മോഹൻലാലിന് ശേഷം ഒടിയനാകാനൊരുങ്ങി നടൻ പൃഥ്വിരാജ്. ‘ഒടിയൻ’ എന്ന തൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജ് പുറത്തുവിട്ടു. ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈടെ എന്നീ ഹോറർ ചിത്രങ്ങൾക്കു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായെത്തുന്നത്. രാഹുൽ സദാശിവനൊപ്പം പൃഥ്വിരാജും മഞ്ജു വാര്യരും ഒരുമിക്കുന്നതിനാൽ സിനിമാ പ്രേക്ഷകർക്കും പ്രതീക്ഷകൾ ഏറെയാണ്.
പാന്‍ ഇന്ത്യന്‍ സിനിമയായാണ് ‘ഒടിയന്‍’ പ്രേക്ഷകരിലേക്കെത്തുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രമൊരുങ്ങുന്നത്. ധർമ്മ പ്രൊഡക്ഷൻസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കരൺ ജോഹർ, അദർ പൂനവാല, അപൂർവ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സത്യവും മിഥ്യയും തമ്മിലുള്ള യുദ്ധം. ‘ഒടിയൻ–ദ് ഏജ് ഓഫ് ഇല്യൂഷൻ’ ഉടൻ വരുന്നു- എന്നാണ് പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്ത ഖലീഫ പൂർത്തിയാക്കിയതിന് ശേഷം രാഹുൽ സദാശിവൻ ചിത്രത്തിൽ പൃഥ്വിരാജ് ജോയിൻ ചെയ്യുമെന്നാണ് വിവരം. ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ഹാപ്പിലൂപ്പിൽ അഭിനയിക്കുകയാണ് മഞ്ജു വാര്യർ. ഐ നോബഡി, ഖലീഫ, എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന വരാണസിയിൽ പൃഥ്വിരാജിൻ്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.



