Wednesday, November 4, 2026
Homeഅമേരിക്കസുമതി വളവിലെ അക്ഷര ജ്യോതിസ്സ് (ഓർമ്മകുറിപ്പ്) ✍ ഉണ്ണിയാശ

സുമതി വളവിലെ അക്ഷര ജ്യോതിസ്സ് (ഓർമ്മകുറിപ്പ്) ✍ ഉണ്ണിയാശ

പഴയ തലമുറയിലെ മണികണ്ഠപുരം നിവാസികൾ മറക്കാനിടയില്ലാത്ത ഒരു പേരാണ് സുമതി ടീച്ചറുടേത്. എൻ്റെ മകൾ ഉൾപ്പെടെ ഒട്ടേറെ കുട്ടികൾക്ക് അറിവിൻ്റെ ആദ്യാക്ഷരം പകർന്നു നൽകിയ ആൾ. എൻ്റെ തലമുറയ്ക്കു മുന്നേ തന്നെ ആക്ഷര ജ്യോതി പകർന്നു തുടങ്ങിയ ആൾ. ആശാൻ കളരിയുടെ കുറച്ചുകൂടി പരിഷ്കൃത രൂപമായിരുന്നു സുമതി ടീച്ചറുടെ പാഠശാല.
മണികണ്ഠപുരത്തുനിന്ന് നാട്ടുവാ തോടു കടന്ന് ഞാലിയാകുഴിയിൽ എത്താൻ ഒരു റോഡുണ്ട്. പണ്ടത്തെ ശോഷിച്ച ആ മൺപാതയും മഴക്കാലങ്ങളിൽ അതിനെ കീറിമുറിച്ച് സമൃദ്ധമായി ഒഴുകുന്ന നാട്ടുവാ തോടും നാടിൻ്റെ അടയാളങ്ങളായിരുന്നു. വഴിയുടെ തുടക്കത്തിൽ തന്നെ ഒരു നല്ല വളവുണ്ട് . പാതയുടെ ഒരു വശം മരങ്ങൾ നിറഞ്ഞ പറമ്പും മറുവശത്ത് പാടവും.
ആ വളവിലായിരുന്നു സുമതി ടീച്ചറുടെ വീട്.

നാട്ടുവാ തോട് മഴക്കാലങ്ങളിൽ മാത്രം സജീവമായി ഒഴുകുന്ന തോടായിരുന്നു. ഇടതിങ്ങിയ കുറ്റിച്ചെടികൾ നിറഞ്ഞ ചെമ്മൺ പാതയ്ക്ക് കുറുകെ ഒഴുകുന്ന തോട്. പണ്ട് കദളിയും മറ്റു പല ചെടികളും തിങ്ങിവളർന്നിരുന്ന ഇവിടെ നിന്നാണ് ഓണക്കാലത്ത് പൂക്കളം ഒരുക്കാനായ് പൂക്കൾ പറിച്ചിരുന്നത്. പ്രമാദമായ മണിയമ്മ കൊലപാതകത്തിനു ശേഷം കുട്ടികളായിരുന്ന ഞങ്ങൾക്ക് അവിടം പേടിസ്വപ്നം ആയി.

ഓലമേഞ്ഞ ചെറിയ മൺകുടിലിൽ ടീച്ചറും അമ്മയും സഹോദരിയുടെ കുട്ടിയും ആയിരുന്നു താമസക്കാർ. മണികണ്ഠപുരത്തും പരിസര പ്രദേശത്തും ഉള്ള കുഞ്ഞുമക്കളെ അക്ഷരം പഠിപ്പിക്കുന്ന കളരി മാത്രമല്ല, ചെറിയ കുട്ടികളുടെ ട്യൂഷൻ ക്ലാസും കൂടിയായിരുന്നു സുമതി ടീച്ചറുടെ വീട്. വരാന്തയിലെ ബഞ്ചിലും തിണ്ണയിലും പടിക്കെട്ടിലുമൊക്കെ ഇരിക്കാൻ തിരക്കുകൂട്ടിയിരുന്ന കുട്ടികൾ നിത്യക്കാഴ്ചയായിരുന്നു. ടീച്ചറും അമ്മയും അറിവും അക്ഷരങ്ങളും വാത്സല്യവും വാരിക്കോരി കുട്ടികൾക്കു നൽകിയെങ്കിലും ടീച്ചറുടെ വീട്ടിൽ ഒരിക്കൽ പോലും ആഡംബരമോ പരിഷ്ക്കാരമോ എനിക്കു കാണാനായിട്ടില്ല.

നാട്ടിലെ പെണ്ണുങ്ങളെല്ലാം മംഗളം, സഖി,മനോരമ ഒക്കെ വായിച്ചിരുന്ന കാലത്ത്, ടീച്ചർ മാത്രം നാട്ടിലെ ഏക ലൈബ്രറിയായ പ്രോഗ്രസീവ് ക്ലബ് & ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വായിച്ച് അവരിൽ നിന്നൊക്കെ വേറിട്ടു നിന്നു.
.
അടുത്ത കാലത്തിറങ്ങിയ സുമതി വളവ് എന്ന സിനിമ പ്രതികാര ദാഹിയായ സുമതിയുടെ കഥയാണ് പറയുന്നതെങ്കിൽ, നൂറുകണക്കിന് കുട്ടികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ ചരിത്രമാണ് ഞങ്ങളുടെ സുമതി വളവിൻ്റെത്. കുട്ടികളും വഴികളും വളർന്നു. വളവ് നിവർന്നു. ചെമ്മൺ പാത ടാർ റോഡ് ആയി. സുമതി ടീച്ചർ കുറച്ചകലേക്ക് താമസം മാറ്റി. പിന്നീട് കുറച്ചു കാലത്തിന് ശേഷം ടീച്ചറും ഓർമ്മയായി.

സ്നേഹമുള്ള സൗമ്യയായ സുമതി ടീച്ചർ പകർന്ന അക്ഷര ജ്യോതിസ്സാണ് ഇവിടുത്തെ സുമതി വളവിനെ ഓർക്കുമ്പോൾ മനസുകളിൽ ജ്വലിക്കുന്നത്. ഇക്കഴിഞ്ഞ വിജയദശമി നാളിൽ കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്ന ചിത്രങ്ങൾ കണ്ടപ്പോൾ ഓർമ്മകളിൽ സുമതി ടീച്ചറും നിറവാർന്ന് നിന്നു.
ഈ കുറിപ്പ് സുമതി ടീച്ചറിന് ആദരപൂർവ്വം സമർപ്പിക്കുന്നു.

ഉണ്ണിയാശ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ