നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.
കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ 9 പകൽ മണിയോടെ ആശുപത്രിയിൽനിന്നും മൃതദേഹം വീട്ടിലെത്തിക്കും.
തുടർന്ന് പൊതുദർശനമുണ്ടാകും. ഉച്ചയോടെ കാളിദാസ കലാകേന്ദ്രത്തിലും പൊതുദർശനമുണ്ടാകും.
വൈകിട്ടോടെ മൃതദേഹം സ്വദേശമായ തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂരിലേക്ക് കൊണ്ടുപോകും.
സംസ്കാരം നാളെ ഏങ്ങൂർ വീട്ടുവളപ്പിൽ നടക്കും.
നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരീ ഭർത്താവാണ്. സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നാടക ആചാര്യനുമായിരുന്ന ഓ മാധവന്റെയും പ്രശസ്ത നാടക വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. മകൻ ദിവ്യദർശനും നടനാണ്.
ഒട്ടേറെ ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള ഇ.എ.രാജേന്ദ്രൻ നാടകങ്ങളും സംവിധാനം ചെയ്തു. 1981ൽ ഗ്രീഷ്മം എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. തുടർന്ന് നീണ്ട ഇടവേളയ്ക്കു ശേഷം, ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് രാജേന്ദ്രന് സിനിമയില്‍ സജീവമാകുന്നത്. പ്രണയവര്‍ണങ്ങള്‍, കാവടിയാട്ടം, നരസിംഹം, പട്ടാഭിഷേകം, മീശ മാധവൻ, തച്ചിലേടത്ത് ചുണ്ടൻ, വാഴുന്നോർ, ദയ തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും അഭിനയിച്ചു. നാടകരംഗത്ത് ഏറെ സജീവമായിരുന്നു അദ്ദേഹം. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും നാടകങ്ങൾ സംവിധാനം ചെയ്തിരുന്നു. ഭാര്യ പിതാവ് ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കൊല്ലത്തെ കാളിദാസ കലാകേന്ദ്രത്തിന്റെ മുഖ്യ പ്രവർത്തകനായിരുന്നു. 1987ല്‍ മികച്ച നാടകത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അാവര്‍ഡ് ലഭിച്ചു.
തൃശൂർ ജില്ലയിലെ തൃത്തല്ലൂർ സ്വദേശിയായ രാജേന്ദ്രൻ, സ്കൂൾ കാലഘട്ടം മുതൽക്കേ നാടകരംഗത്ത് സജീവമായിരുന്നു. തൃത്തല്ലൂർ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനിച്ച അദ്ദേഹം, തൃത്തല്ലൂർ യു.പി സ്കൂളിലെ സാഹിത്യ സമാജം വഴിയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഉയർന്ന വിദ്യാഭ്യാസത്തിന് ശേഷം ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ (NSD) ചേർന്ന അദ്ദേഹം അവിടെ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. തുടർന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ടെലിവിഷൻ കോഴ്സും പൂർത്തിയാക്കി. പഠനത്തിന് ശേഷം നാട്ടിലെത്തിയ ശേഷമായിരുന്നു സന്ധ്യയുമായുള്ള വിവാഹം.



