേറ്റുകൊണ്ട് ഞാൻ ചെറുപ്പക്കാരന്റെ
കാതിൽ ഉറക്കെ മന്ത്രിച്ചു.

” കൊല്ലരുത്. ജീവിച്ചോട്ടെ”

ചന്ദ്രശേഖരൻ മുണ്ടൂർ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ