കോട്ടയം അയർകുന്നം സ്വദേശിയായ പരാതിക്കാരന് ലോൺ എടുക്കുന്ന ആവശ്യത്തിനായി ലൊക്കേഷൻ സ്കെച്ച് അനുവദിക്കുന്നതിന് 700/- രൂപ കൈക്കൂലി വാങ്ങിയ കോട്ടയം അയർകുന്നം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും കോട്ടയം പെരുമ്പായിക്കാട് സ്വദേശിയുമായ ടി.എച്ച് നസറുദ്ദീൻ (53) വിജിലൻസ് ഇന്ന് (18.03.2026) കൈയ്യോടെ പിടികൂടി.
കോട്ടയം അയർകുന്നം സ്വദേശിയായ പരാതിക്കാരന് മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ലോൺ എടുക്കുന്ന ആവശ്യത്തിലേക്ക് പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ ലൊക്കേഷൻ സ്കെച്ച് ആവശ്യമായി വന്നതിനെ തുടർന്ന് പരാതിക്കാരൻ അയർകുന്നം വില്ലേജ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകിയിരുന്നു.
തുടർന്ന് അപേക്ഷയെക്കുറിച്ച് അന്വേഷിക്കുന്നതിനായി പരാതിക്കാരൻ ഇന്ന് രാവിലെ വില്ലേജ് ഓഫീസിൽ എത്തി വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ടി.എച്ച് നസറുദ്ദീൻ നെ നേരിൽ കാണുകയും, നസറുദ്ദീൻ ആവശ്യപ്പെട്ടത് പ്രകാരം സ്ഥലപരിശോധനയ്ക്കായി പരാതിക്കാരന്റെ തന്നെ ഓട്ടോറിക്ഷയിൽ നസറുദ്ദീനെ കൂട്ടി കൊണ്ട് പോവുകയും ചെയ്തിരുന്നു. പരിശോധന പൂർത്തീകരിച്ച് മടങ്ങവെ ഓട്ടോറിക്ഷയിൽ വച്ച് കാര്യങ്ങൾ ശരിയാക്കി നൽകുന്നതിന് എന്നെ കാണേണ്ട പോലെ കാണണമെന്നും, ലൊക്കേഷൻ സ്കെച്ച് അനുവദിക്കുന്നത് 700/- രൂപ കൈക്കൂലി നൽകണമെന്നും നസറുദ്ദീൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് ഓഫീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (18.03.2026) വൈകിട്ട് 04.30 ന് അയർകുന്നം വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 700/- രൂപ കൈക്കൂലി വാങ്ങവേ കോട്ടയം അയർകുന്നം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും കോട്ടയം പെരുമ്പായിക്കാട് സ്വദേശിയുമായ ടി.എച്ച് നസറുദ്ദീനെ (വയസ് 53) വിജിലൻസ് കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
#keralavigilance #trap.



